വിശുദ്ധ ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികളുടെ ശേഖരവുമായി മര്‍കസ്

  Posted on: December 21, 2014 10:04 pm | Last updated: December 21, 2014 at 10:04 pm

  laibery Storyമര്‍കസ് നഗര്‍: അച്ചടി സംവിധാനം ലഭ്യമല്ലാത്ത കാലത്ത് പൂര്‍വിക പണ്ഡിതര്‍ രചിച്ച ഗ്രന്ഥങ്ങളുടെ കൈയ്യെഴുത്ത് പ്രതികളുടെ ശേഖരണം മര്‍കസില്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പണ്ഡിതര്‍ രചിച്ച അമൂല്യമായി ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രന്ഥങ്ങളെ ഡിജിറ്റല്‍ ചെയ്ത് സൂക്ഷിക്കുകയുമാണ് മര്‍കസ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന് അകത്തു നിന്നും പുറത്ത് നിന്നുമായി നിരവധി ഗ്രന്ഥങ്ങള്‍ ഇതിനോടകം മര്‍കസില്‍ എത്തിക്കഴിഞ്ഞു.
  വിശുദ്ധ ഖുര്‍ആന്‍, ഖുര്‍ആനിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങള്‍, പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ഉള്‍പ്പെടെ മറ്റു ഹദീസ് ഗ്രന്ഥങ്ങള്‍, കര്‍മ ശാസ്ത്ര ഗ്രന്ഥമായ മിന്‍ഹജുത്വാലിബീന്‍, തസ്വവ്വുഫിന്റെ ഗ്രന്ഥമായ അല്‍ ഹഖീഖത്തുല്‍ മുഹമ്മദിയ്യ, അറബി വ്യാകരണ ഗ്രന്ഥമായ അല്‍ഫിയ്യത്തുബ്‌നുമാലിക്, മന്‍ഖൂസ് മൗലിദ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ അക്കൂട്ടത്തില്‍ ചിലത് മാത്രമാണ്. അതിനുപുറമെ ലോകത്ത് ഇതേ വരെ അച്ചടിച്ചിട്ടില്ലാത്ത കര്‍മ ശാസ്ത്ര ഗ്രന്ഥമായ തഖ്‌രീബുല്‍ ഫവാഇദ് വ തസ്ഹീലുല്‍ മഖാസിദ്, ഗ്രന്ഥ കര്‍ത്താവ് സ്വന്തം കൈപ്പടിയില്‍ ആമുഖം എഴുതി ചേര്‍ത്ത ഖസ്വീദത്തുല്‍ വിത്ത്‌രിയ്യ, ഫത്ത്ഹുര്‍റഹ്മാന്‍, തൈസീറുല്‍ ഫത്താവ തുടങ്ങിയവ ശേഖരണത്തിലെ അമൂല്യ ഗ്രന്ഥങ്ങളാണ്.
  ഇമാം റാഫിഈ (റ)യുടെ മുഹര്‍റര്‍ എന്ന ഗ്രന്ഥത്തിന്റെ ചുരുക്ക ഗ്രന്ഥമായ ഈജാസിന്റെ കൈയ്യെഴുത്ത് പ്രതി മര്‍കസിലല്ലാതെ ലോകത്ത് മറ്റൊരിടത്തും ലഭ്യമല്ലെന്നത് ഈ സംരഭത്തെ ശ്രദ്ധേയമാക്കുന്നു. കൂടാതെ സമസ്തയുടെ അറബിമലയാളത്തിലെഴുതിയ ആദ്യകാല പ്രസിദ്ധീകരണങ്ങളും ഫത്‌വകളും ഇവിടെ സൂക്ഷിച്ചു വരുന്നു.
  ഈ സംരംഭത്തിന്റെ ഭാഗമായി ഗ്രന്ഥങ്ങള്‍ മര്‍കസിലെത്തിച്ച് സൂക്ഷിക്കുന്നതിന് പുറമെ മര്‍കസിലെത്തിക്കാന്‍ സാധിക്കാത്തവ ഡിജിറ്റലൈസ് ചെയ്തും സൂക്ഷിക്കുന്നുണ്ട്. ഭാവിയില്‍ കടലാസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാലും വിജ്ഞാനം നശിച്ചു പോകാതിരിക്കാനാണ് ഡിജിറ്റലൈസ് ചെയ്യുന്നത്. വിവിധ ഗ്രന്ഥങ്ങളില്‍ നിന്നായി ഒരു ലക്ഷത്തി പതിനാലായിരത്തോളം പേജുകള്‍ ഇതിനോടകം ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു.
  ഗ്രന്ഥങ്ങളുടെ പൊട്ടിയതും കീറിയതുമായ പേജുകളെ പുനരുദ്ധാരണം ചെയ്യുന്ന ആധുനിക സംവിധാനവും ഈ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നുണ്ടെന്ന് സംരഭത്തിന്റെ മേല്‍നോട്ടക്കാരന്‍ അബുദുര്‍റഹിമാന്‍ സഖാഫി ഏഴൂര്‍ പറഞ്ഞു.