അന്ധരായവര്‍ക്ക് വൈദ്യുതി കാലുകള്‍ സൗജന്യമാക്കും: മന്ത്രി ആര്യാടന്‍

Posted on: December 21, 2014 10:18 am | Last updated: December 21, 2014 at 10:18 am

ARYADANമലപ്പുറം: അന്ധരായവര്‍ക്ക് വൈദ്യുതി കണക്ഷന് ആവശ്യമായ കാലുകള്‍ സൗജന്യമായി അനുവദിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് (കെ എഫ് ബി) സംസ്ഥാന സമ്മേളനം മലപ്പുറം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഡിസംബര്‍ ഒന്നിന് മുമ്പ് അപേക്ഷിച്ചവര്‍ക്കാണ് പരമാവധി പത്ത് വൈദ്യുതി പോസ്റ്റ് വരെ സൗജന്യമായി അനുവദിക്കുക. ഡിസംബര്‍ ഒന്നിന് ശേഷം അപേക്ഷ നല്‍കിയവര്‍ക്ക് പോസ്റ്റ് സൗജന്യമായി അനുവദിക്കുന്നതിന് പുതിയ ഉത്തരവിറക്കും. കാഴ്ച വൈകല്യമുളളവര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാട്ടയില്‍ കൃത്യമായി നിയമനം നടത്തിയത് യു ഡി എഫ് സര്‍ക്കാറാണ്. ഒഴിവ് വരുന്ന തസ്തികകളിലും ഉടന്‍ പി എസ് സി വഴി നിയമനം നടത്തും. ബസുകളിലുള്‍പ്പെടെ ആനുകൂല്യത്തിന് കാഴ്ച്ച വൈകല്യം 50 ശതമാനമുളളത് സര്‍ക്കാര്‍ നാല്‍പ്പതാക്കി കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലും കാഴ്ച്ച വൈകല്യമുളളവര്‍ക്ക് ഇളവിനായി സര്‍ക്കാര്‍ ശ്രമിക്കും. മതത്തിനും രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്നതാണ് കെ എഫ് ബിയുടെ വിജയത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. കാഴ്ച്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങളായ എ മുഹമ്മദ് ഫര്‍ഹാന്‍, യു പി വിഷ്ണു എന്നിവര്‍ക്കുളള ഉപഹാരങ്ങള്‍ മന്ത്രി സമ്മാനിച്ചു. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ എഫ് ബി സംസ്ഥാന പ്രസിഡന്റ് സി കെ അബൂബക്കര്‍ പതാക ഉയര്‍ത്തി. എ ഡി എം. എം ടി ജോസഫ്, നെഹ്‌റു യുവകേന്ദ്ര കോര്‍ഡിനേറ്റര്‍ കെ കുഞ്ഞിമുഹമ്മദ്, കെ അബ്ദുല്‍ അസീസ്, അഡ്വ. പി എ പൗരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി വനജ, സക്കീന പുല്‍പ്പാടന്‍, കെ പി ജല്‍സീമിയ, മലപ്പുറം മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഭാ സംഗമവും സാംസ്‌കാരിക സമ്മേളനവും ടി എ അഹമ്മദ് കബീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സി ഹബീബ്, ശ്രീജിത്ത് അരിയല്ലൂര്‍, ബച്ചു ചെറുവാടി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കെ എഫ് ബി ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ ‘സ്‌നേഹസംഗീത വിരുന്ന്’ കലാപരിപാടിയും അരങ്ങേറി.