ബണ്ടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍; കോള്‍ മേഖലയില്‍ ആശങ്കയുടെ പുഞ്ചകൃഷി

Posted on: December 21, 2014 10:16 am | Last updated: December 21, 2014 at 10:16 am

ചങ്ങരംകുളം: പുഞ്ചകൃഷി സീസണ്‍ ആരംഭിച്ചതോടെ പൊന്നാനി കോള്‍മേഖലയിലെ കര്‍ഷകരുടെ മനസ്സില്‍ ആശങ്കകള്‍ വര്‍ധിക്കുന്നു. താത്കാലിക ബണ്ടുകള്‍ തകര്‍ച്ചാ ഭീഷണി നേരിടുന്നതാണ് കര്‍ഷകരെ ഭീതിയിലാക്കുന്നത്. കോള്‍ മേഖലയിലെ മുഴുവന്‍കോള്‍പടവുകളിലും പമ്പിംഗ് ആരംഭിച്ചതോടെ നൂറടിത്തോട് നിറഞ്ഞ് നില്‍ക്കുകയാണ്.
വെള്ളത്തിന്റെ ഭാരം താങ്ങാന്‍ മണ്ണിട്ട് നിര്‍മിക്കുന്ന താത്കാലിക ബണ്ടുകള്‍ക്ക് കഴിയാതെ വരുമ്പോഴാണ് ബണ്ടുകള്‍ തകരുന്നത്. ഇതിനു പുറമെ മത്സ്യ ബന്ധനത്തിനു വേണ്ടി നിയമ വിരുദ്ധമായി നിര്‍മിക്കുന്ന ചീനലുകള്‍ വെള്ളത്തിന്റെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്നതും ബണ്ട് തകര്‍ച്ചക്ക് കാരണമാകുന്നുണ്ട്. ചെളിക്കു മീതെ മണ്ണ് നിരത്തിയാണ് ബണ്ടുകള്‍ നിര്‍മിക്കുന്നത്. ഇതിന് വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ ആവശ്യമായ ബലമില്ലാത്തതാണ് കോള്‍മേഖലയില്‍ നിരന്തരമായുണ്ടാകുന്ന ബണ്ട് തകര്‍ച്ചക്ക് കാരണം. ഈപ്രാവശ്യം പുഞ്ച കൃഷിക്ക് പമ്പിംഗ് തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും തെക്കേകെട്ട് കോള്‍പടവില്‍ ബണ്ട് തകര്‍ന്ന് കൃഷിക്ക് പാകമാക്കിയ 120 ഏക്കര്‍ നിലം വെള്ളത്തിലായിരുന്നു. പൊന്നാനി കോള്‍മേഖലയിലെ പല കോള്‍പടവുകളിലെയും ബണ്ടുകള്‍ തകര്‍ച്ചാ ഭീഷണി നേരിടുന്നുണ്ട്. ചില ബണ്ടുകളില്‍ ഇതിനോടകം തന്നെ രൂപപ്പെട്ട വിള്ളലുകള്‍ കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്.
ഓരോ വര്‍ഷവും ബണ്ട് തകര്‍ച്ചയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് കോള്‍മേഖലയില്‍ സംഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പെരുമ്പടപ്പ് നൂനക്കടവ്, മൂച്ചിക്കടവ്, പുറംകോള്‍, പരൂര്‍, തിരുത്തുമ്മല്‍ തുടങ്ങിയ കോള്‍പടവുകളില്‍ ബണ്ടുകള്‍ തകരുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തിരുന്നു. രണ്ടുവര്‍ഷം മുന്‍പ് പെരുമ്പടപ്പ് നൂനക്കടവ് കോള്‍പടവില്‍ ബണ്ടുതകര്‍ന്ന് 210 ഏക്കര്‍ നെല്‍കൃഷി നശിച്ചിരുന്നു. കൃഷി നാശത്തെ തുടര്‍ന്ന് വന്‍തുകയാണ് കര്‍ഷകര്‍ക്ക് കടബാധ്യത നേരിടേണ്ടിവരുന്നത്.
അടിക്കടിയുണ്ടാകുന്ന ബണ്ട് തകര്‍ച്ചക്ക് പരിഹാരം കാണാന്‍ സ്ഥിരം ബണ്ടുകളുടെ നിര്‍മാണം ഉടന്‍ തന്നെ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയില്‍ ഉള്‍പെടുത്തി സ്ഥിരം ബണ്ട് നിര്‍മാണം കോള്‍ മേഖലയുടെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. എന്നാല്‍ ആവശ്യത്തിന് മണ്ണ് ലഭ്യമാക്കുന്നതിനുള്ള നിയമ തടസം ബണ്ട് നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കോള്‍മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണ് ലഭ്യമാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിന് ഈമാസം 27ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരുവന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ പ്രശ്‌നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.