എം ടിയെക്കുറിച്ച് ഒരേസമയം പതിനൊന്ന് പുസ്തകങ്ങള്‍

Posted on: December 21, 2014 9:52 am | Last updated: December 21, 2014 at 9:52 am

mt vasuകോഴിക്കോട്: ഹരിതം ബുക്‌സ് പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് എം ടിയെക്കുറിച്ച് ഒരുമിച്ച് പ്രസിദ്ധീകരിക്കുന്ന 11 പുസ്തകപരമ്പര മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എം ടി വാസുദേവന്‍നായര്‍ക്ക് ലഭിക്കുന്ന പുതിയ റെക്കോര്‍ഡാണ് അദ്ദേഹത്തെക്കുറിച്ച് ഒരേ സമയം പ്രസിദ്ധീകരിക്കുന്ന പതിനൊന്ന് പുസ്തകങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒന്നരപതിറ്റാണ്ടിനിടയില്‍ പ്രസാധന രംഗത്ത് ഹരിതം കൈവരിച്ച നേട്ടങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരമ്പരയിലെ ആദ്യ പുസ്തകമായ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘എന്റെ എം ടി’ ഉമ്മന്‍ചാണ്ടി മാധ്യമം ചീഫ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന് നല്‍കി പ്രകാശനം ചെയ്തു. ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ അധ്യക്ഷനായിരുന്നു. എം ടിയുടെ പരിസ്ഥിതി ദര്‍ശനത്തെക്കുറിച്ച് പ്രൊഫ. ടി ശോഭീന്ദ്രനും എം ടി കഥകളിലെ സ്ത്രീ എന്ന വിഷയത്തില്‍ കെ പി സുധീരയും സംസാരിച്ചു. ഹരിതം എഡിറ്റര്‍ പ്രതാപന്‍ തായാട്ട്, മോഹന്‍പാറക്കടവ്, എം എ ജോണ്‍സണ്‍ സംസാരിച്ചു. രാവിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടന്ന സെമിനാര്‍ എം ടിയുടെ സഹോദരന്‍ എം ടി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ എം വിനീഷ്, അരുണ്‍ പൊയ്യേരി സംസാരിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് ഡോ. എ എസ് പ്രതീഷിന്റെ ‘എം ടി കല ദേശം സ്വത്വം’ എന്ന പുസ്തകം എം കെ രാഘവന്‍ എം പി പ്രകാശനം ചെയ്യും.