മദ്യനയത്തില്‍ മുസ്‌ലിം ലീഗ് കാണിക്കുന്നത്: കപടമായ ആത്മാര്‍ഥത: ഐ എന്‍ എല്‍

Posted on: December 21, 2014 9:51 am | Last updated: December 21, 2014 at 9:51 am

കോഴിക്കോട്: മദ്യനയത്തില്‍ മുസ്‌ലിംലീഗ് കപടമായ ആത്മാര്‍ഥതയാണ് കാണിക്കുന്നതെന്ന് ഐ എന്‍ എല്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അഞ്ചാം മന്ത്രിസ്ഥാനം അംഗബലത്തിന്റെ പിന്‍ബലം പറഞ്ഞ് നേടിയെടുത്ത മുസ്‌ലിംലീഗ് എന്തുകൊണ്ട് ഇതേപോലെ മദ്യനിരോധനം ആവശ്യപ്പെടുന്നില്ല. പറയുന്നകാര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ മുസ്‌ലിംലീഗ് അധികാരം വിട്ടൊഴിയണമെന്നും ഐ എന്‍ എല്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആത്യന്തിക ലക്ഷ്യം ഇടതുമുന്നണി പ്രവേശമല്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലും ഇടതുമുന്നണിയില്‍ എടുക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. ഇപ്പോള്‍ അജണ്ടയിലില്ലെന്ന് പറയുന്നുണ്ടെങ്കിലും ആരെയെങ്കിലും എടുക്കുമെങ്കില്‍ ആദ്യം തങ്ങളെയാവുമെന്നാണ് പ്രത്യാശ. ഇബ്രാഹീം സുലൈമാന്‍ സേട്ടു സാംസ്‌കാരിക കേന്ദ്രത്തിന് ജനുവരി 13ന് കോഴിക്കോട്ട് ശിലയിടും. എച്ച് ഡി ദേവഗൗണ്ട പങ്കെടുക്കും. ലൈബ്രററി, കരിയര്‍ ഗൈഡന്‍സ് സെന്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാവും അക്കാദമി. വാര്‍ത്താ സമ്മേളനത്തില്‍ എപി അബ്ദുല്‍ വഹാബ്, കെപി ഇസ്മായില്‍, ബഷീര്‍ ബഡേരി, എന്‍ കെ അബ്ദുല്‍ അസീസ് പങ്കെടുത്തു.