Connect with us

Ongoing News

കൊല്‍ക്കത്ത ഐ എസ് എല്‍ ചാമ്പ്യന്‍മാര്‍

Published

|

Last Updated

മുംബൈ: കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കേ, പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് റഫീഖിന്റെ ഹെഡ്ഡര്‍ കേരള ബാസ്റ്റേഴ്‌സ് ആരാധകരുടെ നെഞ്ചിലേക്കാണ് പതിച്ചത്. അതെ, പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം സൗരവ് ഗാംഗുലിയുടെ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക്. മഞ്ഞക്കടല്‍ ആര്‍ത്തിരമ്പിയ മുംബൈ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ (1-0)ത്തിനാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയമേറ്റുവാങ്ങിയത്. കളി അവസാനിക്കാന്‍ ഒരു മിനുട്ട് ബാക്കി നില്‍ക്കെ ഇഞ്ചുറി ടൈമില്‍ പൊഡാനി നല്‍കിയ കോര്‍ണര്‍ കിക്ക് റഫീഖ് ചാടിയുയര്‍ന്ന് ഹെഡ്ഡ് ചെയ്തപ്പോള്‍ പന്ത് ഗോള്‍വലയുടെ വലത് മൂലയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
കളിയുടെ 83 ാം മിനുട്ടില്‍ ഏറ്റവും മികച്ചൊരു അവസരം നഷ്ടപ്പെടുത്തിയ മൈക്കല്‍ ചോപ്രയുടെ കളിക്ക് ബ്ലാസ്റ്റേഴ്‌സ് നല്‍കേണ്ടിവന്നത് ഐ എസ് എല്‍ കിരീടം തന്നെയായിരുന്നു. ഗോള്‍വലക്ക് തൊട്ടു മുന്നില്‍ നിന്ന് മൈക്കല്‍ ചോപ്രയുടെ ദുര്‍ബലമായ ഷോട്ട് കൊല്‍ക്കത്തയുടെ ഗോളി എഡല്‍ എഡിമയുടെ കൈയില്‍തട്ടി പുറത്തേക്ക് പോകുകയായിരുന്നു. മുന്നില്‍ ഗോളി മാത്രം നില്‍ക്കെയാണ് ചോപ്ര അവസരം കളഞ്ഞുകുളിച്ചത്. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച് ആധിപത്യം പുലര്‍ത്തിയെങ്കിലും അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിയാതെ പോയതാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിരന്തര ആക്രമണങ്ങളുമായി കേരളം മുന്നേറിയപ്പോള്‍ കൊല്‍ക്കത്തയുടെ പ്രതിരോധ നിര വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. കൊല്‍ക്കത്തയുടെ ഗോളി എഡല്‍ എഡിമയുടെ അപാര ഫോം കേരളത്തിന്റെ പല നീക്കങ്ങള്‍ക്കും തടയിട്ടു.
കളിയുടെ തുടക്കം മുതല്‍ക്കേ ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് ഇരു ടീമുകളും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മികച്ച അവസരങ്ങള്‍ പിറന്നില്ല. ആദ്യ മിനുട്ടില്‍ തന്നെ കൊല്‍ക്കത്തയുടെ മുന്നേറ്റം സന്തോഷ് ജിങ്കന്‍ പരാജയപ്പെടുത്തി. പിന്നീട് ഇടത് വിംഗിലൂടെ സഞ്ജു പ്രധാന്‍ ഒന്ന് രണ്ട് നീക്കങ്ങള്‍ നടത്തിയെങ്കിലും കേരളത്തിന്റെ പ്രതിരോധത്തില്‍ തട്ടി വീണു. തൊട്ടുപിന്നാലെ ഹ്യൂമും ചോപ്രയും ചേര്‍ന്നുള്ള മുന്നേറ്റം. എന്നാല്‍ ചോപ്രക്ക് പിഴച്ചു. ഏഴാമത്തെ മിനുട്ടില്‍ ഫോര്‍സെദയുടെ ഒരു ക്രോസ് കേരളത്തിന്റെ പ്രതിരോധത്തില്‍ തട്ടി പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ ഇഷ്ഫാക് അഹ്മദിന്റെ നീളന്‍ ഷോട്ട് ഇഡല്‍ രക്ഷപ്പെടുത്തി. പിയേഴ്‌സണ്‍ തൊടുത്ത ഒരു ഫ്രീ കിക്ക് കൊല്‍ക്കത്തയുടെ ഗോളി എഡിമ തട്ടിയകറ്റി. ആദ്യ പത്ത് മിനുട്ടില്‍ മികച്ച മുന്നേറ്റങ്ങളാണ് കേരളം നടത്തിയത്. 67 ശതമാനമായിരുന്നു കേരളത്തിന്റെ അറ്റാക്ക് ഇന്‍ഡക്‌സ്.
22ാം മിനുട്ടില്‍ ചോപ്രയുടെയും പിയേഴ്‌സണിന്റെയും സുന്ദരമായ മുന്നേറ്റം കോര്‍ണര്‍ കിക്കിലാണ് കലാശിച്ചത്. പിയേഴ്‌സണിന്റെ കിക്ക് നേരെ ഗോളിയുടെ കൈകളിലേക്ക്. 26 ാം മിനുട്ടില്‍ കൊല്‍ക്കത്തയുടെ മുഹമ്മദ് റാഫിയുടെ മുന്നേറ്റം തടഞ്ഞ നിര്‍മല്‍ ചേത്രിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. റാഫിയുടെ ഒരു മികച്ച മുന്നേറ്റമായിരുന്നു അത്. 21 വാര അകലെ നിന്ന് യാകൂബ് പൊഡാനി തൊടുത്ത ഷോട്ട് പക്ഷേ, ഗോള്‍വലക്ക് പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ പിയേഴ്‌സണിന്റെ മികച്ചൊരു ക്രോസ് ഹ്യൂമിന് നിയന്ത്രിക്കാനായില്ല. പിയേഴ്‌സണിന്റെ മറ്റൊരു ഫ്രീ കിക്ക് ഗോളി പിടിച്ചു. 33ാം മിനുട്ടില്‍ മെഹ്താബ് ഹുസൈന്‍ തൊടുത്ത ലോംഗ് ഷോട്ട് ഗോളിയുടെ കൈയില്‍ വിശ്രമിച്ചു.
കേരളത്തിന് ലഭിച്ച മറ്റൊരു വലിയ അവസരം ഇയാന്‍ ഹ്യൂമിന്റെ ഒരു ഫ്രീകിക്കില്‍ നിന്നാണ്. 39ാം മിനിറ്റില്‍ ഹ്യൂം എടുത്ത കിക്ക് കൊല്‍ക്കത്ത ഗോളി എഡല്‍ മനോഹരമായാണ് ഫുള്‍ ലെംഗ്ത്ത് ഡൈവിലൂടെ കുത്തിയകറ്റിയത്. പിന്നീട് മികച്ച രണ്ട് മുന്നേറ്റങ്ങളാണ് കൊല്‍ക്കത്ത നടത്തിയത്. ആദ്യ ഷോട്ട് അവസരം കേരളാ ഗോളി ഡേവിഡ് ജെയിംസ് മുന്നോട്ട് കയറി രക്ഷപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ വോള്‍ഗ ഫെര്‍ണാണ്ടസിന്റെ ഒരു നീളന്‍ ഷോട്ട് ജെയിംസ് കൈപ്പിടിയിലൊതുക്കി.മൂന്ന് മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിനിങ്ങിയത് കളത്തിലിറങ്ങിയത്. പരുക്കേറ്റ ഗോളി സന്ദീപ് നന്ദിക്ക് പകരം ഡേവിഡ് ജെയിംസും ഗുര്‍വിന്ദര്‍ സിംഗ്, മക്‌ലിസ്റ്റര്‍ എന്നിവര്‍ക്ക് പകരമായി നിര്‍മല്‍ ഛേത്രിയും സൗമിക് ഡേയും കളിക്കാനിറങ്ങി. ലസ്റ്റര്‍ ഫെര്‍ണാണ്ടസ്, ലൂയിസ് ഗാര്‍സിയ എന്നിവര്‍ക്ക് പകരമായി കൗശിക് ദേബ്‌നാഥ്, അര്‍ണല്‍ ലിംബര്‍ട്ട് എന്നിവരെയാണ് കൊല്‍ക്കത്ത കളത്തിലിറക്കിയത്.

Latest