പ്രായോഗിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം: ഇ ടി മുഹമ്മദ് ബഷീര്‍

Posted on: December 20, 2014 2:40 pm | Last updated: December 21, 2014 at 8:19 am
et at markaz
മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസം; ലക്ഷ്യപ്രാപ്തി എന്ന വിഷത്തില്‍ നടന്ന വിദ്യാഭ്യാസ സംവാദം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പുതിയ ആവശ്യങ്ങളെ കൂടി ഉള്‍ക്കൊള്ളും വിധത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ രീതിയെ പുനക്രമീകരിക്കുകയാണെങ്കില്‍ അറബ് നാടുകളില്‍ നിന്നുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് പഠിക്കാനെത്തുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസം; ലക്ഷ്യപ്രാപ്തി എന്ന വിഷത്തില്‍ നടന്ന വിദ്യാഭ്യാസ സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായോഗികമായി കാര്യങ്ങളെ നേരിടാന്‍ സഹായിക്കും വിധത്തിലുള്ള വിദ്യാഭ്യാസമാണ് നാം തെരഞ്ഞെടുക്കേണ്ടത്. മനസ്സിനെ ആന്തരികമായി ശുദ്ധീകരിക്കാത്ത വിദ്യാഭ്യാസം ഉപകാരപ്പെടുകയില്ല. കേരളം വിദ്യാഭ്യാസ രംഗത്ത് കുറെയേറെ ലക്ഷ്യം കണ്ടിട്ടുണ്ട്. എന്നാല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. അനാവശ്യമായ വിവാദമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഇ.ടി അഭിപ്രായപ്പെട്ടു.

ഭീകരവാദത്തിനെതിരെയുള്ള മറുപടി മനസ്സുകളെ ഏകീകരിക്കുന്ന വിദ്യാഭ്യാസമാണെന്ന് അധ്യക്ഷത വഹിച്ച കെ.വി.തോമസ് എം.പി പറഞ്ഞു. അഡ്വ.എ.ജയശങ്കര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ വിഷയാവതരണം നടത്തി. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി ഖാദര്‍, മൊയ്തീന്‍ ബാവ എം.എല്‍.എ, ജെ.ഡി.റ്റി.സെക്രട്ടറി സി.പി.കുഞ്ഞുമുഹമ്മദ്, കേരള പിന്നാക്കക്ഷേമ കമീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, പ്രൊഫ.കെ.കോയട്ടി, ഉമറുല്‍ ഫാറൂഖ് സഖാഫി, സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി.കെ.അബ്ദുല്‍ ഗഫൂര്‍ പ്രസംഗിച്ചു. ഡോ.മുഹമ്മദലി മാടായി പ്രമേയം അവതരിപ്പിച്ചു. എന്‍.അലി അബ്ദുല്ല മോഡറേറ്ററായിരുന്നു. പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സ്വാഗതവും കെ.എം.അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.