Connect with us

Ongoing News

ഖുര്‍ആന്‍ ഹൃദയത്തിലേറ്റി 52 ഹാഫിളുകള്‍ പുറത്തിറങ്ങി

Published

|

Last Updated

മര്‍കസ് നഗര്‍: ശ്രുതിമധുരമായ വിശുദ്ധ ഖുര്‍ആനിന്റെ വരികള്‍ മനഃപാഠമാക്കിയ ഹൃദയവിശുദ്ധിയുമായി 52 ഹാഫിളുകള്‍ പുറത്തിറങ്ങി.
പഠനകാലത്ത് തന്നെ രാജ്യത്തിനകത്തും പുറത്തുമായി ഖുര്‍ആന്‍ പാരായണത്തിലും മറ്റു മല്‍സരങ്ങളിലും മികവു തെളിയിച്ചവരാണ് പുറത്തിറങ്ങിയ ഹാഫിളുകള്‍. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം നടന്ന ഖുര്‍ആന്‍ സമ്മേളനത്തില്‍ വെച്ചാണ് ഹാഫിളുകള്‍ സനദ് ഏറ്റു വാങ്ങിയത്.
ഉസ്ബക്കിസ്ഥാനിലെ മുഫ്തി മുഹമ്മദ് സ്വാദിഖ് യൂസുഫ് സനദ് നല്‍കി. ഏഴ് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ സ്‌കൂള്‍പഠനം നടത്തുന്ന വിദ്യാര്‍ഥികളാണ് സനദ് ഏറ്റുവാങ്ങിയ ഹാഫിളുകളെല്ലാം. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുളളവരും സനദ് ഏറ്റുവാങ്ങിയവരിലുണ്ട്. മര്‍കസ് ഹിഫഌല്‍ ഖുര്‍ആന്‍ കോളജിലെ പതിനഞ്ചോളം ഉസ്താദുമാരുടെ ശിക്ഷണത്തിലാണ് ഇവര്‍ ഖുര്‍ആന്‍ മനഃപാഠമക്കിയത്.
ഖുര്‍ആന്‍ മനഃപാഠമാക്കിയതോടൊപ്പം അക്ഷരശുദ്ധിയോടെ പാരായണം ചെയ്യാനുള്ള പ്രത്യേക പരിശീലനവും നേടിയാണ് ഇവര്‍ പുറത്തിറങ്ങിയത്. ഹനീഫ സഖാഫി ആനമങ്ങാടാണ് ഇതിനായുള്ള പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. വിദേശത്തു നടന്ന നിരവധി ഖുര്‍ആന്‍ പാരായണ മത്സരങ്ങളില്‍ പങ്കെടുത്ത് മികവു തെളിയിച്ചവരാണ് പുറത്തിറങ്ങിയ ഹാഫിളുകള്‍.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവം, എസ് എസ് എഫ് സാഹിത്യോല്‍സവ് മല്‍സര വേദികളിലും മര്‍കസ് ഹിഫഌല്‍ ഖുര്‍ആന്‍ കോളജിലെ വിദ്യാര്‍ഥികള്‍ മികവു തെളിയിച്ചിട്ടുണ്ട്. സനദ് ഏറ്റു വാങ്ങിയ ഹാഫിളുകള്‍ മര്‍കസിന് കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശരീഅത്തു കോളജുകളില്‍ ഉപരിപഠനത്തിന് പോകാനാണ് തയ്യാറെടുക്കുന്നത്.
പാരായണത്തിലെ സൗന്ദര്യവും ഉച്ചാരണശുദ്ധിയും മൂലം റമസാനിലുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇമാമുമാരായും മറ്റും മര്‍കസിലെ ഹാഫിളുകളെ തേടിയെത്തുന്നവര്‍ ഏറെയാണ്. പത്ത് മാസം കൊണ്ട് ഖൂര്‍ആന്‍ മനപാഠമാക്കിയ മുഹമ്മദ് ഫള്‌ലുള്ള വാവൂര്‍, നിസാമുദ്ദീന്‍ ഇരിട്ടി എന്നിവര്‍ക്ക് പ്രത്യേക ഉപഹാരം നല്‍കി.
ഖുര്‍ആന്‍ സമ്മേളനം ഇറാഖിലെ മസ്ജിദ് അബ്ദുല്‍ഖാദര്‍ ജീലാനി ഇമാം അനസ് മഹ്മൂദ് ഖലഫ് ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുലത്തീഫ് സഅദി പഴശ്ശി എന്നിവര്‍ യഥാക്രമം “ഖുര്‍ആന്റെ അമാനുഷികതയും വെല്ലുവിളികളും” “ഖുര്‍ആന്‍ പാരായണവും മനഃപാഠവും” എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു.
ഡോ അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, വി എച്ച് അലിദാരിമി, പി കെ അബൂബക്കര്‍ മൗലവി, അബ്ദുല്ല സഅദി ചെറുവാടി, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, അബ്ദുറഊഫ് സഖാഫി, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്, സമദ് സഖാഫി മായനാട് സംബന്ധിച്ചു.

---- facebook comment plugin here -----