കുണ്ടൂര്‍ ഉസ്താദ് ഉറൂസിന് തിങ്കളാഴ്ച തുടക്കം

Posted on: December 20, 2014 12:12 am | Last updated: December 22, 2014 at 7:15 am

തിരൂരങ്ങാടി: ആശിഖുര്‍റസൂല്‍ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ഒമ്പതാമത് ഉറൂസ് മുബാറക് ഈ മാസം 22 മുതല്‍ 25 വരെ കുണ്ടൂര്‍ ഗൗസിയ്യയില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 22ന് വൈകീട്ട് അഞ്ചിന് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ കൊടിയേറ്റുന്നതോടെ ഉറൂസിന് തുടക്കമാകും. മഖാം സിയാറത്തിന് ശേഷം സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശൈഖ് അബ്ദുര്‍റഹ്മാന്‍ ബിന്‍ അലിബിന്‍ സാലിം ഹഫീള് യമന്‍ വിശിഷ്ടാതിഥിയായിരിക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അലി ബാഖവി ആറ്റുപുറം, അബ്ദുല്‍ ജലീല്‍ സഖാഫി പ്രഭാഷണം നടത്തും.
ഉറൂസിനോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി ശാദുലി റാത്തീബ്, ഖത്മല്‍ ഖുര്‍ആന്‍, അനുസ്മരണ സമ്മേളനം, ആശിഖുകളുടെ കാവ്യലോകം, ഖുത്ബിയ്യത്, പ്രാസ്ഥാനിക സമ്മേളനം, സനദ്ദാനം എന്നിവയും നടക്കും.
മന്ത്രിമാരായ രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി, എ പി അനില്‍കുമാര്‍ എന്നിവരും എം ഐ ശാനവാസ് എം പി, കെ ടി ജലീല്‍ എം എല്‍ എ, ലക്ഷദീപ് എം പി പി വി ഫൈസല്‍, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, ടി സിദ്ദീഖ് തുടങ്ങിയവരും വിവിധ സെഷനുകളില്‍ പങ്കെടുക്കും.
25ന് വൈകീട്ട് 6.30ന് നടക്കുന്ന ഹബ്ബുര്‍റസൂല്‍ സമ്മേളനം സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണവും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഹാഫിളുകള്‍ക്ക് സനദ്ദാനവും നിര്‍വഹിക്കും. സയ്യിദ് റാശിദ് മുറൈഖി ബഹ്‌റൈന്‍ വിശിഷ്ടാതിഥിയായിരിക്കും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി സംബന്ധിക്കും. സമാപന ദുആക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ നേതൃത്വം നല്‍കും. ഉറൂസിനോടനുബന്ധിച്ച് എല്ലാ ദിവസവും മൂന്ന് നേരം ഭക്ഷണ വിതരണം നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അബൂഹനീഫല്‍ ഫൈസി തെന്നല, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി വെള്ളിയാമ്പുറം, വി ടി ഹമീദ് ഹാജി കൊടിഞ്ഞി, അബ്ദുല്‍ ലത്തീഫ് ഹാജി കുണ്ടൂര്‍, കുഞ്ഞുട്ടി എ ആര്‍ നഗര്‍ പങ്കെടുത്തു.