ജീപ്പിന്റെ മുമ്പില്‍ ഇരുന്ന ദളിത് എസ് ഐയെ സഹഉദ്യോഗസ്ഥന്‍ വെടിവെച്ച് കൊന്നു

Posted on: December 20, 2014 12:02 am | Last updated: December 20, 2014 at 12:09 am

പാറ്റ്‌ന: ബീഹാറില്‍ പോലീസ് ജീപ്പിന്റെ മുന്‍ സീറ്റില്‍ ഇരുന്നതിന് ദളിതുകാരനായ എസ് ഐയെ സഹ ഉദ്യോഗസ്ഥന്‍ വെടിവെച്ച് കൊന്നു. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടുണ്ട്. എസ് ഐ അജയ് കുമാര്‍ സിംഗ് യാദവിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ സരണ്‍ റേഞ്ച് ഡി ഐ ജിക്കും എസ് പിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മാസം 31ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കണം. വെടിയേറ്റ് മരിച്ചയാളുടെ അടുത്ത കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയോയെന്ന് ആഭ്യന്തര വകുപ്പിനോടും ജില്ലാ മജിസ്‌ട്രേറ്റിനോടും കമ്മീഷന്‍ ആരാഞ്ഞിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ ഭേദഗതി നിയമമനുസരിച്ച് ഇരയുടെ കുടുംബത്തിന് 7.5 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ തുര്‍ക്‌വാലിയ പോലീസ് സ്റ്റേഷനില്‍ ഇരയുടെ മകന്‍ പരാതി നല്‍കുകയായിരുന്നു. സരണ്‍ ജില്ലയിലെ ബാനിയാപൂര്‍ എസ് ഐ ആയിരുന്ന കൃഷ്ണ ബെയ്തയെ 2013 സെപ്തംബറില്‍ യാദവ് വെടിവെച്ച് കൊല്ലുകയായിരുന്നു. ഒരു ധോബി (പട്ടികവര്‍ഗക്കാരന്‍)ക്ക് വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരിക്കാന്‍ എന്ത് യോഗ്യതെയെന്ന് യാദവ് ചോദിക്കുകയും സര്‍വീസ് റിവോള്‍വറെടുത്ത് നിറയൊഴിക്കുകയുമായിരുന്നു. പാറ്റ്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ യാദവിനെ അറസ്റ്റ് ചെയ്തിട്ടില്ല. യാദവ് എവിടെയാണെന്ന് ഇതുവരെ കൃത്യമായി കണ്ടുപിടിക്കാനായിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് എസ് പിയില്‍ നിന്ന് ലഭിച്ചതെന്ന് ഡി ഐ ജി പറഞ്ഞു. വ്യക്തമായ റിപ്പോര്‍ട്ടോടെ കമ്മീഷന് മുമ്പാകെ ഹാജരാകാന്‍ ഡി ഐ ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.