മര്‍കസ് എന്ന ആശയം

Posted on: December 19, 2014 6:00 am | Last updated: December 19, 2014 at 12:03 am

markazരാജ്യത്തോടൊപ്പം ജനങ്ങളോടൊപ്പം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ആരവങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു വസ്തുത, മര്‍കസ് എന്നത് കേവലം ഒരു വിദ്യാഭ്യാസ സമുച്ചയം എന്ന വിശേഷണത്തില്‍ നിന്ന് സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലയായും മുസ്‌ലിം ആശ്രയ കേന്ദ്രമായും മാറി എന്നതാണ്. വൈവിധ്യമാര്‍ന്ന ഭൗദ്ധിക ചര്‍ച്ചകളും വ്യത്യസ്തമായ സെക്ഷനുകളുമായി ഇന്ത്യന്‍ മുസ്‌ലിംകടെ മതകീയവും സാമൂഹികവുമായ ഭാവി പണിയാനുള്ള വിവിധ നിര്‍ദേശങ്ങളും പ്രമേയങ്ങളുമായി മര്‍കസ് സമ്മേളനം ഞായറാഴ്ച സമാപിക്കും.
മര്‍കസ് മുന്നോട്ടുവെച്ച ആശയങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്നതിനും അവ വേണ്ടവിധം പൊതുസമൂഹത്തില്‍ അറിയിക്കുന്നതിനും മര്‍കസ് നടപ്പിലാക്കിയ പദ്ധതികളും സേവനങ്ങളും വിജയിച്ചിട്ടുണ്ട്. ദേശീയ ആഗോള തലത്തില്‍ മര്‍കസ് എന്ന പ്രസ്ഥാനം ചെയ്തുകൊണ്ടിരിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഇതിനകം രാഷ്ട്രീയ പൊതു മണ്ഡലങ്ങളില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു.
മുസ്‌ലിം സമുദായത്തെ ബഹുസ്വരമായും സാമൂഹികമായും വഴിനടത്താന്‍ മര്‍കസ് എന്നും നേതൃസ്ഥാനത്തുണ്ടായിരുന്നു. മതപരമായ അസ്ഥിത്വം നഷ്ട്ടപ്പെടുത്താതെ സാമുദായിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുമുഖ വഴികളാണ് മര്‍കസ് സമര്‍പ്പിച്ചത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഭരണം നല്‍കുന്ന മതസ്വതന്ത്ര്യത്തിനുള്ളില്‍ നിന്നുകൊണ്ടു തന്നെ സുസംഘടിതമായ വിദ്യാഭ്യാസ മുന്നേറ്റം നടത്താന്‍ മര്‍കസ് വഴികാണിച്ചു. മത-ഭൗതിക വിദ്യാഭ്യാസ സമന്വയം മാതൃകാപരമായി വികസിപ്പിച്ചെടുക്കുകയും പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്തതോടെ ദേശീയ അന്തര്‍ദേശീയ സര്‍വകലാശാലകളില്‍ പഠിക്കാനും പഠിപ്പിക്കാനും മര്‍കസ് വളര്‍ത്തികൊണ്ടുവന്ന ഭൗതിക നേതൃത്വത്തിന് സാധിക്കുകയുണ്ടായി.
കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നത് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ മാത്രമല്ല, മനുഷ്യകുലത്തിന്റെ തന്നെ അഭിമാനവും ജീവിക്കാനുള്ള അവകാശവുമാണ്. ആഗോള തലത്തില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മനുഷ്യകുലത്തിന് ആകമാനം പ്രശ്‌നമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് മര്‍കസ് സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ ഖമറുല്‍ഉലമ കാന്തപുരം ഉസ്താദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഇന്നലെ ഉസ്താദ് ചൊല്ലിയത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഏറ്റുചൊല്ലി. തീവ്രവാദത്തിനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതിജ്ഞയായിരുന്നു അത്. മര്‍കസ് വിഭാവനം ചെയ്യുന്ന സമാധാന സന്ദേശം അക്ഷരാര്‍ഥത്തില്‍ ഇന്ത്യയില്‍ മുസ്‌ലിം സമുദായം ഏറ്റെടുക്കുകയുണ്ടായി. ആഗോളതലത്തില്‍ വിശിഷ്യാ ഇന്ത്യയെ പോലുള്ള ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം സമൂഹം അവശ്യമായും സ്വായത്തമാക്കിയിരിക്കേണ്ട നയനിലപാടുകളിലെ സൂക്ഷ്മതയും അച്ചടക്കവും മര്‍കസിന്റെ സന്ദേശങ്ങളില്‍ എന്നും മുഖ്യമായിരുന്നു. ഇത്തരം ഉത്കൃഷ്ട ആശയങ്ങള്‍ പൊതുസമൂഹത്തെ വലിയ തോതില്‍ ആകര്‍ഷിക്കുകയും ഇസ്‌ലാമിക സ്ഥാപനങ്ങളെയും സംസ്‌കാരങ്ങളെയും സംശയദൃഷ്ട്യാ വീക്ഷിച്ചവരില്‍ പ്പോലും മതിപ്പുളവാക്കുകയും ചെയ്തു. കലാപം നിറഞ്ഞ ഗുജ്‌റാത്തിലും വെടിയൊച്ച നിലയ്ക്കാത്ത കാശ്മീരിലും തുടങ്ങി ഭരണകര്‍ത്താക്കളില്‍ നിന്നു തന്നെ മര്‍കസിനു ലഭിച്ച വരവേല്‍പ്പ് ഇതിന് മതിയായ തെളിവാണ്.
ആഗോള ഇസ്‌ലാമിക പണ്ഡിതനിരയിലെ പ്രമുഖ വ്യക്തിത്വങ്ങളും സൂഫിവര്യന്‍മാരും മര്‍കസിലെത്തുന്ന ജനലക്ഷങ്ങള്‍ക്ക് ആത്മീയ നിര്‍വൃതിയേകുന്ന അപൂര്‍വ സംഗമമായിരിക്കുന്നു സമ്മേളന നഗരി. ഇസ്‌ലാമിന്റെ യഥാര്‍ഥ ആശയങ്ങളെ വളച്ചൊടിച്ച് നിലവില്‍ വന്ന വഹാബിസത്തിന്റെ ഭീകര ആശയങ്ങളുടെ പ്രത്യാഘാതങ്ങള്‍ മുമ്പെന്നുമില്ലാത്തവിധം പ്രകടമായിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ആഗോള മുസ്‌ലിം നേതാക്കളുടെ മര്‍കസ് സന്ദര്‍ശനത്തിന് പ്രത്യേക പ്രസക്തിയുണ്ട്. അടുത്ത കാലത്ത് ഉടലെടുത്ത തീവ്രനിലപാടുകളുള്ള പല പ്രസ്ഥാനങ്ങളും ഇസ്‌ലാമിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുന്ന സാഹചര്യം വന്നിരിക്കെ, അനാരോഗ്യകരമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും മുസ്‌ലിം സമുദായത്തെയും, യഥാര്‍ഥ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കുകയും നിരപരാധികളെ ശത്രുപക്ഷമായി കാണേണ്ടിവരികയും ചെയ്യുന്ന നിലപാടില്‍ നിന്ന് പൊതുസമൂഹത്തെയും സംരക്ഷിക്കാനുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആഗോള പണ്ഡിതരുടെ സംഗമം സഹായകമാകും. മര്‍കസിന്റെ സാരഥിയായ കാന്തപുരം ഉസ്താദ് സമീപ കാലത്ത് നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ ഇസ്‌ലാമിക പണ്ഡിതര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും വലിയ പ്രതീക്ഷകള്‍ നല്‍കിയെന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.
മര്‍കസ് വിഭാവനം ചെയ്യുന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ പ്രായോഗിക തലമാണ്. ഒരു സെക്യുലര്‍ രാഷ്ട്രത്തിലെ ബഹുജനങ്ങളോടൊപ്പം മുസ്‌ലിംകള്‍ തങ്ങളുടെ സംസ്‌കാരത്തിലുറച്ചുനില്‍ക്കുന്നത് തീവ്രവാദമല്ല. മതത്തിന്റെ സ്‌നേഹപൂര്‍ണമായ നിലപാടുകളുടെ ആവിഷ്‌കാരമാണ് മര്‍കസ് ഉദ്ദേശിക്കുന്നത്. വിവിധ കാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ആത്മീയ മാര്‍ഗത്തില്‍ യോജിച്ചു നീങ്ങാന്‍ കഴിയില്ലേ? പ്രവാചക സ്‌നേഹമെന്ന (ഹുബ്ബുറസൂല്‍) സ്‌നേഹസമര്‍പ്പണത്തില്‍ മുസ്‌ലിംകള്‍ യോജിക്കണം. രാഷ്ട്രീയവും ഭൗതികവും തൊഴില്‍പരവുമായ തലങ്ങളില്‍ യോജിപ്പ് സാധ്യമല്ലെന്നും പലപ്പോഴും പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നും ബോധ്യപ്പെട്ട മുസ്‌ലിം നേതൃത്വത്തിന് മുമ്പില്‍ മര്‍കസ് സമര്‍പ്പിക്കുന്ന ഐക്യസന്ദേശം പുതുമയും പ്രസക്തിയും നിറഞ്ഞതാണ്. അതോടൊപ്പം, ഈ ഐക്യം വര്‍ഗീയതയോ ധ്രുവീകരണമോ സൃഷ്ടിക്കുന്നുമില്ല. നമ്മുടെ പൂര്‍വീകര്‍ കാണിച്ചുതന്ന മാതൃകയും ഇതിന്നുണ്ടല്ലോ.
മര്‍കസെന്ന സമഗ്ര സുന്ദര പദ്ധതിയുടെ കോളങ്ങളില്‍ കൂടുതല്‍ തെളിഞ്ഞുകാണുന്നത് വിനയമാണ്. വിശ്വാസികള്‍ പരസ്പരം കുറ്റവും ആക്ഷേപവും പറയാതെ, വിനയാന്വിതരായി ജീവിക്കുക. തങ്ങളേക്കാള്‍ മുതിര്‍ന്നവരെയും പണ്ഡിതന്മാരെയും അനുസരിച്ചും അഭിപ്രായങ്ങള്‍ തേടിയും സന്തോഷത്തിന്റെ സന്ദര്‍ഭങ്ങള്‍ കരുത്തോടെ നിലനിര്‍ത്തുക. അതുവഴി ഇസ്‌ലാമിക സമൂഹത്തിന്റെ അച്ചടക്കവും യോജിപ്പും ഉറപ്പിച്ചെടുക്കുക. ചോദ്യം ചെയ്യുന്ന രീതി ഒഴിവാക്കുകയും ചോദിച്ചു പഠിക്കുന്ന സംസ്‌കാരം പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക. ക്യാമ്പസ് രാഷ്ട്രീയത്തിലൂടെയും അങ്ങാടി സംസ്‌കാരത്തിലൂടെയും നമ്മുടെ പുതിയ തലമുറ കൈവശപ്പെടുത്തുന്ന ദുഷിച്ച സ്വഭാവങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ പണ്ഡിതന്മാരുമായി ഇടപഴകാനും വിനയാന്വിതരായി ജീവിക്കാനും പഠിക്കണം. മര്‍കസ് നല്‍കുന്ന സ്വഭാവപരമായ സന്ദേശങ്ങള്‍ ഏതൊരാളെയും സംസ്‌കാര സമ്പന്നമാക്കാന്‍ മതിയായതാണ്. ആയിരത്തിലധികം മതപണ്ഡിതന്മാര്‍ ഉന്നതദീനീപഠനം കരസ്ഥമാക്കുന്ന മര്‍കസ് ശരീഅത് കോളജ്, മര്‍കസിന്റെ അഭിമാനനക്ഷത്രമാകുന്നു. സ്‌കൂള്‍ പഠനത്തിന് അവസരം നിഷേധിക്കപ്പെട്ട അനാഥമക്കള്‍ക്കു പഠനവും ഉപരി പഠനവും നല്‍കുന്നതിന് സന്ദര്‍ഭങ്ങളുണ്ടാക്കിയപ്പോള്‍ താരതമ്യേന ഏറെ പിന്നാക്കമായിരുന്ന വടക്കെ ഇന്ത്യയിലെ മുസ്‌ലിം സഹോദരന്മാര്‍, കേരളത്തിലെ മര്‍കസിന്റെ ചലനങ്ങള്‍ ആശയോടെ വീക്ഷിച്ചു. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളില്‍ നിന്നായി 600ലധികം വിദ്യാര്‍ഥികള്‍ ഇത്തവണ മര്‍കസില്‍ അഡ്മിഷന്‍ നേടിയത് ഈ പശ്ചാത്തലത്തിലാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ മര്‍കസ് സാധിച്ചെടുത്ത ദീനീ അന്തരീക്ഷം എത്ര ഉദാത്തമാണ്! മര്‍കസിന്റെ തുടക്കവും പ്രവര്‍ത്തനവും ഭാവി പദ്ധതികളും ഈ സാഹചര്യങ്ങളെയും പശ്ചാത്തലങ്ങളെയും വായിച്ച ശേഷമാണ് വിലയിരുത്തേണ്ടത്.
മുസ്‌ലിംകള്‍ രണ്ടുതരം വിദ്യാഭ്യാസവും നേടണം. സ്‌കൂള്‍ വിദ്യാഭ്യാസം ഇസ്‌ലാമിക ജീവിതത്തിന് ഭീഷണിയാകാതിരിക്കാന്‍ ആത്മീയ വിദ്യാഭ്യാസത്തെ സമന്വയിപ്പിക്കണമെന്ന് മര്‍കസ് വിളംബരം ചെയ്തു. ആ പരീക്ഷണം വിജയകരമായിരുന്നു. മുസ്‌ലിം യുവാക്കള്‍ ദീനീ വിജ്ഞാനങ്ങളുടെ അടയാളങ്ങള്‍ പരിരക്ഷിച്ചുകൊണ്ടു തന്നെ ഉയര്‍ന്ന ഭൗതിക വിദ്യ ആര്‍ജിച്ചു. മുസ്‌ലിം രാഷ്ട്രീയ ചിന്തകരും ബിദഈ ചിന്താഗതിക്കാരും മര്‍കസിനോട് തോല്‍ക്കുന്നത് ഈ ചിത്രത്തില്‍ നോക്കുമ്പോഴാണ്-ഇന്ത്യന്‍ ചരിത്രത്തില്‍ ഇസ്‌ലാമിക സംസ്‌കൃതിയുടെ നിര്‍ണായകമായ ഒരു യുഗം തന്നെ മര്‍കസ് ഈ വിപ്ലവത്തിലൂടെ തുന്നിച്ചേര്‍ത്തിരിക്കുന്നു.
പണ്ഡിതന്മാര്‍ക്ക് സ്ഥാനവും സ്വാധീനവും വര്‍ധിപ്പിക്കുന്നതിന് മര്‍കസ് മുന്നോട്ട് വന്നു. പ്രവാചകന്മാരുടെ അനന്തരാവകാശികളായി നേതൃനിരയില്‍ ശോഭിക്കേണ്ട മുസ്‌ലിം പണ്ഡിതന്മാര്‍, പണക്കാരുടെ കൊട്ടാരങ്ങളിലെ കോമാളികളായി ജീവിച്ചുകൊള്ളണമെന്ന അലിഖിത നിയമത്തെ പല പ്രഭുക്കളും രാഷ്ട്രീയക്കാരും താലോലിച്ചു പോരുകയായിരുന്നു. പള്ളി ദര്‍സുകള്‍ നശിപ്പിക്കുക വഴി പണ്ഡിതരുടെ പുതിയ തലമുറയെ വന്ധ്യംകരിക്കാന്‍ പ്ലാന്‍ ചെയ്ത തത്പരകക്ഷികളെ അമ്പരപ്പിച്ചുകൊണ്ട് ഓരോ വര്‍ഷവും 200നും 400നും മധ്യേപണ്ഡിതന്മാര്‍ക്ക് ജന്മം നല്‍കിക്കൊണ്ട് മര്‍കസ് നിറഞ്ഞുനിന്നു. വൃത്തിയും ഭംഗിയുമുള്ള വേഷം, ഭാഷാപാണ്ഡിത്യം, സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിത്വം… പണ്ഡിത ലോകത്തിന്റെ ആ ആഗമനം മര്‍കസിന്റെ സാന്നിധ്യം സമ്മാനിച്ച അനുഗ്രഹങ്ങളില്‍ പ്രധാനമാകുന്നു.
അഗതികളും അനാഥരുമായ പാവപ്പെട്ടവരുടെ ക്യൂ രാജ്യത്തിന്റെ എല്ലാ മൂലകളിലും നീളം കൂടിയതാണ്. ഇവരുടെനേരെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരിഗണനകള്‍ സമര്‍പ്പിക്കാന്‍ പലരും മടിച്ചു നിന്നു. വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും വഴി പാവപ്പെട്ടവര്‍ക്ക് മുഖ്യധാരയില്‍ ഇടം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് മര്‍കസ് നേതൃത്വം നല്‍കി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റല്‍ സ്ഥാപിച്ച് പഠനവും സംരക്ഷണവും നല്‍കി. അര്‍ഹതയുള്ള എല്ലാവര്‍ക്കും പ്രവേശനം നല്‍കേണ്ടി വന്നതിനാല്‍ സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും പരിമിതി പലപ്പോഴും വിഷമം സൃഷ്ടിച്ചെങ്കിലും സാങ്കേതികത്വം പറയുന്നതിനു പകരം സാഹചര്യങ്ങളോട് പൊരുതി മര്‍കസ് ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടു. പാവങ്ങളുടെ അത്താണിയാകാന്‍ മര്‍കസിനും അതിന്റെ സാരഥികള്‍ക്കും സാധിച്ചത് കഠിനമായ പരിശ്രമങ്ങള്‍ കൊണ്ടും ഇഛാശക്തികൊണ്ടുമായിരുന്നു.