മെഡലുകള്‍ വാരിക്കൂട്ടുമ്പോഴും ആദിവാസി പെണ്‍കൊടിക്ക് അമ്പും വില്ലും സ്വപ്‌നം

Posted on: December 18, 2014 12:14 pm | Last updated: December 18, 2014 at 12:14 pm

കല്‍പ്പറ്റ: ആര്‍ച്ചറിയില്‍ ദേശീയതലത്തിലടക്കം മെഡലുകള്‍ വാരിക്കൂട്ടുമ്പോഴും മനീഷക്ക് സ്വന്തമായി അമ്പും വില്ലും സ്വപ്‌നം മാത്രം. വയനാട് തലപ്പുഴ എടമന കോളനിയില്‍ താമസിക്കുന്ന ആദിവാസി പെണ്‍കൊടി മനീഷയാണ് ദാരിദ്ര്യത്തോട് പൊരുതി നേട്ടങ്ങള്‍ കരസ്ഥമാക്കുന്നത്.
പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ മനീഷ ദേശീയ ആര്‍ച്ചറി ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം, വ്യക്തിഗത മല്‍സരത്തില്‍ സില്‍വര്‍, ദേശീയ സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍, മിക്‌സ്ഡ് വിഭാഗത്തില്‍ സില്‍വര്‍, പഞ്ചാബില്‍ നടന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി അമ്പെയ്ത്തില്‍ സില്‍വര്‍, 2013ല്‍ കൈപ്പറമ്പില്‍ നടന്ന സംസ്ഥാന ആര്‍ച്ചറി സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം, സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം, ഇന്റര്‍ യൂണിവേഴ്‌സിറ്റി ടീം ഇനത്തില്‍ സില്‍വര്‍ മെഡല്‍ തുടങ്ങി ഒട്ടനവധി മെഡലുകളാണ് മനീഷയെ തേടിയെത്തിട്ടുള്ളത്.
2013 ല്‍ അസമില്‍ നടന്ന ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡലും ചണ്ഡീഗഢില്‍ നടന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരത്തില്‍ കലിക്കറ്റ് സര്‍വകലാശാലയ്ക്കായി വെള്ളിയും നേടിയിട്ടുണ്ട്.പിതാവ് കൂലിപ്പണിക്കാരനായ ബാലകൃഷ്ണന്റെ അകമഴിഞ്ഞ പിന്തുണയുണ്ടെങ്കിലും മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ഭാരിച്ച ചിലവ് താങ്ങാവുന്നതിലുമേറെയാണ്. ഈ കൊച്ചുമിടുക്കിക്ക് അമ്പും വില്ലും വാങ്ങാന്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.ദേശീയ അമ്പെയ്ത്ത് മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് എറണാകുളത്ത് ക്യാമ്പില്‍ തീവ്ര പരിശീലനത്തിലാണ് മനീഷ.