Connect with us

Kozhikode

കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി വേണമെന്ന് ആവശ്യം

Published

|

Last Updated

കുറ്റിയാടി: കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി സംവിധാനം സ്ഥാപിക്കണമെന്ന് ആവശ്യം. മലയോര മേഖല ഉള്‍പ്പെടെ എട്ട് പഞ്ചായത്തുകളില്‍ നിന്നായി ആയിരത്തോളം രോഗികള്‍ ദിനേന ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്. അപകടങ്ങളും പ്രകൃതി ദുരന്തങ്ങളും ആവര്‍ത്തിക്കുന്ന മേഖലയായിട്ട് പോലും കാഷ്വാലിറ്റി സ്ഥാപിക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
കമ്യൂണിറ്റി സെന്ററായിരുന്ന ഈ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരെയോ മറ്റ് ജീവനക്കാരെയോ നിയമിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല. നിലവിലുണ്ടായിരുന്ന സ്റ്റേ ഡ്യൂട്ടി ഒരാഴ്ചത്തോളം നിലച്ചിരുന്നു. തുടര്‍ന്ന് നിരന്തരം പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സ്റ്റേ ഡ്യൂട്ടി പുനഃസ്ഥാപിച്ചെങ്കിലും എത്രകാലത്തേക്കെന്ന് ഉറപ്പ് പറയാന്‍ ആശുപത്രി സൂപ്രണ്ടിനും കഴിയാത്ത അവസ്ഥയാണ്. അസ്ഥിരോഗ വിഭാഗത്തിലും ഗൈനക്കോളജിയിലും നേരത്തെ രണ്ട് വീതം ഡോക്ടര്‍മാരുണ്ടായിരുന്നു. ഇതിലൊരാള്‍ ഉപരിപഠനത്തിനും മറ്റൊരാള്‍ പ്രസവാവധിയിലുമാണ്. ഇപ്പോള്‍ ഈ രണ്ട് വിഭാഗങ്ങളിലും ഓരോ ഡോക്ടര്‍മാരാണ് സേവനം ചെയ്യുന്നത്.
നിലവില്‍ 13 ഡോക്ടര്‍മാരുണ്ടെങ്കിലും സ്റ്റേ ഡ്യൂട്ടി ചെയ്യാന്‍ എല്ലാവരും മടിക്കുകയാണ്. ഡോക്ടര്‍മാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് ഉച്ചക്ക് ശേഷമുള്ള പരിശോധന നിര്‍ത്തിയത്. അത്യാവശ്യ ഘട്ടങ്ങളില്‍ രാത്രി സമയങ്ങളില്‍പ്പോലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല.
നേത്രരോഗ വിഭാഗത്തിന് ആഴ്ചയില്‍ മൂന്ന് ദിവസം ഒ പി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മിക്ക ദിവസങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കാറില്ലെന്ന് രോഗികള്‍ പരാതിപ്പെടുന്നു.

Latest