സി വി സി നിയമനം: പട്ടിക തയ്യാറാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

Posted on: December 18, 2014 12:16 am | Last updated: December 18, 2014 at 12:16 am

supreme courtന്യൂഡല്‍ഹി: ചീഫ് വിജിലന്‍സ് കമ്മീഷണര്‍(സി വി സി)തസ്തികയിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ 15 പേരുടെ പട്ടിക തയ്യാറാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ജനുവരി 15നകം പട്ടിക മുദ്രവെച്ച കവറിലാക്കി സുപ്രീം കോടതിക്ക് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ അംഗീകാരമില്ലാതെ സി വി സി നിയമനം നടത്തരുതെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.
ചീഫ് വിജിലന്‍സ് കമ്മീഷണര്‍, വിജിലന്‍സ് കമ്മീഷണര്‍മാര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് തീരെ സുതാര്യമായല്ല എന്ന് സെപ്തംബര്‍ 18ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ്, സുപ്രീം കോടതിയുടെ അംഗീകാരമില്ലാതെ സി വി സി നിയമനം നടത്തില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹാത്ഗി ഉറപ്പ് നല്‍കിയത്. സി വി സി, വി സിമാര്‍ എന്നിവരുടെ നിയമനപ്രക്രിയ സുതാര്യമല്ലെങ്കില്‍ സ്വജന പക്ഷപാതത്തിനും സ്വാര്‍ഥതാത്പര്യങ്ങള്‍ക്കും വഴിവെക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ തസ്തികകളിലേക്ക് എന്തുകൊണ്ട് സാധാ പൗരന്മാരെ പരിഗണിക്കുന്നില്ലെന്നും കോടതി ചോദിച്ചിരുന്നു. ഇത്തരം നിയമനങ്ങളുടെ കാര്യത്തില്‍, ഒട്ടേറെ പേരില്‍ നിന്നും കേന്ദ്രത്തിന്‌മേല്‍ സമ്മര്‍ദമുള്ളതിനാല്‍ പുറത്തുനിന്നും അപേക്ഷ ക്ഷണിക്കാന്‍ പ്രയാസമുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ വെളിപ്പെടുത്തിയിരുന്നു. ഈ തസ്തികകളിലേക്ക് ചീഫ് സെക്രട്ടറിയും മറ്റ് 36 സെക്രട്ടറിമാരും ചേര്‍ന്ന് 120 പേരുകള്‍ നിര്‍ദേശിക്കും. ഇതില്‍ നിന്ന് 20 പേരുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കും. ഒടുവില്‍ അതില്‍ നിന്ന് അഞ്ച് പേരുടെ പട്ടിക തയ്യാറാക്കി സെലക്ഷന്‍ കമ്മിറ്റിക്ക് നല്‍കും .
സി വി സി, വി സിമാര്‍ എന്നിവരെ നിയമിക്കുന്ന കാര്യത്തില്‍ മതിയായ പ്രചാരണം നല്‍കുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി