Connect with us

Ongoing News

ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ ലാബുകള്‍ വേണം: മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണത്തിനു മുമ്പ് പരിശോധിക്കാനുള്ള ലാബുകള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ക്ക് സമീപം സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി.
നഗരസഭകളിലും പഞ്ചായത്തുകളിലും ഇത്തരം പരിശോധനാ ലാബുകള്‍ സ്ഥാപിക്കണം. സ്ഥാപിക്കുന്ന ലാബുകളുടെ പ്രവര്‍ത്തനക്ഷമത ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് സംവിധാനം വിലയിരുത്തണം. ഇതു സംബന്ധിച്ച് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളില്‍ തളിക്കുന്ന രാസപദാര്‍ഥങ്ങള്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് പരാതി. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കാന്‍സറിനുവരെ കാരണമാകുന്നതായി പരാതിയില്‍ പറയുന്നു.
ഭക്ഷ്യ വിഷബാധ ഉണ്ടാകുമ്പോള്‍ മാത്രം ആരോഗ്യവിഭാഗം പരിശോധന നടത്തുന്നു. ഇതിന്റെ ഫലം ബെംഗളൂരുവിലെ ലാബില്‍ നിന്ന് കിട്ടണമെങ്കില്‍ മാസങ്ങളെടുക്കും. മാലിന്യം നിറഞ്ഞ കുടിവെള്ളംപോലും അടയന്തിരമായി പരിശോധിക്കാന്‍ സംവിധാനമില്ല.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 5198 കള്ളുഷാപ്പുകളിലെ കള്ള് പരിശോധനക്ക് ഒരു മൊബൈല്‍ ലാബ് മാത്രമാണുള്ളത്. മനുഷ്യ വിസര്‍ജ്യം പരിശോധിക്കാന്‍ ധാരാളം ലാബുകള്‍ ഉണ്ടെങ്കിലും ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ ലാബുകളില്ല. നികുതി ചെക്ക്‌പോസ്റ്റുകള്‍ക്കൊപ്പം ലാബുകള്‍ സ്ഥാപിക്കണമെന്നാണ് പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തമ്പി സുബ്രഹ്മണ്യത്തിന്റെ ആവശ്യം. ഉത്തരവ് ചീഫ് സെക്രട്ടറിക്ക് കൈമാറി.

Latest