അയല്‍ രാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ദീര്‍ഘകാല വിസ നല്‍കുന്നു

Posted on: December 18, 2014 12:49 am | Last updated: December 17, 2014 at 11:49 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഭാവിയില്‍ അവരുടെ പൗരത്വവും സുരക്ഷിതത്വവും ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള സര്‍ക്കാറിന്റെ ദൗത്യമെന്ന നിലക്കാണ് നിലവില്‍ ഒരു വര്‍ഷത്തേക്ക് അനുവദിച്ചിരുന്ന വിസ അഞ്ച് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ കാരണം.
സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രത്യേക ശിപാര്‍ശ അനുസരിച്ചാകും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ച് വര്‍ഷത്തേക്ക് അനുവദിച്ചു നല്‍കുക. ഫോറിനേഴ്‌സ് റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍, ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് വിസ ദീര്‍ഘിപ്പിച്ച് നല്‍കാനുള്ള അധികാരം നല്‍കിയത്. ഇത്തരം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഈ രണ്ട് ഏജന്‍സികള്‍ക്കും ഒരു മാസവും സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങള്‍ക്ക് 21 ദിവസവുമാണ് സമയ പരിധി നിശ്ചയിച്ചത്. ദീര്‍ഘകാല വിസയില്‍ രാജ്യത്ത് തങ്ങുന്ന അയല്‍ രാഷ്ട്രങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂള്‍, കോളജ്, യൂനിവേഴ്‌സിറ്റി, സാങ്കേതിക- പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങളില്‍ നിന്നുള്ള പ്രത്യേക അനുതി കൂടാതെ തന്നെ അഡ്മിഷന്‍ തേടാം.