യൂറോപ്യന്‍ പാര്‍ലിമെന്റിന്റെ പിന്തുണ

Posted on: December 18, 2014 5:18 am | Last updated: December 18, 2014 at 8:52 am

സ്ട്രാസ്ബര്‍ഗ്: ഫലസ്തീന്‍ രാഷ്ട്ര പദവിക്ക് പിന്തുണനല്‍കുന്ന പ്രമേയത്തിന് യൂറോപ്യന്‍ പാര്‍ലിമെന്റിന്റെ പിന്തുണ. എന്നാല്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗങ്ങളായ ചില രാജ്യങ്ങള്‍ നേരത്തെ മുന്നോട്ടുവെച്ചിരുന്ന, ഫലസ്തീനിനെ പെട്ടെന്ന് അംഗീകരിക്കുക എന്ന തത്വത്തിലധിഷ്ഠിതമല്ല യൂറോപ്യന്‍ പാര്‍ലിമെന്റിന്റെ ഇപ്പോഴത്തെ നടപടി.
ഫലസ്തീന്‍ രാഷ്ട്രമെന്ന ആശയത്തെയും ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയത്തെയും യൂറോപ്യന്‍ പാര്‍ലിമെന്റ് പിന്തുണക്കുന്നുവെന്നും ഇത് പരസ്പരമുള്ള വിശ്വാസത്തിലൂടെയും സമാധാനത്തിലൂടെയും മാത്രമേ മുന്നോട്ടുപോകൂവെന്ന് വിശ്വസിക്കുന്നുവെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഉപാധികളില്ലാതെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ പ്രതീകാത്മക വോട്ടിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ ഡെമോക്രാറ്റ്, ഇടതു പാര്‍ട്ടികള്‍, ഗ്രീന്‍ മെമ്പേഴ്‌സ് തുടങ്ങിയവര്‍ നേരത്തെ പാര്‍ലിമെന്റില്‍ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. നേരത്തെ സ്വീഡന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇവയെല്ലാം യൂറോപ്യന്‍ യൂനിയനില്‍ അംഗങ്ങളായ രാജ്യങ്ങളാണ്.
യൂറോപ്യന്‍ പാര്‍ലിമെന്റിലെ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി, അലയന്‍സ് ഓഫ് ലിബറല്‍സ് ആന്‍ഡ് ഡെമോക്രാറ്റ്‌സ് ഫോര്‍ യൂറോപ്പ് എന്നീ പാര്‍ട്ടികള്‍, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഇസ്‌റാഈലുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ആകാവൂ എന്ന് വാദിക്കുന്നവരാണ്.