ഓറിയന്റലിസ്റ്റ് ഉപചാപങ്ങളെ എങ്ങനെയാണ് അറബി ഭാഷ അതിജീവിച്ചത്?

Posted on: December 18, 2014 5:06 am | Last updated: December 17, 2014 at 11:06 pm

വ്യത്യസ്ത സമൂഹിക ചുറ്റുപാടുകളില്‍ കഴിയുന്ന മനുഷ്യ ഹൃദയങ്ങളെ ഖുര്‍ആന്‍ ശക്തമായി യോജിപ്പിക്കുന്നു. ഇത് തിരിച്ചറിഞ്ഞ യൂറോപ്യന്മാര്‍ വിശ്വാസികളുടെ ഹൃദയത്തില്‍ നിന്ന് ഖുര്‍ആനുമായുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്താന്‍ ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്തു. അതിന്റെ ഭാഗമായിരുന്നു വേദഗ്രന്ഥത്തിന്റെ ഭാഷയെ നിഷ്പ്രഭമാക്കാനുള്ള ശ്രമം. മറ്റു മതങ്ങളുടെ വിശ്വാസികള്‍ക്ക് അവരുടെ വേദഗ്രന്ഥത്തോടോ അതിറങ്ങിയ ഭാഷയോടോ ഇല്ലാത്ത ബന്ധം ഖുര്‍ആനുമായി മുസ്‌ലിംകള്‍ക്കുണ്ട്. പ്രവാചകനായ ഈസാ(അ)ന് ഇവതരിപ്പിച്ച ഇന്‍ജീല്‍(ബൈബിള്‍) അരമായിക് ഭാഷയിലാണ്. അഥവാ, സുരിയാനി ഭാഷ. പക്ഷേ, ബൈബിള്‍ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടും ആ ഭാഷകളിലെ പരിഭാഷകളെയും സാക്ഷാല്‍ വിശുദ്ധ വേദവാക്യമായാണ് പരിഗണിക്കപ്പെടുന്നത്. ക്രൈസ്തവരുടെ ആരാധനകള്‍ അവരുടെ പ്രാദേശിക ഭാഷകളിലുള്ള ബൈബിള്‍ അനുസരിച്ച് നടത്തപ്പെടുന്നതില്‍ ഒരു നിയമ തടസ്സവുമില്ല.
പക്ഷേ, ഖുര്‍ആന്‍ പരിഭാഷക്ക് വഴങ്ങുകില്ല. അതിന്റെ ഓരോ പദവും അറബിയാണ്. അറബിയിലുള്ളതേ ഖുര്‍ആനാകൂ. പരിഭാഷ എത്ര കൃത്യമായാലും അര്‍ഥപര്യായങ്ങള്‍ ഉള്‍പ്പെടുത്തിയാലും അത് ഖുര്‍ആനാകില്ല. ഒരു മുസ്‌ലിം, അറബിയാകട്ടെ, അനറബിയാകട്ടെ, ആരാധനകള്‍ മുഴുവന്‍ അറബിയിലാണ് നിര്‍വഹിക്കപ്പെടേണ്ടത്. നിസ്‌കാരത്തിലെ പ്രാര്‍ഥനകളും ജുമുഅ ഖുതുബയുമെല്ലാം അറബിയില്‍ തന്നെ നിര്‍വഹിച്ചില്ലെങ്കില്‍ അവയെല്ലാം നിഷ്ഫലമായിപ്പോകും. ഖുര്‍ആനും അറബിഭാഷയും ആത്മാവും ശരീരവും പോലെ ഒന്നാണ്. ഒന്നില്ലാതെ മറ്റൊന്നിന് നിലനില്‍പ്പില്ല. ഇങ്ങനെ ഒരു വിശ്വാസിയുടെ ഖുര്‍ആനുമായിട്ടുള്ള വിച്ഛേദിക്കാന്‍ കഴിയാത്ത ബന്ധത്തെക്കുറിച്ച് യൂറോപ്യന്‍ പണ്ഡിതനായ നോല്‍ഡോ പറഞ്ഞു: ‘അറബി ഭാഷ ഖുര്‍ആനും ഇസ്‌ലാമും കാരണമായിട്ടല്ലാതെ ലോക ഭാഷയായിട്ടില്ല.’
കൊളോണിയലിസ്റ്റായ വില്യം ജയഫോഡ് ബെല്‍ഗ്രാഫ് ഇക്കാര്യത്തിലുള്ള തന്റെ അസഹിഷ്ണുത ഇങ്ങനെ പ്രകടിപ്പിച്ചു: ‘ഖുര്‍ആനും മക്കാ സംസ്‌കാരവും അറബികളില്‍ ഇല്ലാതാകുന്നത് എന്നോ അന്ന് മാത്രമേ ആധുനിക സിവിലൈസേഷനില്‍ അവര്‍ക്ക് പുരോഗതി പ്രാപിക്കാന്‍ കഴിയൂ. മുഹമ്മദും അദ്ദേഹത്തിന്റെ ഗ്രന്ഥവും ഈ പുരോഗതിക്ക് തടസ്സമാണ്.’
ഓറിയന്റലിസ്റ്റ് സാഹിത്യങ്ങളിലൂടെ മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും ഖുര്‍ആനില്‍ നിന്നകറ്റാനും കഴിയില്ലെന്ന് തിരിച്ചറിഞ്ഞ കൊളോണിയലിസ്റ്റുകള്‍ 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പ്രയോഗിച്ച തന്ത്രമാണ് അവരെ അറബി ഭാഷയില്‍ നിന്നകറ്റുകയെന്നത്. ഖുര്‍ആനും അറബി ഭാഷയും തമ്മിലുള്ള ബന്ധം ശിഥിലമാക്കിയാലേ ലക്ഷ്യം പ്രാപിക്കാന്‍ കഴിയൂ എന്ന് തിരിച്ചറിഞ്ഞ യൂറോപ്യന്മാര്‍ പിന്നീട് അറബി ഭാഷക്കെതിരെ നീങ്ങി.
അറബി ലാറ്റിന്‍ പോലെ ഒരു മൃതഭാഷയാണെന്നും ആധുനിക ലോകത്തിന്റെ ചലനങ്ങളെ ഉള്‍ക്കൊള്ളാന്‍ അത് അശക്തമാണെന്നും അവര്‍ പ്രചരിപ്പിച്ചു. അറബി ഭാഷയെ കുഴിച്ചുമൂടണമെന്നും പകരം മറ്റു മാര്‍ഗങ്ങള്‍ കണ്ടുപിടിക്കണമെന്നും ഓറിയന്റലിസ്റ്റുകള്‍ വാദിച്ചു. ഈ വാദത്തില്‍ നിന്നാണ് പ്രാദേശിക ഭാഷകളും (അല്‍ ലഹ്ജാതു അല്‍ മഹല്ലിയ്യ) സംസാര ഭാഷകളും (അല്‍ ലുഗാത്തുല്‍ ആലമിയ്യ) പകരം വെക്കുക എന്ന ആശയം ഉദ്ദീപിപ്പിക്കപ്പെട്ടത്. യൂറോപ്യന്മാര്‍ വളരെ നേരത്തെ തന്നെ ഇതിന്റെ പഠനത്തിന് പ്രാധാന്യം നല്‍കിയിരുന്നു. ബാറൂന്‍ ഡി വീത്‌സ് എന്ന ഓറിയന്റലിസ്റ്റ് 1664ല്‍ സുവിശേഷ പഠനത്തിന് വേണ്ടി ഒരു പഠനകേന്ദ്രം ആരംഭിക്കാനും അതിന്റെ മാധ്യമം പ്രാദേശിക അറബിയാക്കാനും ആഹ്വാനം ചെയ്യുകയുണ്ടായി. ഇത്തരം സ്ഥാപനങ്ങളെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് നഫൂസ സകരിയ്യ പറയുന്നു: ‘ യൂറോപ്യന്മാരുടെ ശ്രദ്ധ അറബി സംസാര ഭാഷയുടെ അധ്യാപനത്തില്‍ മാത്രമല്ല, ഗ്രന്ഥരചനകളിലും കാണാം. ഇതിന്റെ ഫലമായി ഇത്തരം രചനകളുടെ ഒരു നീണ്ട പട്ടിക തന്നെ ഉണ്ടായി. ഇതില്‍ എടുത്തുപറയത്തക്കതാണ് ഖവാഇദു അല്‍ ശര്‍ഖിയ്യ, ലുഗത്തു ബൈറൂത്തി അല്‍ ആമിയ, ലുഗത്തു മറാകിശുല്‍ ആമിയ്യ, ആമിയ്യ ദിമശ്ഖ്, അറബിയ്യ മിസ്‌റ് തുടങ്ങിയവ. ഈജിപ്ത്, സിറിയ, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ അറബികളെ സംസാര ഭാഷയിലുള്ള അറബിയിലൂടെ തന്നെ ഗ്രന്ഥ രചന നടത്താന്‍ യൂറോപ്യന്മാര്‍ പ്രേരിപ്പിക്കുകയും അതിന്റെ അനിവാര്യത അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിന് അനുകൂലമായ പ്രതികരണമാണ് അവരിലുള്ള അറബി സാഹിത്യകാരന്മാരില്‍ നിന്ന് ഉണ്ടായത്.
സിറിയക്കാരനായ ഇസ്‌കന്‍ദര്‍ മഅ്‌ലൂഫ് സാഹിത്യ അറബിയോട് ഇംഗ്ലീഷുകാരേക്കാള്‍ തീവ്രമായി യുദ്ധം പ്രഖ്യാപിച്ച അറബി സാഹിത്യകാരനാണ്. ശാസ്ത്ര സാഹിത്യ കൃതികളെല്ലാം അറബി സംസാര ഭാഷയില്‍ രചിക്കപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അതിനു ശേഷം യൂറോപ്യരുടെ പരിശ്രമം മുഴുവന്‍ കേന്ദ്രീകരിക്കപ്പെട്ടത് അറബി സംസാരഭാഷയുമായി ബന്ധപ്പെട്ട ഉറവിടങ്ങള്‍ തേടിപ്പിടിക്കലും അവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കലുമായിരുന്നു. അവരുടെ കൃതികളുടെ മുഖവുര തന്നെ ഉപയോഗപ്പെടുത്തിയത് സംസാര ഭാഷയുടെ പ്രസക്തി സമര്‍ഥിക്കാനായിരുന്നു.
സര്‍ വില്യം വീല്‍കോക്‌സ് ഈജിപ്തില്‍ താമസമാക്കിയ സുവിശേഷകനായ എന്‍ജിനീയറാണ്. മഹ്മൂദ് മുഹമ്മദ് ശാക്കിര്‍ എന്ന അറബി സാഹിത്യകാരന്‍ വീല്‍ക്കോക്കിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നു: എന്നെ ഏറ്റവും ഉത്കണ്ഠാകുലനാക്കുന്നത് ഈ ഭാഷയാണ്. അതായത് എഴുത്തില്‍ പ്രയോഗിക്കാത്ത സംസാര ഭാഷ. അതുകൊണ്ട് ഈ സാഹിത്യ അറബിയെ നാം ഉപേക്ഷിച്ചിട്ട് നമ്മുടെ ലുഗത്തുന്‍ ആമിയയിലേക്ക് നാം മടങ്ങുക. ആ ഭാഷയില്‍ തന്നെ രചനകള്‍ നടത്തുക. നമ്മുടെ ശാസ്ത്ര സാഹിത്യങ്ങളൊക്കെ ആ ഭാഷയില്‍ ക്രോഡീകരിക്കുകയും ചെയ്യുക.’ 1893ല്‍ വീല്‍ കോക്‌സ് ചെയ്ത പ്രസംഗം ഇങ്ങനെ: ‘ഈജിപ്തുകാര്‍ കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നാക്കം പോയതിന്റെ പ്രധാന കാരണം, അവര്‍ എഴുതുന്നതും ഗ്രന്ഥ രചന നടത്തുന്നതും സാഹിത്യ അറബിയിലാണ് എന്നത് തന്നെ. സാഹിത്യ അറബിയുടെ പഠനം ഒരു തരം ബുദ്ധിപരമായ തമാശയും സമയം കൊല്ലലുമാണ്. ലാറ്റിന്‍ ഭാഷ മൃതഭാഷയായപോലെ സാഹിത്യ അറബിയും അപ്രകാരം യാഥാര്‍ഥ്യമായിത്തീരും’. അതേസമയം, എന്തുകൊണ്ട് അറബി സാഹിത്യഭാഷയെ ആക്രമിക്കുന്നു എന്ന യാഥാര്‍ഥ്യം മറനീക്കി പുറത്തുവരുന്നത് കാണുക: ‘ദിവ്യ സന്ദേശത്തെ മറ്റൊരു രൂപത്തില്‍ പ്രതിനിധീകരിക്കുന്ന അറബി സാഹിത്യ ഭാഷയുടെ നാശം കൊണ്ടല്ലാതെ മുസ്‌ലിം മനസ്സുകളില്‍ നിന്ന് ഇസ്‌ലാമിക വിശ്വാസത്തെ ഇളക്കാന്‍ കഴിയില്ല. ക്രൈസ്തവ സന്ദേശത്തിന് മുസ്‌ലിം മനസ്സുകളെ സ്വാധീനിക്കാന്‍ കഴിയാത്തതും ഈ സാഹിത്യ ഭാഷ കാരണമാണ്.’ (അല്‍ ഫൈസ്വല്‍, സെപ്തംബര്‍ 1997). ശാത്‌ലേ എന്ന ഓറിയന്റലിസ്റ്റ് ഈ കാര്യം പച്ചയായി പറയുന്നു: ‘ഇസ്‌ലാമിക ചിന്തയെ തകര്‍ക്കാന്‍ മുസ്‌ലിം സമുദായത്തന്റെ ഭാഷപരമായ ഐക്യത്തെ തകര്‍ക്കലല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അതിലൂടെയാണ് ഇനി മുസ്‌ലിംകളെ കാലക്രമേണ ഛിന്നഭിന്നമാക്കി നശിപ്പിക്കാന്‍ കഴിയുന്നത്.’
അറബി ഭാഷയെ നിഷ്പ്രഭമാക്കാനുള്ള ഗൂഢശ്രമം മുസ്‌ലിം സമുദായത്തിലെ തന്നെ എഴുത്തുകാരെയും സാഹിത്യകാരന്മാരെയും ഉപയോഗപ്പെടുത്തി നടപ്പാക്കാനുള്ള ശ്രമങ്ങളും കൊളോണിയലിസ്റ്റുകള്‍ നടത്തി. അവരില്‍ ചിലര്‍ ശത്രുക്കളുടെ കെണിയില്‍ വീണതിന്റെ ഉദാഹരണമാണ് അഹ്മദ് ലുത്വുഫി അസ്സയ്യിദ്. ”ഈ സമുദായത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണം, ഒഴിവാക്കപ്പെടാന്‍ കഴിയാത്ത ഈ സാഹിത്യ അറബിയാണ്. അതുകൊണ്ട് അറബി ഭാഷയെ പുനഃരുജ്ജീവിപ്പിക്കാനും ശക്തി വീണ്ടെടുക്കാനുമുള്ള ഏക മാര്‍ഗം ഒരു ഭാഗത്ത് സംസാര ഭാഷയെ പുനരുജ്ജീവിപ്പിക്കുകയും മറുഭാഗത്ത് ഖുര്‍ആന്റെ ഭാഷയെ തൃപ്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഈ രണ്ട് ഭാഷകളുടെയും ഇടയില്‍ ഒരു സന്ധിയുണ്ടാക്കണമെന്ന് നാം ആഗ്രഹിച്ചാല്‍ അതിന് സുഗമമായ മാര്‍ഗം അറബി സംസാരഭാഷയെ പ്രയോഗത്തില്‍ കൊണ്ടുവരികയെന്നതാണ്.”- അദ്ദേഹം പറയുന്നു.
മുസ്‌ലിം സാഹിത്യകാരന്മാരില്‍ ചിലര്‍ തന്നെ അറബി അക്ഷരങ്ങള്‍ക്ക് പകരം ലാറ്റിന്‍ ലിപി ഉപയോഗിക്കാനും ശാസ്ത്ര പുരോഗതിക്കനുസരിച്ച് സംസാര ഭാഷയെ യൂനിവേഴ്‌സിറ്റികളില്‍ ബോധന മാധ്യമമാക്കാനും നിര്‍ദേശിച്ചു. എന്നാല്‍, അല്‍ അസ്ഹറിലെ മുസ്തഫ സാദിഖ് അല്‍ റാഫിഇയുടെ നേതൃത്വത്തിലുള്ള പണ്ഡിതന്മാര്‍ കൊളോണിയലിസ്റ്റുകളുടെ ഈ നീക്കങ്ങള്‍ക്ക് പിന്നിലുള്ള ചതിക്കുഴി തിരിച്ചറിയുകയും അറബി സാഹിത്യഭാഷക്കെതിരായ ആക്രോശങ്ങളെ അവരുടെ മൂര്‍ച്ചയേറിയ തൂലിക കൊണ്ട് നേരിടുകയും ചെയ്തു. പാരമ്പര്യം നിലനിര്‍ത്താനുള്ള അവരുടെ പോരാട്ടം അവസാനം വിജയം കണ്ടു. മുസ്‌ലിം സാഹിത്യകാരന്മാരെ കൊളോണിയലിസ്റ്റുകളുടെ കുതന്ത്രങ്ങളില്‍ നിന്നും ഉപചാപങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ റാഫിഇയുടെ നേതൃത്വത്തിലുള്ള പണ്ഡിതന്മാര്‍ക്ക് കഴിയുഞ്ഞു. ഡോ. മുസ്തഫ അല്‍ ശക്അ ഈ വിജയത്തെ ഇങ്ങനെ വിലയിരുത്തി: ‘മുസ്ത്വഫ സ്വാദിഖു അല്‍ റാഫിഈയുടെ അറബി ഭാഷയെയും യൂറോപ്യന്‍ പരിഷ്‌കാരത്തെയും സംബന്ധിച്ച ലേഖനങ്ങള്‍ ആശാവഹമായ ഫലം ഉളവാക്കി. ഡോ. മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍, ഡോ. മന്‍സൂര്‍ ഫഹ്മി, അഹ്മദ് ലുത്വുഫി യ അസ്സയ്യിദ്, ഡോ. താഹാ ഹുസൈന്‍ തുടങ്ങിയവരോടുള്ള അദ്ദേഹത്തിന്റെ തൂലിക കൊണ്ടുള്ള പോരാട്ടം ഈ സാഹിത്യകാരന്മാരെ പാശ്ചാത്യ ഭ്രമത്തില്‍ നിന്ന് യഥാര്‍ഥ മതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് കാരണമാക്കി. മതത്തെയും അറബി ഭാഷയെയും പ്രതിരോധിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രതിയോഗികളുടെ വാദമുഖങ്ങളെ നിര്‍വീര്യമാക്കി. ഇതിലൂടെ അല്ലാഹുവിന്റെ വചനം യാഥാര്‍ഥ്യമായി. നിശ്ചയം നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്, നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും. (ബലാഗത്തു അല്‍ ഖുര്‍ആന്‍ ഫീ അദബി അല്‍ റാഫിഇയ്യി)