മലയാളി ബാലികയുടെ മരണം: വിചാരണ തുടങ്ങി

Posted on: December 17, 2014 8:02 pm | Last updated: December 17, 2014 at 8:02 pm

3860607812അബുദാബി: സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയ നാലു വയസുകാരി നിസ ആലമിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിചാരണ തുടങ്ങി. അല്‍ വുറൂദ് അക്കാഡമി പ്രൈവറ്റ് സ്‌കൂളിലെ കെ ജി വണ്‍ വിദ്യാര്‍ഥിനിയാണ് ഒക്ടോബര്‍ ഏഴിന് ബസില്‍ കടുത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചത്. അബുദാബി കുറ്റകൃത്യ കോടതിയിലാണ് ഇന്നലെ വാദം ആരംഭിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി ചൈന ക്ലേ റോഡില്‍ ജനതാ ക്ലബിന് സമീപത്ത് താമസിക്കുന്ന ഖാലിദിയ്യയിലെ നസീര്‍ അഹമ്മദിന്റെയും നബീല അസ്‌കറിന്റെയും രണ്ട് മക്കളില്‍ ഇളയവളായിരുന്നു നിസ ആലം.
കുട്ടിയെ ബസില്‍ മറ്റൊരാള്‍ ആക്രമിച്ചിരിക്കാമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകനായ ഹസ്സന്‍ അല്‍ റിയാമി കോടതിയില്‍ വാദിച്ചത്. സ്‌കൂള്‍ പ്രിന്‍സിപലിനും അഡ്മിനിസ്‌ട്രേറ്റര്‍ക്കും വേണ്ടിയായിരുന്നു അദ്ദേഹം കോടതിയില്‍ ഹാജരായത്. കുട്ടിയുടെ മരണത്തിന് വിദ്യാലയം ഉത്തരവാദിയല്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന വാദം. കുട്ടിയുടെ ദേഹത്തേറ്റ മുറിവുകള്‍ ഇതിനുള്ള സാഹചര്യ തെളിവുകളാവാമെന്നും അല്‍ റിയാമി കോടതിയില്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചു. പ്രിന്‍സിപല്‍ ഉള്‍പെടെ അഞ്ചു പേരാണ് പ്രതിപ്പട്ടികയിലുള്ളത്. വാഹനത്തിലെ അമിതമായ ചൂടാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ഫാമിലി പ്രോസിക്യൂഷന്‍ വാദിച്ചു. പ്രിന്‍സിപല്‍ ഉള്‍പെടെയുള്ളവരുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് ഇത്തരം ഒരു ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു.
സ്‌കൂള്‍ ബസിന്റെ ഉടമ, ബസ് ഡ്രൈവര്‍, ക്ലീനര്‍ എന്നിവരും കേസില്‍ പ്രതികളാണ്. രാവിലെ വീട്ടില്‍ നിന്നു സ്‌കൂളിലേക്ക് പോയ കുട്ടി മരണപ്പെട്ടതായി ഉച്ചക്ക് രക്ഷിതാക്കള്‍ക്ക് വിവരം കിട്ടുകയായിരുന്നു. കുട്ടികളെ വിദ്യാലയത്തിലേക്ക് എത്തിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക സംവിധാനങ്ങളും ഈ ബസിന് ഉണ്ടായിരുന്നില്ലെന്ന് സംഭവം നടന്ന ഉടന്‍ വാര്‍ത്ത വന്നിരുന്നു. പൊതുയാത്രക്ക് ഉപയോഗിക്കുന്ന വാഹനമായിരുന്നു ഇതെന്നും ബസ് പരിശോധിക്കാന്‍ വിദ്യാലയ അധികൃതര്‍ നിയോഗിച്ച ആള്‍ വിദ്യാലയത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നുവെന്നുമെല്ലാം അബുദാബി പോലീസിന്റെ അന്വേഷണത്തില്‍ നേരത്തെ ബോധ്യപ്പെട്ടിരുന്നു. വിദ്യാലയ അധികൃതരില്‍ നിന്നു കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി അബുദാബി പോലീസ് കുറ്റാന്വേഷണ വിഭാഗവും അന്വേഷണത്തിനിടെ വ്യക്തമാക്കിയിരുന്നു. ഭരണഘടനയിലെ അനുച്ഛേദം അഞ്ചിന്റെ നഗ്നമായ ലംഘനമാണ് സംഭവത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വിചാരണ വരും ദിവസങ്ങളില്‍ തുടരും.
നിരപരാധിയായ പിഞ്ചു ബാലിക ദാരുണമായി മരിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ക്ക് യാതൊരു കുറ്റബോധവുമില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. ലൈസന്‍സില്ലാത്ത ഡ്രൈവറും ശുചീകരണ തൊഴിലാളിയെ ബസ് പരിശോധിക്കാന്‍ ഏല്‍പ്പിച്ചതുമെല്ലാം അക്ഷന്തവ്യമായ തെറ്റാണ്. ബസിലുണ്ടായ അമിതമായ ചൂടാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്നും കുറ്റാന്വേഷണ വിഭാഗം മേധാവി അന്ന് പറഞ്ഞിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാല്‍ ക്ലീനറുടെ ജോലി തനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് വിദ്യാലയ അധികൃതരെ അറിയിച്ചിരുന്നുവെന്ന് കസ്റ്റഡിയില്‍ കഴിയുന്ന സ്ത്രീ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. ബസില്‍ ബാലികയുടെ മൃതദേഹം കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ഉടന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വിവരം കൈമാറുകയായിരുന്നുവെന്നും ഡ്രൈവറും മൊഴി നല്‍കിയിരുന്നു.
കുട്ടികള്‍ വിദ്യാലയത്തില്‍ എത്തിയില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കി രക്ഷിതാക്കള്‍ക്ക് എസ് എം എസ് ലഭിക്കേണ്ടതായിരുന്നെങ്കിലും ഇക്കാര്യത്തിലും വിദ്യാലയത്തിന് വീഴ്ച പറ്റിയെന്നും പോലീസ് അന്വേഷണം വ്യക്തമാക്കുന്നു.