വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയിലെ കോഴ്‌സുകള്‍ മര്‍കസില്‍ ആരംഭിക്കണം: വൈസ് ചാന്‍സിലര്‍

Posted on: December 17, 2014 10:48 am | Last updated: December 17, 2014 at 10:48 am

കോഴിക്കോട്: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയിലെ വെറ്ററിനറി കോഴ്‌സുകള്‍ മര്‍കസ് ആരംഭിക്കണമെന്നും അതിനുള്ള മുഴുവന്‍ സൗകര്യങ്ങളും ചെയ്ത് കൊടുക്കാന്‍ സര്‍വകലാശാല തയ്യാറാണെന്നും വൈസ് ചാന്‍സിലര്‍ ഡോ. ബി അശോക് ഐ എ എസ്.
സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും പിന്നിലാക്കുന്ന രൂപത്തിലുള്ള വിദ്യാഭ്യാസ മുന്നേറ്റം നടത്തിക്കൊണ്ട് പോകുന്ന മര്‍കസിന് ഇക്കാര്യത്തില്‍ കൂടുതല്‍ സംഭാവനകള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ മര്‍കസില്‍ മര്‍കസ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥപനങ്ങളും ട്രസ്റ്റുകളും രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ അലിഗഡ് സര്‍വകലാശാല വലിയൊരുദാഹരണമാണ്. ബംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാല അടുത്ത അഞ്ച് വര്‍ഷത്തേക്ക് 5000 കോടി രൂപയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് കൊണ്ടുവരുന്നത്. ഈയര്‍ഥത്തില്‍ മര്‍കസിന്റെ വിദ്യാഭ്യസ മുന്നേറ്റത്തില്‍ വലിയ പ്രതീക്ഷയും സന്തോഷവും ഉണ്ട്.
ഇന്ത്യയിലെ വിദ്യാഭ്യാസ പ്രക്രിയയെ ജനകീയമാക്കിയതില്‍ മര്‍കസിനും അതിന്റെ സാരഥി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.