മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് ഉദ്ഘാടനം 19ന്‌

Posted on: December 17, 2014 12:24 am | Last updated: December 16, 2014 at 11:24 pm

താമരശ്ശേരി: മര്‍ക്കസ് നോളജ് സിറ്റിയിലെ പ്രഥമ സംരംഭമായ യൂനാനി മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതുപ്പാടി കൈതപ്പൊയിലില്‍ 125 ഏക്കറില്‍ സ്ഥാപിക്കുന്ന നോളജ് സിറ്റിയില്‍ മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഒന്നാം ബ്ലോക്ക് പൂര്‍ത്തി വരികയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. കാരന്തൂര്‍ മര്‍കസിന്റെ മുപ്പത്തി ഏഴാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നോളജ് സിറ്റിയില്‍ നടക്കുന്ന പ്രവാസി സംഗമം ന്യൂനപക്ഷ ക്ഷേമ വകുപ്പുമന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. കലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം അവാര്‍ഡ് ദാനം നിര്‍വഹിക്കും. കലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തും. ശിഫാ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ ടി റബീഉല്ല, ഐ ടി എല്‍ ഗ്രൂപ്പ് സി എം ഡി സിദ്ദീഖ് അഹമ്മദ്, സിറാജ് യു എ ഇ എഡിറ്റര്‍ ഇന്‍ചാര്‍ജ് കെ എം അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിക്കും.
നാലുമണിക്ക് ആരോഗ്യവകുപ്പു മന്ത്രി വി എസ് ശിവകുമാര്‍ യൂനാനി മെഡിക്കല്‍ കോളേജിന്റെ ആദ്യബ്ലോക്ക് ഉദ്ഘാടനം ചെയ്യും. സി മോയിന്‍കുട്ടി എം എല്‍ എ അധ്യക്ഷത വഹിക്കും. എം ഐ ഷാനവാസ് എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, എ എം ശംസീര്‍, ഡോ. അജ്മല്‍, എന്‍ എം സലീം തുടങ്ങിയവര്‍ സംബന്ധിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അലവി സഖാഫി കായലം, കണ്‍വീനര്‍ മുഹമ്മദലി കാവുംപുറം, സാബിത് അബ്ദുല്ല സാഖാഫി, പി ടി അഹമ്മദ്കുട്ടി ഹാജി, ഡോ. അഷ്‌കര്‍, ജാഫര്‍ എലിക്കാട് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.