Connect with us

Ongoing News

കേരള പി വി സിയുടെ പ്രബന്ധവിവാദം: വിജിലന്‍സ് അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറുടെ ഗവേഷണ പ്രബന്ധം പകര്‍ത്തി എഴുത്താണെന്ന ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ടി എന്‍ പ്രതാപന്‍ എം എല്‍ എയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാലിക്കറ്റ് സര്‍വകലാശാലയിലെ 2006 മുതലുള്ള മുഴുവന്‍ പി എച്ച് ഡി ഗവേഷണപ്രബന്ധങ്ങളും പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ടി എന്‍ പ്രതാപന്‍ ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിയത്. എന്നാല്‍, ഇതുസംബന്ധിച്ച് പരാതിക്കാര്‍ പരാമര്‍ശിച്ചിട്ടുള്ള വീരമണികണ്ഠന്റെ പ്രബന്ധത്തെക്കുറിച്ചായിരിക്കും കമ്പ്യൂട്ടര്‍ വൈദഗ്ധ്യമുള്ള വിജിലന്‍സ് സംഘം പരിശോധിക്കുക. ഗവേഷണപ്രബന്ധങ്ങളുടെ ആധികാരികത വിജിലന്‍സ് ഉദ്യോഗസ്ഥരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നതായിരുന്നു പ്രതാപന്റെ കത്തിലെ ആവശ്യം. 2006 മുതലുള്ള പി എച്ച് ഡി ഗവേഷണ പ്രബന്ധങ്ങള്‍ സര്‍വകലാശാലയില്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. അതിനാലാണ് ഈ കാലയളവ് മുതലുള്ള പ്രബന്ധങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കേരളാ സര്‍വകലാശാലാ പി വി സി. എന്‍ വീരമണികണ്ഠന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് നേടിയ പി എച്ച് ഡി മോഷണമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പി എച്ച് ഡി നേടിയ അര്‍ഹരായ അധ്യാപകരെയും സംശയത്തിന്റെ മുള്‍മുനയിലാക്കും.

Latest