ആറ് കോടി തട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍

Posted on: December 17, 2014 2:00 am | Last updated: December 16, 2014 at 11:00 pm

കുന്നംകുളം: വീചിക കുറി കമ്പനി എന്ന പേരില്‍ കുറി നടത്തി 3000 ആളുകളില്‍ നിന്ന് ആറ് കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കുന്നംകുളം ഡി വൈ എസ് പി കെ കെ രവീന്ദ്രന്‍ അറസ്റ്റ് ചെയ്തു .
പഞ്ചവടി എടക്കഴിയൂര്‍ കല്ലിങ്ങല്‍ കാസിമിന്റെ ഭാര്യ ഹസീന കാസിം (43), എങ്ങണ്ടിയൂര്‍ ചേറ്റുവ എം ഐ ഹോസ്പിറ്റലിന് സമീപം കണ്ടം കോരന്‍ വീട്ടില്‍ പ്രതാപന്റെ ഭാര്യ ഇന്ദിര പ്രതാപന്‍ (40) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ ഇതിന്റെ നടത്തിപ്പുകാര്‍ മാത്രമാണെന്ന് പോലീസ് പറഞ്ഞു . ഈ കേസിലെ പ്രധാന പ്രതികളും കുറികമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമാരുമായ ആലുവ ആലുങ്ങല്‍ ഗോവിന്ദന്റെ മകന്‍ ശ്രീധരന്‍ കുന്നംകുളത്തെ വാസുദേവന്റെ മകനും ഭാരത് ഹോട്ടല്‍ ഉടമയുമായ ഭാരത് വാസു എന്നിവരെയും ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ശ്രീധരനും വാസുവും ഒളിവിലാണ് തൃശൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലുളള അഞ്ച് ശാഖകളില്‍ നിന്നാണ് 3000 പേരില്‍ നിന്നും ആറ് കോടി പ്രതികള്‍ തട്ടിയെടുത്തത്.
വെളിയംകോട്, കാലടി, അടിമാലി, ആലത്തൂര്‍, കുന്നംകുളം മേഖലകളിലാണ് പ്രതികള്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത്. കുറികമ്പനി പൊളിഞ്ഞിട്ട് ദിവസങ്ങളായി. തട്ടിപ്പിനിരയായവര്‍ ഡി വൈ എസ് പിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഈ പരാതികളെല്ലാം ഡിവൈ എസ് പി, സി ഐക്ക് കൈ മാറി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരാതിയുടെ മേല്‍ നടപടിയെടുക്കാല്‍ വൈകുന്നു എന്നാരോപിച്ച് തട്ടിപ്പിനിരയായവര്‍ അടുത്ത ദിവസം ഡി വൈ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താനിരിക്കെയാണ് രണ്ട് പേര്‍ പോലീസ് പിടിയിലാകുന്നത്. പ്രതികള്‍ ഈ പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയാണെന്ന് പോലീസ് പറഞ്ഞു.