Connect with us

International

ഞെട്ടല്‍ വിട്ടുമാറാതെ ജമാല്‍ അബ്ദുന്നാസര്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക് താലിബാന്‍ തീവ്രവാദികള്‍ പെഷവാറിലെ സ്‌കൂളില്‍ നടത്തിയ ഭീകരപ്രവൃത്തികളുടെ നടുക്കം ഇപ്പോഴും ജമാല്‍ അബ്ദുന്നാസറിന് വിട്ടുമാറിയിട്ടില്ല. സംഭവം നടക്കുമ്പോള്‍ സ്‌കൂള്‍ കവാടത്തിന് സമീപമായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ ആക്രമണത്തിനിരയായ സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്‌കൂളിലെ അധ്യാപകനാണ് ജമാല്‍ അബ്ദുന്നാസര്‍.
“ഇവിടുത്തെ സാഹചര്യം വളരെ ഭയാനകമാണ്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കടുത്ത ഭയത്തിന്റെ പിടിയിലകപ്പെട്ടിരിക്കുന്നു. സംഭവം നടക്കുന്ന സമയത്ത് തങ്ങളുടെ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളിനുള്ളില്‍ ചുരുണ്ടുകൂടി കഴിയുകയായിരുന്നു. സ്‌കൂളില്‍ നിന്ന് തുടരെത്തുടരെ വെടിയൊച്ചകള്‍ കേള്‍ക്കുമ്പോള്‍ താന്‍ സ്‌കൂളിന്റെ കവാടത്തിലുണ്ടായിരുന്നു. പാക് സമയം ഏകദേശം രാവിലെ 11നാണ് ആദ്യ വെടിയൊച്ച കേള്‍ക്കുന്നത്. എന്തോ ചിലത് സംഭവിക്കുന്നതായി എനിക്ക് തോന്നി. ചിലര്‍ സ്‌കൂളിനുള്ളിലേക്ക് ഓടിക്കയറി. ഇതിന് ശേഷം സ്‌കൂളിന്റെ പ്രധാന കവാടം അടച്ചു. ആ സമയത്ത് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. സ്‌കൂളിന്റെ ചുറ്റുഭാഗത്തും പോലീസും സൈന്യവും നിലയുറപ്പിച്ചിരുന്നു. കുറച്ച് സമയത്തിനുള്ളില്‍ തന്നെ പ്രദേശം മുഴുവന്‍ ബ്ലോക്കായി. റോഡിന് പുറത്ത് ആരും ഉണ്ടായിരുന്നില്ല. എന്താണ് അടുത്ത നിമിഷം സംഭവിക്കുക എന്ന് പോലും അറിയില്ലായിരുന്നു. കുട്ടികള്‍ വല്ലാതെ ഭയപ്പെട്ടു. സംഭവ സമയത്ത് ഒരൊറ്റ രക്ഷിതാവിനെയും സ്‌കൂളിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല”. ജമാല്‍ അബ്ദുന്നാസര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.