‘ഇന്ത്യക്കാര്‍ എംബസി വെബ് സൈറ്റില്‍ പേരു വിവരങ്ങള്‍ നല്‍കണം’

Posted on: December 16, 2014 8:32 pm | Last updated: December 16, 2014 at 8:32 pm

CAM01353ദുബൈ: യു എ ഇയിലെ ഇന്ത്യക്കാര്‍ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പേര് വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പറഞ്ഞു. ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു എ ഇയില്‍ ഏതാണ്ട് 21 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇവരില്‍ പലരുടെയും വിവരങ്ങളടങ്ങുന്ന ഡാറ്റാ ബേങ്ക് ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ ഇല്ല. ഇതിന് പരിഹാരം കാണാന്‍ വേണ്ടിയാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്.
ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റിലെ പ്രത്യേക ലിങ്കില്‍ നിന്ന് ഇതിന്റെ അപേക്ഷാ ഫോറം ലഭ്യമാകും. എന്നുമുതലാണ് രജിസ്‌ട്രേഷന്‍ എന്ന് പിന്നീട് അറിയിക്കും. സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത തൊഴിലാളികളും മറ്റും അവരവരുടെ കമ്പനിയുടെ സഹായം തേടേണ്ടതാണ്. കമ്പനികള്‍ ഇക്കാര്യത്തില്‍ മാര്‍ഗ നിര്‍ദേശം നല്‍കണം.
ഈ വര്‍ഷം 415 മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കയച്ചിട്ടുണ്ട്. ഇവിടെയുള്ള ബന്ധുമിത്രാദികളെ സഹായിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനം നയതന്ത്രകാര്യാലയം ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കാന്‍ സന്നദ്ധസേവകരുടെ സഹായം തേടാറുണ്ട്. സന്നദ്ധസേവകര്‍ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് നടത്തുന്നത്. ദുബൈ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി (സി ഡി എ) യുടെ നിയന്ത്രണമുള്ളതിനാല്‍ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് അധികൃതരുമായി ആശയ വിനിമയം നടത്തുകയുണ്ടായി. ഒരു മാസത്തിനകം നിയമത്തില്‍ വ്യക്തത കൈവരുമെന്നാണ് കരുതുന്നത്. ദുബൈയില്‍ അപൂര്‍വം ചില ഇന്ത്യന്‍ സംഘടനകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളു. ഇതില്‍ ദുബൈ ഇന്ത്യന്‍ അസോസിയേഷന്‍ ഉള്‍പെടും. അതേസമയം, ദുബൈ ഇന്ത്യന്‍ അസോസിയേഷന്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും പ്രവര്‍ത്തനം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. മറ്റ് ഇന്ത്യന്‍ അസോസിയേഷനുകള്‍ മഹത്തായ സേവനമാണ് നടത്തുന്നത്.
റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷനിലെ തര്‍ക്കങ്ങള്‍ക്ക് സ്വാഭാവിക പരിണതി ഉണ്ടാകുമെന്നാണ് കരുതുന്നത്. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ദുബൈയിലെയും വടക്കന്‍ എമിറേറ്റിലെയും വിവിധ ജയിലുകളിലുള്ള ഇന്ത്യന്‍ തടവുകാരെ സന്ദര്‍ശിക്കാറുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പെട്ടാണ് മിക്കവരും ജയിലിലായിരിക്കുന്നത്. 690 തടവുകാര്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ നിരപരാധികളായ ആളുകള്‍ക്ക് നിയമസഹായം ലഭിക്കാന്‍ ശ്രമിക്കാറുണ്ട്.
ഇന്ത്യന്‍ തൊഴിലാളികളും കമ്പനികളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ പരാതികിട്ടിയാല്‍ നയതന്ത്ര കാര്യാലയങ്ങള്‍ ഇടപെടുന്നുണ്ട്. ഈ വര്‍ഷം 13 തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞു.
ഏതാണ്ട് 400 ഓളം വിമാന ടിക്കറ്റുകള്‍ തര്‍ക്കത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ കോണ്‍സുലേറ്റ് സഹായം ചെയ്തു. വീട്ടുജോലിക്കാരായ ചിലരുടെ പ്രശ്‌നങ്ങളിലും ഇടപെട്ടിട്ടുണ്ട്. 2008-09 കാലയളവിലാണ് കൂടുതല്‍ തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നത്. വീട്ടുജോലിക്ക് ഇന്ത്യക്കാരെ കൊണ്ടുവരണമെങ്കില്‍ 9,200 ദിര്‍ഹം സെക്യൂരിറ്റി ഡപ്പോസിറ്റ് കെട്ടിവെക്കണമെന്നത് എല്ലാ ജി സി സി രാജ്യങ്ങള്‍ക്കും ബാധകമാണ്. അത് യു എ ഇയിലും തുടരുന്നുണ്ട്.
ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പല സംഗമങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മന്ത്രിമാരും മറ്റും എത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്. തെലുങ്കാന സംസ്ഥാനത്ത് നിന്ന് മന്ത്രി ഈയിടെ യു എ ഇ സന്ദര്‍ശിച്ചു. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ ആഭിമുഖ്യത്തില്‍ നിരവധി സാംസ്‌കാരിക പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഈ മാസം 27ന് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ ടി പി ശ്രീനിവാസന്റെ പുസ്തകം ദുബൈ കോണ്‍സുലേറ്റില്‍ പ്രകാശനം ചെയ്യുമെന്നും അനുരാഗ് ഭൂഷണ്‍ പറഞ്ഞു.