മര്‍കസ് സമ്മേളനം: വിഭവങ്ങള്‍ എത്തിത്തുടങ്ങി

Posted on: December 16, 2014 6:06 am | Last updated: December 16, 2014 at 12:08 pm

DSC_01972കോഴിക്കോട്: രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം എന്ന ശീര്‍ഷകത്തില്‍ ഈ മാസം 18-21 തീയതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നടക്കുന്ന വിഭവസമാഹരണ പരിപാടിക്ക് ആവേശോജ്ജ്വല പ്രതികരണം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ മര്‍കസില്‍ എത്തിത്തുടങ്ങി. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റികള്‍ സഹോദര സംഘടനകളുമായി സഹകരിച്ചു സമാഹരിച്ച വിഭവങ്ങളാണ് വിവിധ ജില്ലകളില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ നിന്ന് ഇന്നലെ നൂറോളം വാഹനങ്ങളിലായെത്തിയ വിഭവങ്ങള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മര്‍കസ് സാരഥികള്‍ സ്വീകരിച്ചു. എസ് ജെ എം ജില്ലാ സാരഥികളായ സി എം യൂസുഫ് സഖാഫി, യൂസുഫ് അലി സഅദി, അബ്ദു നാസിര്‍ സഖാഫി, അബ്ദു നാസിര്‍ അഹ്‌സനി, അലി അക്ബര്‍ സഖാഫി എന്നിവരുടെ നേതൃത്വത്തിലെത്തിയ വിഭവ ജാഥയെ കുന്ദമംഗലത്ത് സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്ല്യാപള്ളി, ബി പി സിദ്ദീഖ് ഹാജി, ലത്വീഫ് സഖാഫി തുടങ്ങിയവര്‍ വരവേറ്റ് മര്‍കസിലേക്കാനയിക്കുകയായിരുന്നു.
മര്‍കസ് ക്യാമ്പസില്‍ നടന്ന അനുമോദന സംഗമത്തില്‍ എസ് ജെ എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ആധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മറ്റെല്ലാ മേഖലകളിലുമെന്ന പോലെ വിഭവ സമാഹരണത്തിലും മുഅല്ലിംകളുടെ സേവനവും ആത്മാര്‍ഥതയും ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. എ പി മുഹമ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്യാപള്ളി, സി എം യൂസുഫ് സഖാഫി പ്രസംഗിച്ചു. ഇന്ന് മലപ്പുറം ജില്ല ഒഴികെയുള്ള മുഴുവന്‍ ജില്ലകളില്‍ നിന്നുമുള്ള വിഭവങ്ങള്‍ മര്‍കസിലെത്തും. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ മലപ്പുറം ജില്ലാ വിഭവസമാഹരണ ജാഥ നാളെ മര്‍കസില്‍ എത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ALSO READ  മര്‍ച്ചന്റ്‌സ് ചേംബര്‍ ഇന്റര്‍നാഷനല്‍ സെമിനാര്‍ സമാപിച്ചു