Connect with us

Sports

സീക്കോയുടെ വിശ്വസ്തനായ ദേബു

Published

|

Last Updated

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോക്കൗട്ട് റൗണ്ട് കാണാതെ ആദ്യം പുറത്താവുക എഫ് സി ഗോവയാകുമെന്ന് കണ്ണുമടച്ച് പറഞ്ഞവരുണ്ട്. ബ്രസീലിന്റെ ഇതിഹാസ താരമായിരുന്ന സീക്കോ പരിശീലകനായിട്ട് കൂടെയുണ്ടായിട്ടും എഫ് സി ഗോവ ഗതിപിടിക്കാത്തത് കണ്ടിട്ടായിരുന്നു ഈ പറച്ചില്‍. പക്ഷേ, എല്ലാം മാറി മറഞ്ഞു. സെമിഫൈനല്‍ പുരോഗമിക്കുമ്പോള്‍ അതിലൊരു ടീം സീക്കോയുടെ ഗോവയാണ്. ആന്ദ്രെ സാന്റോസ്, യാന്‍ സിദ, മിറോസ്ലാവ് സ്ലെപിക, റോമിയോ ഫെര്‍നാണ്ടസ്, നാരായണ്‍ ദാസ്, മന്ദര്‍ റാവു ദേശായ് എന്നിങ്ങനെ നീളുകയാണ് ഗോവയുടെ രക്ഷാനിര. എന്നാല്‍, ഒരാളെ പ്രത്യേകം പരാമര്‍ശിക്കണം. ദേബു എന്ന് സഹതാരങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ദേബബ്രത റോയ്. സീക്കോയുടെ തന്ത്രങ്ങളില്‍ ദേബുവിനെ കഴിഞ്ഞേ ആര്‍ക്കും ഇടമുള്ളൂ. ടൂര്‍ണമെന്റില്‍ പതിനഞ്ച് മത്സരങ്ങളില്‍ പതിനാലിലും ഈ കൊല്‍ക്കത്തക്കാരന്‍ കളിച്ചു.
ഫുട്‌ബോളിനെ ജീവവായുവായി സ്വീകരിച്ച കുടുംബത്തില്‍ നിന്നാണ് ദേബു വരുന്നത്. അതു കൊണ്ടു തന്നെ ഇരുപത്തെട്ടുകാരന്റെ കാലില്‍ പന്തെത്തുമ്പോള്‍ തളര്‍ച്ചയും വിളര്‍ച്ചയുമില്ല. ടീമിന് വേണ്ടി ഏതറ്റം വരെയും പൊരുതുക. ഈയൊരു ജനിതക ഗുണം തന്നെയാകണം സീക്കോയെ ആകര്‍ഷിച്ചത്. റൈറ്റ് ബാക്കില്‍ ഗോവയുടെ വിശ്വസ്തനായി ദേബുവിനെ പ്രതിഷ്ഠിച്ച സീക്കോ ടീം പതറിയപ്പോഴും ആ വിശ്വാസം കാത്തുസൂക്ഷിച്ചു. ടീം പ്രതിസന്ധിയിലായപ്പോഴും കളിക്കാരെ കുറ്റം പറയാന്‍ സീക്കോ ഒരുക്കമല്ലായിരുന്നുവെന്ന് ദേബബ്രത റോയ് ചൂണ്ടിക്കാട്ടുന്നു. താനുള്‍പ്പടെയുള്ള കളിക്കാരില്‍ അദ്ദേഹം വിശ്വാസമര്‍പ്പിച്ചു. ആ വിശ്വാസത്തിന് പലിശസഹിതം കളിക്കാര്‍ തിരികെ കൊടുക്കുന്നതാണ് ഐ എസ് എല്‍ കണ്ടുകൊണ്ടിരിക്കുന്നത്.
സീക്കോയുമായി അടുത്തിടപഴകാന്‍ സാധിക്കുമെന്ന് സ്വപ്‌നേപി കരുതിയതല്ല. അതു പോലെ ലോകഫുട്‌ബോളിലെ പ്രശസ്തരായ കളിക്കാര്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുമെന്നതും. ഇപ്പോഴും ഇതൊക്കെ സത്യമാണോയെന്നറിയാന്‍ നുള്ളി നോക്കാറുണ്ടെന്ന് ദേബു പറയുന്നു.
മഹീന്ദ്ര യുനൈറ്റഡ്, ഈസ്റ്റ്ബംഗാള്‍, ഡെംപോ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ ദേബബ്രത ഇന്ത്യന്‍ ജഴ്‌സിയും അണിഞ്ഞു. ഐ എസ് എല്ലില്‍ ഗോവക്ക് വേണ്ടി കളിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. എഫ് സി ഗോവയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുന്ന കളിക്കാരെ സീക്കോ നല്‍കുമെന്ന് ദേബു പറയുന്നു. റോമിയോ ഫെര്‍നാണ്ടസും നാരായണ്‍ ദാസുമൊക്കെ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞുവെന്നും ദേബു നിരീക്ഷിക്കുന്നു.
സീക്കോയുടെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ഏറ്റവും മൂല്യമേറിയ വിഭവമായി അപ്പോഴും ദേബബ്രത ജ്വലിച്ചു നില്‍ക്കുന്നുവെന്ന് മാത്രം.

Latest