ഓസീസിനെ സ്മിത്ത് നയിക്കും

Posted on: December 16, 2014 12:10 am | Last updated: December 16, 2014 at 11:12 am

ബ്രിസ്‌ബെന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ആസ്‌ത്രേലിയന്‍ ടീമിനെ യുവതാരം സ്റ്റീവ് സ്മിത്ത് നയിക്കും. ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് പരുക്കേറ്റ് പുറത്തായതിനാലാണ് സ്മിത്തിന് നേതൃസ്ഥാനം നല്‍കിയത്. ഓസീസിന്റെ 45-ാം ടെസ്റ്റ് ക്യാപ്റ്റനാണ് സ്മിത്ത്. രണ്ടാം ടെസ്റ്റ് നാളെ ബ്രിസ്‌ബെനില്‍. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയും (പുറത്താകാതെ 162), രണ്ടാംം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും (പുറത്താകാതെ 52) നേടിയ സ്മിത്ത് തകര്‍പ്പന്‍ ഫോമിലാണ്. ക്ലാര്‍ക്കിന്റെ അഭാവത്തില്‍ സ്മിത്തിന് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സാധിക്കുമെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ അധികൃതര്‍ അഭിപ്രായപ്പെട്ടു.