ചാമ്പ്യന്‍സ് ലീഗ്: പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി

Posted on: December 16, 2014 4:06 am | Last updated: December 16, 2014 at 11:10 am

UEFA-Champions-League Redപാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ വീണ്ടും ബാഴ്‌സലോണ-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടത്തിന് കളമൊരുങ്ങി. അര്‍ജന്റൈന്‍ താരങ്ങളായ ലയണല്‍ മെസിയും സെര്‍ജിയോ അഗ്യുറോയും നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന നിലയിലും ബാഴ്‌സ-സിറ്റി പ്രീക്വാര്‍ട്ടര്‍ ഡ്രോ ശ്രദ്ധേയമാകുന്നു. ചെല്‍സി- പി എസ് ജി, ആഴ്‌സണല്‍ – മൊണാക്കോ, റയല്‍മാഡ്രിഡ് – ഷാല്‍ക്കെ, അത്‌ലറ്റിക്കോ മാഡ്രിഡ് – ബയെര്‍ ലെവര്‍കൂസന്‍, ബയേണ്‍ മ്യൂണിക്-ഷാക്തര്‍ ഡോനെസ്‌ക്, ജുവെന്റസ് – ബൊറൂസിയ ഡോട്മുണ്ട്, ബാസല്‍ – എഫ് സി പോര്‍ട്ടോ എന്നിങ്ങനെയാണ് മറ്റ് പ്രീക്വാര്‍ട്ടറുകള്‍.
ഫെബ്രുവരി പതിനേഴിനാണ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തിന് കിക്കോഫ്. രണ്ടാം പാദ മത്സരങ്ങള്‍ മാര്‍ച്ച് പത്തിന് ആരംഭിക്കും.
കഴിഞ്ഞ സീസണിലും യൂറോപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി-ബാഴ്‌സലോണ ടീമുകള്‍ ആദ്യ നോക്കൗട്ട് റൗണ്ടില്‍ തന്നെ മുഖാമുഖം വന്നിരുന്നു. ഇരുപാദത്തിലുമായി 4-1ന് ബാഴ്‌സക്കായിരുന്നു ജയം. സിറ്റിയുടെ ഗ്രൗണ്ടായ എത്തിഹാദില്‍ 2-0ന് ജയിച്ച ബാഴ്‌സ സ്വന്തം തട്ടകമായ നൗകാംപില്‍ 2-1നും ജയിച്ചു.
പരുക്ക് അലട്ടുന്ന അഗ്യുറോ ഫെബ്രുവരിയാകുമ്പോഴേക്കും പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തുമെന്നത് സിറ്റിക്ക് പ്രതീക്ഷ നല്‍കുന്നു. യൂറോപ്പില്‍ മേല്‍വിലാസമുണ്ടാക്കാന്‍ പ്രയാസപ്പെടുന്ന സിറ്റി ഇത്തവണയും ഗ്രൂപ്പ് റൗണ്ടില്‍ പരീക്ഷണങ്ങള്‍ തരണം ചെയ്താണ് വരുന്നത്. ഗ്രൂപ്പില്‍ ബയേണ്‍ മ്യൂണിക്കിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായാണ് സിറ്റി പ്രീക്വാര്‍ട്ടറിലെത്തിയത്. അവസാന മത്സരത്തില്‍ റോമക്കെതിരെ തകര്‍പ്പന്‍ ജയമാണ് സിറ്റി കൈവരിച്ചത്. ഇത് നോക്കൗട്ടില്‍ ഗുണം ചെയ്യുമെന്ന് കോച്ച് മാനുവല്‍ പെല്ലെഗ്രിനി ഉറച്ച് വിശ്വസിക്കുന്നു.
കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറില്‍ കണ്ടവരാണ് ചെല്‍സിയും പി എസ് ജിയും. ചെല്‍സിക്കായിരുന്നു ജയം. അന്ന് ചെല്‍സി നിരയിലുണ്ടായിരുന്ന ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസ് ഇന്ന് പി എസ് ജിക്കൊപ്പമാണ്.
ആഴ്‌സണലും മൊണാക്കോയും തമ്മിലുള്ള കളിക്കും പ്രത്യേകതയുണ്ട്. മൊണാക്കോയെ 1987 മുതല്‍ 1994 വരെ പരിശീലിപ്പിച്ച ആര്‍സെന്‍ വെംഗറാണ് ആഴ്‌സണലിന്റെ കോച്ച്. ഗ്രൂപ്പില്‍ നാല് ഗോളുകള്‍ മാത്രം നേടുകയും ഗ്രൂപ്പ് ചാമ്പ്യന്‍മാരാവുകയും ചെയ്ത മൊണാക്കോയെ മറികടക്കാന്‍ ആഴ്‌സണലിന് പ്രയാസമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
റയല്‍മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ക്കും പ്രീക്വാര്‍ട്ടര്‍ എളുപ്പമാണ്. ജുവെന്റസ് – ബൊറൂസിയ ഡോട്മുണ്ട് പ്രീക്വാര്‍ട്ടറില്‍ ആവേശം വിതറും.