കക്കയം ടൂറിസം വികസനം പ്രതീക്ഷയുടെ പച്ചത്തുരുത്തില്‍

Posted on: December 15, 2014 3:22 am | Last updated: December 15, 2014 at 3:23 pm

kakkayam_in_gallery_3bപേരാമ്പ്ര: കക്കയം ടൂറിസം വികസന പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് 1.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ വിനോദ സഞ്ചാരികളുടെ ചിരകാലാഭിലാഷം പൂവണിയുമെന്ന പ്രതീക്ഷക്ക് വീണ്ടും ജീവന്‍വെച്ചിരിക്കയാണ്. നേരത്തെ കക്കയം, പെരുവണ്ണാമൂഴി ടൂറിസം വികസന പദ്ധതിക്ക് കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ച അഞ്ച് കോടി രൂപ കെടുകാര്യസ്ഥത മൂലം നഷ്ടപ്പെട്ടിരുന്നു. അത്തരമൊരവസ്ഥ ഇനിയുണ്ടാകാത്ത വിധത്തില്‍ പദ്ധതിയുടെ പ്രവര്‍ത്തി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിശ്ചിത കാലയളവില്‍ പ്രവര്‍ത്തിപൂര്‍ത്തിയാക്കുന്ന മുറക്ക് രണ്ടാം ഘട്ട വികസനത്തിനും ഫണ്ട് അനുവദിക്കുമെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. 18 മാസക്കാലയളവില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കക്കയവുമായി ബന്ധപ്പെട്ട് നിരവധി നയനമനോഹരങ്ങളായ കാഴ്ചകളാണ് വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഉരക്കുഴി വെള്ളച്ചാട്ടം, കക്കയം ജലവൈദ്യുത പദ്ധതി, ചെറു ദ്വീപുകള്‍, ഹരിതാഭമായ കാനന ഭംഗി, കൊച്ചരുവികള്‍, തെളിനീരൊഴുകുന്ന പാറക്കെട്ടുകള്‍, ഭയാനകമായ താഴ്‌വര തുടങ്ങി സഞ്ചാരികള്‍ക്ക് ആവോളം ആസ്വദിക്കാനുള്ള കാഴ്ചകള്‍ കക്കയം മേഖലയിലുണ്ട്.
കക്കയം പെരുവണ്ണാമൂഴി റിസര്‍വോയര്‍, കാനനഭംഗി ആസ്വദിച്ചുള്ള യാത്രാ സൗകര്യങ്ങള്‍ എന്നിവയൊക്കെ ഈ മേഖലയില്‍ നിലവിലുണ്ട്. കക്കയം റിസര്‍വോയര്‍ ഏരിയയില്‍പ്പെട്ട കരിയാത്തന്‍പാറ, തോണിക്കടവ്, കക്കയം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതിയുടെ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കുന്നത്. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പരിസര ഭാഗങ്ങള്‍കൂടി ടൂറിസം മേഖലയില്‍ ഉള്‍പ്പെടുത്തും. പദ്ധതിയുടെ ഭാഗമായി സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ പല ഭാഗങ്ങളിലായി ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്. വാച്ച് ടവര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഷോപ്പിംഗ് സെന്റര്‍, കഫ്റ്റീരിയ, പാര്‍ക്കിംഗ് ഏരിയ, ടോയ്‌ലറ്റ് സൗകര്യം എന്നിവ ഒരുക്കുന്നതിനുള്‍പ്പെടെയാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്.
നിലവിലുള്ള റോഡ് സൗകര്യം വര്‍ധിപ്പിക്കുകയും ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തി വാഹന സര്‍വീസ് ആരംഭിക്കുകയും ചെയ്താല്‍ വരുമാനം വര്‍ധിക്കുകയും പ്രദേശത്തിന്റെ സമഗ്രവികസനത്തിന് വഴിവെക്കുകയും ചെയ്യും.