Connect with us

Wayanad

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തും: ഇളങ്കോവന്‍

Published

|

Last Updated

ഗൂഡല്ലൂര്‍: ബി ജെ പി അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനകം വിദേശ രാജ്യത്തെ ബേങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ മോദി ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയാന്‍ തയ്യാറാകുന്നില്ലെന്നും പറഞ്ഞത് അത് പോലെ വിഴുങ്ങിയിരിക്കുകയാണിപ്പോഴെന്നും കോണ്‍ഗ്രസ് തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ഇ വി കെ എസ് ഇളങ്കോവന്‍ പറഞ്ഞു. ഊട്ടിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമാ അനാച്ഛാദന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ജയിലില്‍ കഴിയേണ്ടി വന്ന ജയലളിതക്ക് അത് വേണ്ടതായിരുന്നു. ജയലളിത ജയിലിലായപ്പോള്‍ തലമൊട്ടയടിച്ചും മറ്റും വിവിധ സമരമുറകള്‍ ചെയ്തവര്‍ക്ക് പാരിതോഷികവും നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തും.
പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ശക്തമാണ്. രാജീവ് ഗാന്ധി ചില സാമൂഹിക ദ്രോഹികളാല്‍ കൊല്ലപ്പെട്ടത് പാര്‍ട്ടിക്ക് വലിയ ക്ഷീണമായി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിരവധി ക്ഷേമപദ്ധതികള്‍ കൊണ്ടുവന്നിരുന്നു. രാജ്യത്തെ 113 കോടി ജനങ്ങളില്‍ 80 കോടി ജനങ്ങള്‍ ഇന്ന് സെല്‍ഫോണ്‍ ഉപയോഗിക്കുന്നത് രാജീവ് ഗാന്ധി കൊണ്ടുവന്ന പദ്ധതിയുടെ ഫലമാണ്. പ്രധാനമന്ത്രിയാകാനില്ലെന്ന് പറഞ്ഞ് പിന്നോട്ട് നിന്ന സോണിയാഗാന്ധി വലിയ ത്യാഗിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യയില്‍ നില്‍ക്കാന്‍ സമയമില്ല. അദ്ദേഹം ഇപ്പോഴും വിദേശ രാജ്യങ്ങളില്‍ ചുറ്റി നടക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ആനന്ദിക്കുകയാണ്.
അധികാരത്തിലെത്തി 100 ദിവസത്തിനകം വിദേശ രാജ്യത്തെ ബേങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ മോദി അത് പാടെ വിഴുങ്ങിയിരിക്കുകയാണിപ്പോള്‍. കള്ളപ്പണക്കാരുടെ ലിസ്റ്റില്‍ നിന്ന് ഇപ്പോള്‍ ചിലയാളുകളുടെ പേരുകള്‍ കാണുന്നില്ലെന്നും പറയപ്പെടുന്നുണ്ട്.
പച്ചതേയിലയുടെ വില ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പാടെ കുറഞ്ഞിരിക്കുകയാണ്. ജാതിമത ഭേതമന്യേ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. ആര്‍ പ്രഭു അധ്യക്ഷതവഹിച്ചു. സിനിമാ നടി ഖുശ്ബു, മുന്‍ എം പി ജെ എം ഹാറൂണ്‍, സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ശെല്‍വം, രമണി, ഗണേഷന്‍, കെ പി മുഹമ്മദ് ഹാജി, കോശി ബേബി, എച്ച് എം രാജു എന്നിവര്‍ പ്രസംഗിച്ചു. കെ ഹംസ, ഷാജി ചെളിവയല്‍, അബ്ദുപ്പ, എന്‍ എ അഷ്‌റഫ്, മനോഹരന്‍, വെങ്കിടാചലം, കുഞ്ഞാപ്പി നെല്ലാക്കോട്ട, അനസ് എടാലത്ത്, റഫീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഊട്ടി സെന്‍ട്രല്‍ ബസ്റ്റാന്‍ഡിന് സമീപത്ത് സ്ഥാപിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. മുന്‍ കേന്ദ്ര മന്ത്രി ആര്‍ പ്രഭുവാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഒമ്പത് അടി ഉയരമുള്ള രാജീവ് ഗാന്ധിയുടെ വെങ്കല പ്രതിമയാണ് ഊട്ടിയില്‍ സ്ഥാപിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ ചെലവിട്ട് ആര്‍ പ്രഭുവാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഹെലികോപ്ടര്‍ ഇറങ്ങാന്‍ പറ്റാത്തതിനാല്‍ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല.

മോദിക്കെതിരെ ആഞ്ഞടിച്ച്
നടി ഖുഷ്ബു
ഗൂഡല്ലൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍വ്വോപരി ശക്തമായി തിരിച്ചുവരുമെന്ന് നടി ഖുഷ്ബു.ഊട്ടി സെന്‍ട്രല്‍ ബസ്റ്റാന്‍ഡിന് സമീപത്ത് സ്ഥാപിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വെങ്കല പ്രതിമ അനാച്ഛാദന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാതെ വിദേശത്ത് ചുറ്റി നടക്കുകയാണ്. ടൗണുകളും നഗരങ്ങളും ശുചീകരിക്കാന്‍ മുനിസിപാലിറ്റികളുണ്ട്. മുനിസിപാലിറ്റിയില്‍ അതിനായി ജീവനക്കാര്‍ ഉണ്ട്. അതിന് ജനങ്ങളെ ആവശ്യമില്ല.

Latest