റഷ്യക്കെതിരെ പുതിയ ഉപരോധം

Posted on: December 15, 2014 4:31 am | Last updated: December 15, 2014 at 9:34 am

russiaവാഷിംഗ്ടണ്‍: റഷ്യക്കെതിരായ പുതിയ സാമ്പത്തിക ഉപരോധം അമേരിക്കന്‍ കോണ്‍ഗ്രസ് ഐക്യകണ്‌ഠ്യേന പാസാക്കി. ഉക്രൈനിലെ സംഘര്‍ഷത്തിന് പിന്നില്‍ വിമതര്‍ക്ക് സായുധ സഹായം നല്‍കുന്ന റഷ്യയാണെന്ന് വിലയിരുത്തിയാണ് പുതിയ ഉപരോധം പാസാക്കിയത്. സ്വതന്ത്ര ഉക്രൈനെ പിന്തുണക്കുന്ന നിയമം സെനറ്റും ജനപ്രതിനിധി സഭയും വ്യാഴാഴ്ച പാസാക്കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തിരിച്ചെത്തിയ ബില്‍ സെനറ്റ് ഐക്യകണ്‌ഠ്യേന പാസാക്കുകയായിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ചര്‍ച്ച നടത്താനിരിക്കെ ഒരു ദിവസം മുമ്പാണ് സെനറ്റ് ഉപരോധം പാസാക്കിയിരിക്കുന്നത്.
അമേരിക്ക ഏര്‍പ്പെടുത്തുന്ന പുതിയ ഉപരോധത്തോട് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ലെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യയുമായുള്ള സംഘര്‍ഷത്തില്‍ ഉക്രൈനിനെ അമേരിക്ക പിന്തുണച്ചിരുന്നുവെങ്കിലും വന്‍തോതില്‍ ആയുധം വേണമെന്നുള്ള ഉക്രൈനിന്റെ അപേക്ഷക്ക് ഇതുവരെ ഒബാമ അംഗീകാരം നല്‍കിയിരുന്നില്ല. അമേരിക്ക ഇനിയും പ്രതികരിക്കാന്‍ മടിച്ചുനിന്നാല്‍ റഷ്യ ഉക്രൈനിലുള്ള കൈയേറ്റം തുടരുമെന്നും ഇത് സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും സെനറ്റര്‍ ബോബ് ഗോര്‍ക്കര്‍ പറഞ്ഞു.