സി ഐ എ മര്‍ദനം

Posted on: December 15, 2014 4:11 am | Last updated: December 14, 2014 at 9:18 pm

2001 സെപ്തംബര്‍11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഭീകരമുദ്ര ചാര്‍ത്തി അമേരിക്ക അറസ്റ്റ് ചെയ്തവര്‍ക്ക് മേല്‍ നടത്തിയ ക്രൂരമായ മര്‍ദന മുറകള്‍ അമേരിക്കന്‍ സെനറ്റ് സമിതി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. യു എസ് ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി ഐ എ) തടവിലാക്കിയവരില്‍ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ അവലംബിച്ച പ്രാകൃത മാര്‍ഗങ്ങള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയാണ്. അഞ്ച് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം തയ്യാറാക്കിയത് 6000 പേജുള്ള റിപ്പോര്‍ട്ടാണ്. ഇതിന്റെ സംക്ഷിപ്ത രൂപമെന്ന നിലയില്‍ 480 പേജ് മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഈ പേജുകളില്‍ തന്നെ മനുഷ്യത്വരാഹിത്യത്തിന്റെയും വംശീയവെറയുടെയും പകയുടെയും ആയിരമായിരം തെളിവുകള്‍ നിരന്നിരിക്കുന്നു.
ചൂടുവെള്ളത്തില്‍ മുക്കുക, ഐസ് പരുവത്തിലുള്ള വെള്ളത്തില്‍ ഇറക്കി നിര്‍ത്തുക, ജനനേന്ദ്രിയത്തില്‍ സൂചി കയറ്റുക, കൈയും കാലും ബന്ധിച്ച് മര്‍ദിക്കുക, മുഖത്ത് തുപ്പുക, കുടുസു മുറിയില്‍ അടയ്ക്കുക, ലൈംഗികമായി പീഡിപ്പിക്കുക, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവയാണ് പീഡനമുറകള്‍. അവഹേളനങ്ങളും വംശീയ അധിക്ഷേപങ്ങളും വേറെയും. തടവുകാരില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ മനശ്ശാസ്ത്രജ്ഞന്‍മാരെ നിയോഗിച്ചിരുന്നു. ഇരകളുടെ ഭാര്യയെയും കുട്ടികളെയും വിളിച്ച് ഭീഷണിപ്പെടുത്തും. ഇവയൊന്നും പുതിയ കാര്യമല്ല എന്നതാണ് സത്യം. ഇത്തരം മര്‍ദനമുറകള്‍ 2002ലും 2003ലും തങ്ങള്‍ പുറത്തെടുത്തിരുന്നുവെന്ന് 2008ല്‍ തന്നെ സി ഐ എ സമ്മതിച്ചിരുന്നു.
സെനറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അമേരിക്കയുടെ മഹത്വമായി വ്യാഖ്യാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തങ്ങളുടെ ഉദ്യോഗസ്ഥര്‍ ചെയ്ത കുറ്റം ഏറ്റ് പറയാന്‍ തയ്യാറാകുക വഴി മനുഷ്യാവകാശങ്ങളോടുള്ള കരുതലാണ് വ്യക്തമാകുന്നതെന്ന് യു എസ് അനുകൂല മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇസില്‍ തീവ്രവാദികള്‍ക്കെതിരെ പുതിയ ആക്രമണ മുഖങ്ങള്‍ തുറക്കുകയും അഫ്ഗാനില്‍ നിന്നുള്ള സമ്പൂര്‍ണ പിന്‍മാറ്റം ഉപേക്ഷിക്കുകയും ചെയ്ത സാഹചര്യത്തില്‍ ചില സ്വയം വിമര്‍ശങ്ങള്‍ ഗുണം ചെയ്യുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നുണ്ടാകാം. എന്നാല്‍ പിടിച്ചതിനേക്കാള്‍ വളരെ വലുത് മാളത്തില്‍ തന്നെയാണ്. എവിടെയൊക്കെ വെച്ചാണ് പീഡനം നടന്നത്? ആരൊക്കെയാണ് കൊല്ലപ്പെട്ടത്? എന്ത് വിവരമാണ് കിട്ടിയത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. 6000 പേജും പുറത്ത് വിടാത്തത് എന്ത്‌കൊണ്ട് എന്ന ചോദ്യവും അവശേഷിക്കുന്നു. മാത്രമല്ല ഈ ക്രൂരതകളുടെ ഉത്തരവാദിത്വം മുഴുവന്‍ സി ഐ എ ഉദ്യോഗസ്ഥരില്‍ കെട്ടിവെക്കാനുള്ള ശ്രമവും നടക്കുന്നു. അമേരിക്കന്‍ ഭരണകൂടത്തെയും സി ഐ എയും വേര്‍തിരിക്കുകയെന്നത് അസാധ്യമാണെന്ന് ലോകത്ത് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും പ്രസിഡന്റ് ബരാക് ഒബാമ പറയുന്നു: സി ഐ എ ഉദ്യോഗസ്ഥര്‍ ചെയ്തത് അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണെന്ന്. ജോര്‍ജ് ബുഷിന്റെ കീഴില്‍ വൈസ് പ്രസിഡന്റായിരുന്ന സാക്ഷാല്‍ ഡെക് ചെനി തന്നെ ഇതിന് മറുപടി കൊടുത്തിട്ടുണ്ട്. എല്ലാം പ്രസിഡന്റ് ബുഷിനെ അപ്പപ്പോള്‍ അറിയിച്ചിരുന്നുവെന്നും പറഞ്ഞാല്‍ അനുസരിക്കാത്ത തെമ്മാടികളെപ്പോലെയാണ് സി ഐ എ പ്രവര്‍ത്തിച്ചിരുന്നതെന്ന ധാരണ തെറ്റാണെന്നും ഡിക് ചെനി പറയുന്നു.
ഒരു കാര്യം സെനറ്റും സി ഐ എയും അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വവുമെല്ലാം സമ്മതിക്കുന്നുണ്ട്. ക്രൂരമായ മര്‍ദന മുറകള്‍ നിഷ്ഫലമായിരുന്നു. അനാവശ്യമായിരുന്നു. ഈ മര്‍ദനങ്ങളുടെ ദൃശ്യങ്ങളും വിവരണങ്ങളും തീവ്രവാദികള്‍ ആളെക്കൂട്ടാനായി ഉപയോഗിക്കുയാണെന്നും അമേരിക്ക സമ്മതിക്കുന്നുണ്ട്. അത്രയും നല്ലത്. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാണ് യു എസ് ജനതയെ ഇത്രമേല്‍ അരക്ഷിതമാക്കിയത്. ആയുധക്കച്ചവടം പൊടിപൊടിക്കാനും മറ്റ് രാജ്യങ്ങളില്‍ ഇടപെടാനുള്ള പഴുതായും ഈ അരക്ഷിതാവസ്ഥയെ അതത് കാലത്തെ ഭരണകര്‍ത്താക്കള്‍ ഉപയോഗിച്ച് വരികയായിരുന്നു. സെനറ്റ് റിപ്പോര്‍ട്ട് ഭാഗികമായി പുറത്ത് വന്നത് കൊണ്ടായില്ല. തുടര്‍നടപടികള്‍ വേണം. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണം. ഉന്നതതലത്തില്‍ തീരുമാനിക്കപ്പെട്ട നയത്തിന്റെ ഭാഗമായാണ് സി ഐ എ ഇത്തരത്തില്‍ പെരുമാറിയതെന്നുറപ്പാണ്. അതിനാല്‍ ബുഷ് ഭരണകൂടത്തിലെ പ്രമുഖരും വിചാരണ ചെയ്യപ്പെടണം. പീഡനത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. കൃത്യമായ തുടര്‍ നടപടിയുണ്ടായില്ലെങ്കില്‍ ഭാവിയിലെ പ്രസിഡന്റുമാര്‍ ഇതൊരു കീഴ്‌വഴക്കമാക്കി മാറ്റും. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ അമേരിക്കക്ക് ബാധ്യതയുണ്ട്. മനുഷ്യാവകാശത്തിന്റെ പേരില്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചമയ്ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന അമേരിക്കയില്‍ കടുത്ത വംശീയ വിവേചനവും മുസ്‌ലിംവിരുദ്ധ ഭരണകൂട ഭീകരതയും അരങ്ങേറുമ്പോള്‍ അത് ചോദ്യം ചെയ്യാന്‍ ലോകരാജ്യങ്ങളും കൂട്ടായ്മകളും രംഗത്ത് വരികയും വേണം.