Connect with us

Gulf

ജീവനക്കാരെ കിട്ടാനില്ല; ഒറ്റക്ക് കഫ്‌തേരിയ നടത്തി മലയാളി യുവാവ്

Published

|

Last Updated

ഷാര്‍ജ: ജീവനക്കാരുടെ തുണയില്ലാതെ തനിച്ച് കഫ്‌ത്തേരിയ നടത്തി തലശ്ശേരി പെരിങ്ങത്തൂര്‍ സ്വദേശി ടി റാശിദ് ശ്രദ്ധേയനാകുന്നു. ഷാര്‍ജ, അല്‍ നബ്ബയില്‍ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്താണ് റാശിദിന്റെ ഉടമസ്ഥതയിലുള്ള ഏകാംഗ കഫ്‌തേരിയ. ഒരു വര്‍ഷം മുമ്പാണ് 33 കാരനായ ഇയാള്‍ സഹറുത്തുറഹ്മാനിയ്യ എന്ന പേരില്‍ കഫ്‌തേരിയ തുടങ്ങിയത്. ആരംഭത്തില്‍ ഒരു ജീവനക്കാരനുണ്ടായിരുന്നു. അധികം താമസിയാതെ വിസ റദ്ദുചെയ്ത് ഇയാള്‍ നാട്ടിലേക്ക് മടങ്ങി. ഇതോടെ തനിച്ചായ റാശിദ് ജീവനക്കാരെ തേടിയെങ്കിലും കിട്ടിയില്ല. അന്വേഷണം തുടര്‍ന്നു. നിരാശയായിരുന്നു ഫലം. ഒടുവില്‍ അന്വേഷണം നിര്‍ത്തി ഒറ്റക്ക് തന്നെ സ്ഥാപനം നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു.
മാസങ്ങളായി പരസഹായമില്ലാതെ തനിച്ച് നല്ല രീതിയിലാണ് റാശിദ് സ്ഥാപനം മുന്നോട്ട്‌കൊണ്ടുപോകുന്നത്. പാചകക്കാരനും, സപ്ലൈയറും, ഡെലിവറി ബോയിയും എല്ലാം ഈ യുവാവ് തന്നെ. പൊറോട്ട ഒഴികെ ഊണും, മറ്റു പലഹാരങ്ങളും ലഭിക്കും. എല്ലാം ഞൊടിയിടയിലാണ് തയ്യാറാക്കുന്നത്. ജോലിക്കിടെ തന്റെ സ്വന്തം കാര്യങ്ങളും റാശിദ് ഭംഗിയായി നിര്‍വഹിക്കുന്നു. രാവിലെ 6.30ന് തുറക്കും. രാത്രി 10.30നാണ് അടക്കുക. 16 മണിക്കൂറോളം വിശ്രമമില്ലാതെ ജോലി. എങ്കിലും റാശിദ് സംതൃപ്തനാണ്. തുടര്‍ന്നും ഒറ്റക്കു തന്നെ നടത്താനാണ് താത്പര്യം. ജീവനക്കാരെ കിട്ടിയാല്‍ തന്നെ അവരെ ആശ്രയിക്കാതെ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കാമല്ലൊയെന്നാണ് ഇയാളുടെ നിലപാട്.
അലസത കൈവിട്ട് സ്ഥാപനത്തില്‍ തന്നെ ശ്രദ്ധചെലുത്തുകയാണെങ്കില്‍ ചെറുകിട സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ആവശ്യമുണ്ടാകില്ലെന്നാണ് റാശിദ് പറയുന്നത്. മാത്രമല്ല, ജീവനക്കാരുടെ പഴിയും കേള്‍ക്കേണ്ടിവരില്ല. ഒറ്റക്കു സ്ഥാപനം നടത്തി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടുകയാണ് ലക്ഷ്യമെന്ന് റാശിദ് പറഞ്ഞു. ജീവനക്കാരനുണ്ടായിരുന്നപ്പോഴത്തെക്കാള്‍ സംതൃപ്തി തനിച്ച് നടത്തുമ്പോഴാണെന്നും ഇയാള്‍ അഭിപ്രായപ്പെട്ടു.
കഫ്‌തേരിയയിലെ ഊണും മറ്റു പലഹാരങ്ങളും സ്വാദിഷ്ഠമാണെന്ന് ഉപഭോക്താവായ ഹംസ മവ്വല്‍ പറഞ്ഞു. വിലയും കുറവാണ്. അതു കൊണ്ട് തന്നെ സ്ഥാപനത്തില്‍ നല്ല കച്ചവടവും ഉണ്ട്. ഹംസ കൂട്ടിച്ചേര്‍ത്തു.

Latest