സുന്ദരന്‍ വഴിപാടിന് പോയപ്പോള്‍ മറിഞ്ഞത് പഞ്ചായത്ത് ഭരണം

Posted on: December 14, 2014 11:05 am | Last updated: December 14, 2014 at 11:05 am

കാളികാവ്: ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ മുങ്ങിയ മെമ്പര്‍ തിരിച്ചെത്തിയപ്പോഴേക്കും പഞ്ചായത്തിന്റെ ഭരണം തന്നെ മാറി. മഞ്ഞപ്പെട്ടി വാര്‍ഡ് അംഗം കോട്ടമ്മല്‍ സുന്ദരനാണ് തിരിച്ചെത്തിയപ്പോഴേക്കും ഭരണം തന്നെ മാറിയത്.
മുങ്ങിയ സുന്ദരനെ പറ്റി നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. അമ്പലത്തില്‍ വഴിപാട് കഴിക്കാന്‍ പോയതാണെന്ന് സിറാജിനോട് ആവര്‍ത്തിച്ച് പറഞ്ഞത്. കഴിഞ്ഞ പത്തിനായിരുന്നു ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ച തന്നെ സുന്ദരന്‍ മഞ്ഞപ്പെട്ടി വിട്ടിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നു എങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ അതും നിലച്ചു. പിന്നീട് വെള്ളിയാഴ്ചയാണ് സുന്ദരന്റെ ഫോണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. എട്ട് വീതം സീറ്റുകളുള്ള കോണ്‍ഗ്രസും ലീഗും തമ്മിലായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരം നടന്നത്.
സുന്ദരന്‍ വഴിപാട് കഴിക്കാന്‍ പോയതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി പൈനാട്ടില്‍ അഷ്‌റഫ് പ്രസിഡന്റാകുകയും ചെയ്തു. പണം കൊടുത്താണ് സുന്ദരനെ മുക്കിയതെന്ന് ലീഗിനെതിരെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് മെമ്പര്‍ പങ്കെടുക്കാതിരുന്നതെന്ന് ലീഗും ആരോപിച്ചിരുന്നു. രണ്ട് ചോദ്യങ്ങള്‍ക്കും സുന്ദരന്‍ മറുപടി പറഞ്ഞത് ഞാനൊരു രാഷ്ട്രീയക്കാരനല്ലെന്നും പത്താം തീയ്യതിയാണ് വഴിപാട് കഴിക്കാന്‍ ഉത്തമമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതിനാലാണ് അന്നേദിവസം പോയതെന്നും പറഞ്ഞു.
അരീക്കോടുള്ള അമ്പലത്തിലാണ് വഴിപാട് കഴിക്കാന്‍ പോയതെന്നും എടവണ്ണയിലുള്ള ഭാര്യ വീട്ടിലാണ് കഴിഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം പോകാന്‍ പാര്‍ട്ടി അനുവദിക്കാത്തത് കൊണ്ടാണ് മിണ്ടാതെ പോയതെന്നും ഇടക്കിടക്ക് ഞാന്‍ ഇങ്ങനെ പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. താങ്കള്‍ സി പി എം ലേക്ക് പോകുന്നു എന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഞാന്‍ മുമ്പ് സി പി എംകാരനായിരുന്നു എന്നും ഇപ്പോള്‍ അതിനെകുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു.
എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഏതായാലും തയ്യാറല്ല. ഇന്നലെ അടിയന്തിരമായി ചേര്‍ന്ന കോണ്‍ഗ്രസ് ചോക്കാട് മണ്ഡലം കമ്മറ്റി യോഗത്തില്‍ സുന്ദരന്റെ മെമ്പര്‍ സ്ഥാനം രാജിവെക്കാനും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനും ഡി സി സി നേതൃത്വത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്റ് മധു ജോസഫ് പറഞ്ഞു.