Connect with us

Kerala

പി രാമചന്ദ്രന്‍നായരുടെ രാജി കടുത്ത അച്ചടക്ക നടപടി ഉറപ്പായ സാഹചര്യത്തില്‍

Published

|

Last Updated

തിരുവനന്തപുരം: സി പി ഐയിലെ പേയ്‌മെന്റ് സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയംഗം പി രാമചന്ദ്രന്‍നായരുടെ രാജി കടുത്ത അച്ചടക്ക നടപടി ഉറപ്പായ സാഹചര്യത്തില്‍. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെ തുടര്‍ന്ന് സി ദിവാകരന്‍, പി രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമ്മൂട് ശശി എന്നിവര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടി പാര്‍ട്ടി സ്വീകരിച്ചതിന് പിന്നാലെ രാമചന്ദ്രന്‍ നായര്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. പിറ്റേന്ന് തന്നെ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോയ രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ലോകായുക്തയില്‍ ഹരജി എത്തിയതോടെ പേയ്‌മെന്റ് സീറ്റ് വിഷയം വീണ്ടും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെ പല കോണുകളില്‍ നിന്നും രാമചന്ദ്രന്‍ നായര്‍ക്കെതിരെ ചര്‍ച്ചകള്‍ വരികയും ചെയ്തിരുന്നു. ഇതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്ന രാമചന്ദ്രന്‍ നായര്‍ തനിക്കെതിരെ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം എ ഐ ടി യു സി ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ എത്തി അസഭ്യ വര്‍ഷം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ എ ഐ ടി യു സി നേതാക്കള്‍ പാര്‍ട്ടി സംസ്ഥാന സംസ്ഥാന കൗണ്‍സിലിനും ജില്ലാ കൗണ്‍സിലിനും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ അന്വേഷണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതിനിടെയാണ് രാമചന്ദ്രന്‍നായരുടെ രാജി പ്രഖ്യാപനം. ഇനി ഒരു അന്വേഷണം നടന്ന് നടപടി വന്നാല്‍ താന്‍ പാര്‍ട്ടിയിലെ ബ്രാഞ്ച് ഘടകത്തിലോക്കോ, പാര്‍ട്ടിക്ക് പുറത്തേക്കോ പോകുമെന്ന വ്യക്തമായ സൂചന ലഭിച്ച ശേഷമാണ് ശക്തമായ വിമര്‍ശമുയര്‍ത്തി രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടിവിട്ടതെന്നാണ് സൂചന.

പാര്‍ട്ടി നടപടി നേരിട്ട ശേഷം രാമചന്ദ്രന്‍ നായര്‍ നടത്തിയ പ്രതികരണങ്ങളെ ചൊല്ലി പാര്‍ട്ടി ജില്ലാ കൗണ്‍സിലില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായിരുന്നു. അപ്പോഴത്തെ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് അത്തരം വിമര്‍ശനങ്ങള്‍ നടത്തിയതെന്ന രാമചന്ദ്രന്‍ നായരുടെ വിശദീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അന്ന് പാര്‍ട്ടിയില്‍ ഉയര്‍ന്നത്. രാമചന്ദ്രന്‍ നായര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അച്ചടക്ക നടപടിയെടുത്ത പല നേതാക്കളെയും തിരികെ അതാത് സ്ഥാനങ്ങളില്‍ തന്നെ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തീരുമാനിച്ചിരുന്നു. ഇതിലും അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. രാമചന്ദ്രന്‍നായരെ ജില്ലാ സമ്മേളന പ്രതിനിധിയാക്കാന്‍ മണ്ഡലം കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവില്‍ വന്നെങ്കിലും ഇക്കാര്യത്തിലും എക്‌സിക്യുട്ടീവ് തീരുമാനമെടുത്തിരുന്നില്ല. ഇക്കാര്യം മണ്ഡലം കമ്മിറ്റി തീരുമാനിക്കട്ടെയെന്നായിരുന്നു ജില്ലാ എക്‌സിക്യുട്ടീവിന്റെ നിലപാട്. ഇതോടെ രാമചന്ദ്രന്‍ നായര്‍ക്ക് ജില്ലാ സമ്മേളനത്തില്‍ വോട്ടവകാശമുള്ള പ്രതിനിധിയായി പങ്കെടുക്കാനുള്ള സാധ്യതയും വിരളമായി. ഇതും പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതായാണ് സൂചന.
സി പി ഐ വിടുന്നുവെന്ന പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നെ രാമചന്ദ്രന്‍ നായര്‍ സി പി എം നേതൃത്വവുമായി കഴിഞ്ഞ ദിവസങ്ങളില്‍ ആശയ വിനിമയം നടത്തിയതായും സൂചനയുണ്ട്. താന്‍ ഇടതുപക്ഷത്ത് തന്നെ ഉറച്ചു നില്‍ക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതിന്റെ സൂചനയാണ്.

Latest