ഛത്തീസ്ഗഢിലെ കൂട്ട മതപരിവര്‍ത്തനത്തില്‍ ബി ജെ പി എം പി പങ്കെടുത്തു

Posted on: December 14, 2014 4:55 am | Last updated: December 13, 2014 at 10:59 pm

conversionബസ്താര്‍(ഛത്തീസ്ഗഢ്): ഛത്തീസ്ഗഢില്‍ നടന്ന കൂട്ടമതപരിവര്‍ത്തന ചടങ്ങില്‍ ബി ജെ പി എം പി പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രമുഖ ചാനല്‍ പുറത്ത് വിട്ടു. ആഗ്രയിലെ മതപരിവര്‍ത്തനത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ കത്തി നില്‍ക്കേയാണ് ഒക്‌ടോബറില്‍ ഛത്തീസ്ഗഢിലെ ബസ്താറില്‍ നടന്ന മതപരിവര്‍ത്തന ചടങ്ങില്‍ പാര്‍ലിമെന്റംഗം പങ്കെടുത്തതിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 33 ക്രിസ്റ്റ്യന്‍ കുടുംബങ്ങളെ പരിവര്‍ത്തനം നടത്തുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പാര്‍ട്ടി എം പി ദിനേശ് കശ്യപ് മതചടങ്ങുകള്‍ നിര്‍വഹിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതായി എം പിയും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മാപ്പ് ചോദിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് മതപരിവര്‍ത്തന ചടങ്ങല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇത് പുനഃമതപരിവര്‍ത്തന ചടങ്ങാണ്. ആഗ്രയില്‍ നടന്നത് പോലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന ചടങ്ങല്ലിതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഹിന്ദു മതത്തില്‍ നിന്ന് ക്രിസ്റ്റ്യന്‍ മതത്തിലേക്ക് പോയവര്‍ക്ക് തിരികെ വരാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.