ഐ എസ് എല്‍ ഗോളടിയില്‍ ബ്രസീല്‍-ഇന്ത്യ പോര്

Posted on: December 13, 2014 12:48 pm | Last updated: December 13, 2014 at 3:03 pm

elanoblumerമുംബൈ: ലോകത്തെ ഒട്ടു മിക്ക ഫുട്‌ബോള്‍ ലീഗുകളിലും ബ്രസീലിയന്‍ താരങ്ങള്‍ക്ക് ആധിപത്യമുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും സ്ഥിതി വ്യത്യസ്തമല്ല. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ളത് ബ്രസീലിയന്‍ താരങ്ങള്‍ തന്നെ. എന്നാല്‍ മറ്റു ലീഗുകളില്‍ നിന്ന് വ്യത്യസ്തമായി ബ്രസീലിന് ഭീഷണി ഉയര്‍ത്തുന്നത് നമ്മുടെ രാജ്യത്തെ താരങ്ങളാണെന്നതാണ് ഐഎസ്എല്ലിന്റെ പ്രത്യേകത.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഗോളടിയില്‍ ബ്രസീലും ഇന്ത്യയും തമ്മിലാണ് മുഖ്യപോരാട്ടം. ലീഗ് റൗണ്ടില്‍ വിവിധ ടീമുകളിലെ ബ്രസീലിയന്‍ താരങ്ങളെല്ലാം കൂടി നേടിയത് 26 ഗോളുകള്‍. 23 ഗോളുകളാണ് ഇന്ത്യന്‍ താരങ്ങളുടെ സംഭാവന.
ഫ്രാന്‍സ്, സ്‌പെയിന്‍ താരങ്ങളെല്ലാം ചേര്‍ന്ന് 22 ഗോളുകള്‍ നേടി. ഇതവര്‍ തുല്യമായി വീതം വെക്കുന്നു (11-11).
56 മത്സരങ്ങളില്‍ നിന്ന് ആകെ വീണത് 121 ഗോളുകള്‍. ടോപ് സ്‌കോറര്‍ സ്ഥാനത്തുള്ളത് ചെന്നൈയിന്‍ എഫ് സിയുടെ ബ്രസീലിയന്‍ എലാനോ ബ്ലൂമറാണ്. പരുക്കേറ്റ് അവസാന ഘട്ട മത്സരങ്ങളില്‍ നിന്ന് പിന്‍മാറും മുമ്പ് എലാനോ നേടിയത് എട്ട് ഗോളുകളാണ്.
ഡല്‍ഹി ഡൈനാമോസിന്റെ ബ്രസീലിയന്‍ താരം ഗുസ്താവോ ഡോ സാന്റോസ് അഞ്ച് ഗോളുകളുമായി തൊട്ടു പിറകില്‍. നാല് ഗോളുകള്‍ വീതം നേടിയ ആന്ദ്രെ സാന്റോസ് (എഫ് സി ഗോവ), ബ്രൂണോ പെലിസാരി (ചെന്നൈയിന്‍) എന്നിവരും ബ്രസീലിന്റെ കരുത്തറിയിക്കുന്നു.
മുംബൈ സിറ്റി എഫ് സിയുടെ ആന്ദ്രെ മോറിറ്റ്‌സ് മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെ സിറ്റി എഫ് സിക്കെതിരെ മാത്രമാണ് ഗോളടിച്ചത്. അതാകട്ടെ ഹാട്രിക്കും. നോര്‍ത്ത് ഈസ്റ്റിന്റെ കാസ്‌ട്രോയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പെഡ്രോ ഗുസമാവോയും ഓരോ ഗോളുകള്‍ വീതം നേടി.
ഇന്ത്യന്‍ താരങ്ങളില്‍ രണ്ട് പേര്‍ മൂന്ന് ഗോള്‍ വീതം നേടി മുന്‍നിരയിലുണ്ട്. എഫ് സി ഗോവയുടെ റോമിയോ ഫെര്‍നാണ്ടസ്, ചെന്നൈയിന്‍ എഫ് സിയുടെ ജെജെ എന്നിവര്‍. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ബല്‍ജിത് സാഹ്നിയും കവിന്‍ ലോബോയും രണ്ട് ഗോളുകള്‍ വീതം നേടി.
ഫ്രാന്‍സിന്റെ 11 ഗോളുകള്‍ ഇവരിലൂടെ: 2 ഗോളുകള്‍ – യൂനെസ് ബെന്‍ഗെലോന്‍, ഗ്രിഗറി അര്‍നോലിന്‍ (ഇരുവരും എഫ് സി ഗോവ), നികോളാസ് അനെല്‍ക (മുംബൈ സിറ്റി എഫ് സി), ഡേവിഡ് ട്രെസഗെ (എഫ് സി പൂനെ സിറ്റി); ~ഒരു ഗോള്‍ വീതം – ബെര്‍നാഡ് മെന്‍ഡി (ചെന്നൈയിന്‍ എഫ് സി), ജൊഹാന്‍ ലെസെല്‍റ്റര്‍ (മുംബൈ സിറ്റി എഫ് സി), റോബര്‍ട് പിറസ് (എഫ് സി ഗോവ).
സ്‌പെയിനിന്റെ 11 ഗോളുകള്‍ ഇവരിലൂടെ : നാല് ഗോളുകള്‍ – കോകെ (നോര്‍ത്ത് ഈസ്റ്റ്); രണ്ട് ഗോളുകള്‍ – ലൂയിസ് ഗാര്‍സിയ (അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത), ബൊയ ഫെര്‍നാണ്ടസ്, ജോഫ്രി, അര്‍നാല്‍ ലിബെര്‍ട് (അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത); ഒരു ഗോള്‍ വീതം – ക്രിസ്റ്റ്യന്‍ ഹിദാല്‍ഗോ (ചെന്നൈയിന്‍ എഫ്‌സി), ബ്രൂണോ അരിയസ്(ഡല്‍ഹി ഡൈനാമോസ്).