മലബാര്‍ സിമന്റ്‌സ് മുന്‍ എക്‌സി. സെക്രട്ടറി പി സൂര്യനാരായണന്റെ നടപടികളില്‍ ക്രമക്കേടെന്നാരോപിച്ച് നല്‍കിയ പരാതി സര്‍ക്കാര്‍ തള്ളി

Posted on: December 13, 2014 10:53 am | Last updated: December 13, 2014 at 10:53 am

പാലക്കാട്: അഴിമതിക്കേസിനെ തുടര്‍ന്ന് മലബാര്‍ സിമന്റ്‌സില്‍നിന്നു പിരിച്ചുവിടപ്പെട്ട മുന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി പി സൂര്യനാരായണന്‍ സിമന്റ്‌സിലെ നടപടികളില്‍ ക്രമക്കേടാരോപിച്ചു നല്‍കിയ പരാതി സര്‍ക്കാര്‍ തള്ളി.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരാതിയില്‍ വ്യവസായ വകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണു നടപടി.
കമ്പനിയില്‍ 14 കോടി രൂപ ചെലവില്‍ മലിനീകരണ നിയന്ത്രണ സംവിധാനം (ആര്‍ എ ബി എച്ച്) നിര്‍മിച്ചതില്‍ അഴിമതി നടന്നെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണു പി സൂര്യനാരായണനെ പിരിച്ചുവിട്ടത്.
അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച അദ്ദേഹം സിമന്റ് മില്ലിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു നടപടിയെന്നും ബോധിപ്പിച്ചു. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരനില്‍നിന്നു നേരിട്ടു മൊഴിയെടുത്തു മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
തെളിവെടുപ്പില്‍ തന്നെ സ്ഥാപനത്തില്‍ നിന്നുപിരിച്ചുവിട്ട കാര്യം മാത്രമാണു സൂര്യനാരായണന്‍ പറഞ്ഞത്. സിമന്റ് മില്ലിലെ ഇടപാടുകള്‍ മാര്‍ഗനിര്‍ദേശമനുസരിച്ചുമാത്രമാണെന്നും അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്നാണു വ്യവസായ സെക്രട്ടറി പരാതി തള്ളിയത്.