നാഷനല്‍ അഗ്രിഫെസ്റ്റ് 2014: പ്രദര്‍ശന പന്തലുകള്‍ ഒരുങ്ങുന്നു

Posted on: December 13, 2014 10:42 am | Last updated: December 13, 2014 at 10:42 am

മാനന്തവാടി: കൃഷിവകുപ്പിന്റെയും, വിവിധ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഈ മാസം 19 മുതല്‍ 26 വരെ വള്ളിയൂര്‍ക്കാവില്‍ നടക്കുന്ന അഗ്രിഫെസ്റ്റിനായി പ്രദര്‍ശനപന്തലുകള്‍ ഒരുങ്ങുന്നു.
പന്തലുകളുടെ നിര്‍മ്മാണം മൈതാനിയില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 17നകം പണി പൂര്‍ത്തായാക്കുകയാണ് ലക്ഷ്യം. മേളയില്‍ എത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കാനും വൈവിധ്യമായ കാഴചകള്‍ ഒരുക്കുന്നതിനുമായി അമ്പതിനായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് പ്രദര്‍ശന ശാലകള്‍ സജ്ജീകരിക്കുന്നത്. ഇതില്‍ പതിനായിരം ചതുരശ്ര അടി കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കാണ് അനുവദിച്ചിട്ടുള്ളത്. മൂവായിരം ചതുരശ്ര അടി ഐ. എസ്.ആര്‍.ഒക്കും വ്യോമശാസ്ത്ര പ്രദര്‍ശനത്തിനുമാണ്. വിവിധ വിഭാഗം ജനങ്ങള്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ കാഴചയും പുതുതലമുറയ്ക്ക് അന്യമായ ഒട്ടനവധി കാര്‍ഷിക ഉപകരണങ്ങളുടെ ശേഖരവുമായിരിക്കും മേളയുടെ മറ്റെരു ആകര്‍ഷണം. വയനാടിന്റെ ചരിത്ര സമ്പന്നത വിളിച്ചോതുന്ന പുരാവസ്തു പ്രദര്‍ശനവും സംസ്ഥാന പുരാവസ്തു വകുപ്പ് ഒരുക്കുന്നുണ്ട്. നൂതന സാങ്കേതിക വിദ്യയെക്കുറിച്ചുളള പ്രദര്‍ശനശാല ശാസ്ത്ര വിദ്യാഥികള്‍ക്ക് ഏറെ പ്രയോജനമാകും. വിക്രം സാരാഭായ് സ്‌പേസ് സെന്ററുമായി സഹകരിച്ച് വിദ്യാര്‍ഥികളുടെ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും തുടര്‍ന്ന് ശാസ്ത്രജ്ഞരുമായി മുഖാമുഖം പരിപാടി നടത്താനും മേളയില്‍ അവസരം ഒരുക്കുന്നുണ്ട്.
റിസപ്ഷന്‍, ഓഫീസ്, വി െഎ പി റും, കോണ്‍ഫറന്‍സ് സെന്റര്‍, സെമിനാര്‍ ഹാള്‍, മീഡിയ സെന്റര്‍, തുടങ്ങിയവയും മുഖ്യ പ്രദര്‍ശന ശാലയുടെ ഭാഗമായി സജീകരിക്കുന്നുണ്ട്. ഉദ്ഘാടന- സമാപന ചടങ്ങുകളും ദിവസവും വൈകിട്ട് ആറു മുതല്‍ നടക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കുന്നതിനുള്ള വേദി താഴെക്കാവിന് സമീപമായാണ് ഒരുക്കുന്നത്. മുപ്പതിനായിരം വാട്ട്‌സിന്റെ അത്യാധുനിക ശബ്ദ സംവിധാനമാണ് പരിപാടികള്‍ക്കായി സജ്ജീകരിക്കുന്നത്. രണ്ടായിരത്തിലധികം ആളുകള്‍ക്ക് ഇരിപ്പിട സൗകര്യം ഉണ്ടാവും. മുഖ്യ പ്രദര്‍ശന നഗരിക്ക് എതിര്‍വശത്ത് പുഴയോരത്താണ് കാര്‍ണിവെല്‍ നടക്കുക. പെറ്റ് ഷോ, കന്നുകാലി പ്രദര്‍ശനം തുടങ്ങിയവയും ഇതിനോട് ചേര്‍ന്നാണ് നടക്കുക.
ആയിരത്തിലേറെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. കിര്‍ത്താഡ്‌സിന്റെ തനതു ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളില്‍ ജില്ലയില്‍ നിന്നും പുറത്തു നിന്നുമായി നിരവധി മുന്‍നിര കാറ്ററിംഗ് യൂണിറ്റുകള്‍ അണിനിരക്കുന്ന ഭക്ഷ്യമേളയും അഗ്രിഫെസ്റ്റിന്റെ ഭാഗമായി നടക്കും.
നോണ്‍ വെജ് വിഭവങ്ങള്‍ കൂടി ലഭ്യമാക്കുന്നതിനായി വള്ളിയൂര്‍ക്കാവ് ദേവസ്വം ഭൂ അതിര്‍ത്തിക്ക് പുറത്തുള്ള സ്ഥലത്തായിരിക്കും ഭക്ഷ്യമേള ഒരുക്കുക.
ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും സ്വകാര്യ നഴ്‌സറികളും ചേര്‍ന്ന് അതിവിപുലമായി ഒരുക്കുന്ന പുഷ്പ ഫല സസ്യ മേളയും വേറിട്ട ആകര്‍ഷണമായിരിക്കും. കൃഷി മൃഗസംരക്ഷണ വിഷയങ്ങളിലൂന്നി നിത്യവും നടക്കുന്ന സെമിനാറുകളും കാര്‍ഷിക ചലച്ചിത്ര മേളയും മേളയുടെ അക്കാദമിക് മൂല്യത്തിന് മാറ്റ് കൂട്ടും.നാഷണല്‍ അഗ്രിഫെസ്റ്റ് 2014 വയനാടിന് മറക്കാനാവാത്ത അനുഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.