Connect with us

Kerala

'ഇസ്‌ലാമിക്' ബേങ്കിംഗ് തട്ടിപ്പ് കേസിലെ പ്രതി ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ടു

Published

|

Last Updated

കാസര്‍കോട്: മതചിഹ്നങ്ങളും ഖുര്‍ആന്‍ വാക്യങ്ങളും ദുരുപയോഗം ചെയ്ത് സ്വര്‍ണവും വസ്തു ആധാരങ്ങളും തട്ടിയെടുത്ത് കോടികള്‍ സമ്പാദിച്ച കൊണ്ടോട്ടി തുറയ്ക്കല്‍ സ്വദേശി ജലാലുദ്ദീന്‍ (30) പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്നാണ് ജലാലുദ്ദീന്‍ പുലര്‍ച്ചെ രക്ഷപ്പെട്ടത്. പുലര്‍ച്ചെ 2.30 ഓടെ തന്ത്രപൂര്‍വം സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇയാളെ അടച്ചിട്ടിരുന്ന സെല്ലിന്റെ വാതിലുകള്‍ പൂട്ടാതിരുന്നതാണ് പ്രതി രക്ഷപ്പെടാനിടയാക്കിയത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കാസര്‍കോട് നഗരം മുഴുവന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ജലാലുദ്ദീനെ പിടികൂടുന്നതിന് ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും സംശയമുള്ള വാഹനങ്ങളിലും പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. സ്വര്‍ണത്തിന് പലിശരഹിത വായ്പ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞാണ് ജലാലുദ്ദീന്‍ സംസ്ഥാനത്തുടനീളം വ്യാപകമായ തട്ടിപ്പ് നടത്തിയത്.

തട്ടിപ്പിന് മറയായി ഫറോക്ക് റെയില്‍വേ സ്റ്റേഷനടുത്ത് ഫറൂഖ് ആശുപത്രി കോംപ്ലക്‌സില്‍ ലൈഫ് ലൈന്‍ ബേങ്കേഴ്‌സ് ഓഫ് മലബാര്‍ എന്ന പേരില്‍ ജലാലുദ്ദീന്‍ സ്ഥാപനം തുടങ്ങിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ജലാലുദ്ദീന്‍, പഴയ സ്വര്‍ണം വിലക്കെടുത്ത് വന്‍കിട ജ്വല്ലറികള്‍ക്ക് കൈമാറുന്ന ബിസിനസും നടത്തിവന്നിരുന്നു. ഇതിനിടയിലാണ് പുതിയ തട്ടിപ്പുമായി രംഗത്തിറങ്ങിയത്. ജലാലുദ്ദീന്റെ തട്ടിപ്പിനിരയായ ബിസിനസ് പാര്‍ട്ണര്‍ പെരിമുഖം കള്ളിത്തൊടി സ്വദേശിയായ മുസ്തഫയെ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ ജലാലുദ്ദീനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലിശരഹിത വായ്പ തട്ടിപ്പിന് കാസര്‍കോട് ജില്ലയിലും കളമൊരുക്കാന്‍ നീക്കം തുടങ്ങിയപ്പോഴാണ് ഇയാള്‍ പോലീസ് കസ്റ്റഡിയിലായത്. സ്വര്‍ണം നല്‍കി വഞ്ചിതരായവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. ഒരു പവന് പതിനായിരം രൂപ വരെ പലിശരഹിത വായ്പ നല്‍കിയാണ് ജലാലുദ്ദീന്‍ തട്ടിപ്പിന് തുടക്കം കുറിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ തട്ടിപ്പ് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരവെയാണ് യുവാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. പ്രതി ലോക്കപ്പ് ചാടിയ വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് സ്റ്റേഷനിലെത്തി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ നടപടി വന്നേക്കുമെന്ന് സൂചനയുണ്ട്.