ബാര്‍ കോഴയും നിമയത്തിന്റെ വഴിയും

Posted on: December 13, 2014 5:54 am | Last updated: December 12, 2014 at 7:56 pm

k m mani”അഴിമതി ഒരു ക്രിമിനല്‍ കുറ്റമാണ്. മറ്റ് കുറ്റകൃത്യങ്ങളെക്കാള്‍ വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നത്. പൗരന്‍മാര്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ ജനാധിപത്യ ചട്ടക്കൂടിനോട് വിരക്തിയും രോഷവും ഉളവാക്കാനുതകുന്ന തരത്തിലുള്ള പ്രവൃത്തിയാണ് അഴിമതി. നൂറ് രൂപയായാലും നൂറു കോടി രൂപയായാലും അഴിമതിയിലൂടെ പണം സമ്പാദിക്കുന്നത് സാമൂഹികവിരുദ്ധവും ജനാധിപത്യ വിരുദ്ധവും, ദേശവിരുദ്ധവുമാണെന്ന ബോധം എല്ലാവരിലും ഉണ്ടാകണം.”

ലോക അഴിമതി വിരുദ്ധദിനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എഴുതിയ ലേഖനത്തില്‍ നിന്നാണ് ഈ വരികള്‍. ബാര്‍ കോഴ കേസില്‍ കെ എം മാണി പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ഈ വാക്കുകള്‍ക്ക് പ്രസക്തിയേറെയാണ്. ഇന്നലെ വരെ ബാര്‍ കോഴ വെറും ആരോപണമായിരുന്നെങ്കില്‍ ഇന്ന് അത് കോഴക്കേസായി മാറിയിരിക്കുകയാണ്. കെ എം മാണി ഇതുവരെ ആരോപണ വിധേയനായിരുന്നെങ്കില്‍ ഇന്ന് കേസിലെ പ്രതിയായിരിക്കുന്നു. കേരളാ കോണ്‍ഗ്രസിലെ ഒന്നാമന്‍. മന്ത്രിസഭയിലെ മൂന്നാമന്‍. ധനം പോലെ പ്രധാനവകുപ്പ് കൈകാര്യം ചെയ്യുന്നൊരു മന്ത്രി. ഇങ്ങനെയൊരാള്‍ ആ പദവിയില്‍ തുടരുമ്പോള്‍ നീതി പൂര്‍വകമായൊരു അന്വേഷണം സാധ്യമാകുമോയെന്ന വലിയ ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
മാണിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം ദുര്‍ബലമല്ല. അഴിമതി നിരോധ നിയമത്തിലെ ഏഴ്, 13(1)(ഡി) വകുപ്പുകള്‍ പ്രകാരമാണു കേസ്. പൊതു പ്രവര്‍ത്തകന്‍ പണം ചോദിച്ചു വാങ്ങുക, ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ദുഷ്പ്രവൃത്തി ചെയ്യുക എന്നീ കുറ്റങ്ങളാണ് ഈ വകുപ്പില്‍. ഒന്നു മുതല്‍ ഏഴു വരെ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയെന്ന കുറ്റം ചുമത്തപ്പെട്ട വ്യക്തി ഇനി ഇതിന്മേല്‍ നടക്കുന്ന അന്വേഷണത്തില്‍ ഈ പദവി ദുരുപയോഗപ്പെടുത്തില്ലെന്ന് ആര്‍ക്ക് സാക്ഷ്യം പറയാന്‍ കഴിയും?
വിജിലന്‍സ് കേസുകള്‍ പുതുമയുള്ളതല്ല. പ്രത്യേകിച്ച് പൊതുപ്രവര്‍ത്തകര്‍ക്ക്. സംസ്ഥാനമന്ത്രിസഭയിലും പ്രതിപക്ഷത്തുമെല്ലാം സമാന അന്വേഷണം നേരിടുന്നവര്‍ വേറെയുമുണ്ട്. അവരൊന്നും രാജി വെച്ചിട്ടില്ല. ഈ വാദമാണ് രാജി ആവശ്യത്തെ പ്രതിരോധിക്കുന്നവര്‍ പറയുന്നത്. വസ്തുത മറിച്ചാണ്. മന്ത്രിസഭയിലെ മറ്റുള്ളവര്‍ക്കും മാണിക്കുമെതിരായ കേസുകള്‍ താരതമ്യപ്പെടുത്താനാകില്ല. കോടതിയില്‍ സമര്‍പ്പിക്കപ്പെടുന്ന സ്വകാര്യ അന്യായങ്ങളില്‍ നിര്‍ദേശിക്കപ്പെടുന്ന അന്വേഷണങ്ങളാണ് അതില്‍ ചിലത്. മന്ത്രിയായിരിക്കെ നടപ്പാക്കിയ പദ്ധതികള്‍ വഴി സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിച്ചെന്ന് പിന്നീട് വരുന്ന സര്‍ക്കാറുകള്‍ കണ്ടെത്തി പ്രഖ്യാപിക്കുന്ന അന്വേഷണങ്ങളാണ് മറ്റു ചിലത്. ഈ രണ്ട് ഗണത്തിലും വരുന്നതല്ല മാണിക്കെതിരായ കേസ്. കൈക്കൂലി വാങ്ങിയതിനാണ് കെ എം മാണി പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. ബാര്‍ ഹോട്ടല്‍ ഉടമകളോട് മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി രൂപ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് കൈപ്പറ്റിയെന്നും കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറില്‍ വിജിലന്‍സ് കൃത്യമായി പറയുന്നുണ്ട്. 42 ദിവസം നീണ്ട ക്വിക്ക് വെരിഫിക്കേഷന് ഒടുവിലാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് വിജിലന്‍സ് എത്തുന്നതും എഫ് ഐ ആര്‍ സമര്‍പ്പിക്കുന്നതും.
കെ എം മാണി രാജിവെക്കേണ്ടതില്ലെന്നും കോടതി ഉത്തരവുകളാല്‍ എഫ് ഐ ആര്‍ ചുമത്താന്‍ നിര്‍ബന്ധിതമായെന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാട്. മറ്റൊരു തരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉയര്‍ത്തുന്ന വാദവും ഇതുതന്നെ. ലളിതകുമാരി -യു പി സര്‍ക്കാര്‍ കേസില്‍ ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ചീഫ്ജസ്റ്റിസായിരിക്കെ അദ്ദേഹം ഉള്‍പ്പെട്ട ഭരണഘടനാ ബഞ്ചിന്റെ വിധിന്യായം മുന്‍നിര്‍ത്തിയാണ് രമേശിന്റെ വാദഗതികള്‍. ലളിതകുമാരിയും യു പി സര്‍ക്കാരും തമ്മിലുള്ള കേസില്‍ 2013 നവംബര്‍ 12ന്റെ സുപ്രീം കോടതി ഉത്തരവ് പ്രകാരം അഴിമതിയാരോപണം സംബന്ധിച്ച പരാതി കിട്ടിയാല്‍ അതില്‍ കോഗ്‌നിസബിള്‍ ഒഫന്‍സിന്റെ അംശമുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം എഫ് ഐ ആര്‍ ഇടണമെന്നാണ്. കൈക്കൂലിക്കേസ് ഉള്‍പ്പെടെ അഞ്ച് തരത്തിലുള്ള കേസുകള്‍ക്ക് ഈ വിധി ബാധകമാണ്. അതിനാല്‍ എഫ് ഐ ആര്‍ എടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥനെതിരെ കോടതിക്ക് നടപടിയെടുക്കാവുന്ന സാഹചര്യമുണ്ടാകുമെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്.
അതേസമയം, ഈ കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി കൂടി ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ലളിതകുമാരി കേസിലെ ഭരണഘടനാ ബഞ്ച് വിധിയനുസരിച്ച് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയ ശേഷം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. കേസെടുക്കണോ, വേണ്ടയോയെന്ന് ഡയറക്ടര്‍ക്ക് തീരുമാനിക്കാമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറുമായി കൂടിയാലോചന വേണ്ടെന്നും ഈ ഉത്തരവിലുണ്ട്.
ഹൈക്കോടതിയുടെ ഈ നിര്‍ദേശവും എഫ് ഐ ആറില്‍ വിജിലന്‍സ് ചൂണ്ടിക്കാട്ടുന്ന വസ്തുതകളും പരിശോധിച്ചാല്‍ ‘നിര്‍ബന്ധിത സാഹചര്യത്തിലെ’ ചില ശരികേടുകള്‍ ബോധ്യമാകും. കെ എം മാണി കോഴ വാങ്ങിയോ ഇല്ലയോ എന്ന് ഇതുവരെ വിജിലന്‍സ് പരിശോധിച്ചിട്ടില്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്.
എന്നാല്‍, 2014 മാര്‍ച്ച് 20നും ഏപ്രില്‍ മൂന്നിനുമിടെ പാലായിലെ വസതിയിലും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലുമായി അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നും മാണി പണം കൈപ്പറ്റിയെന്ന് എഫ് ഐ ആര്‍ പറയുന്നു. സാക്ഷിമൊഴികള്‍, ബാങ്കില്‍ നിന്നു പണം പിന്‍വലിച്ചതിന്റെ രേഖകള്‍, മൊബൈല്‍ ഫോണ്‍ കോള്‍, മറ്റു രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍, സുപ്രീം കോടതി വിധിയിലെ മാനദണ്ഡപ്രകാരം, കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതാണെന്നും കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറിലുണ്ട്. ചുരുക്കത്തില്‍, ലഭ്യമായ വിവരങ്ങളില്‍ മാണിക്കെതിരെ തെളിവുണ്ടെന്നതിന്റെ ബോധ്യത്തിലാണ് കേസെടുത്തതെന്ന് സാരം.
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും കെ എം മാണി കുറ്റം ചെയ്തിട്ടുണ്ടോയെന്ന് തെളിയേണ്ടത് ഇനിയുള്ള അന്വേഷണത്തിലാണ്. മന്ത്രിപദവിയില്‍ ഇരുന്ന് കൊണ്ട് എങ്ങനെ ഈ അന്വേഷണം എന്നതാണ് ഉയരുന്ന ചോദ്യം. ടി ഒ സൂരജും രാഹുല്‍ ആര്‍ നായരും സമാനമായ കേസില്‍ പ്രതികളായപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ ഒരു മടിയും കാണിച്ചിട്ടില്ല. പദവിയില്‍ ഇരുന്നുകൊണ്ട് അവരെ ചോദ്യം ചെയ്യുന്നതിനുള്ള പരിമിതിയാണിതിന്റെ കാരണം. അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ മന്ത്രിയെ ചോദ്യം ചെയ്യേണ്ടി വരും. അറസ്റ്റ് ആവശ്യമായി വന്നാല്‍ അതും വേണം. തൊണ്ടിമുതല്‍ പിടിച്ചെടുക്കണം. കൈക്കൂലി പണമാണ് ഇവിടെ തൊണ്ടി മുതല്‍. മന്ത്രി ഓഫീസിലും മാണിയുടെ വീട്ടിലും വിജിലന്‍സിന് എങ്ങനെ റെയ്ഡ് ചെയ്യാന്‍ കഴിയും? ഇതിനപ്പുറമാണ് ധാര്‍മിക പ്രശ്‌നം. കെ എം മാണിയുടെ തന്നെ നേതാവ് പി ടി ചാക്കോ ഒരാരോപണം വന്നപ്പോള്‍ രാജിവെച്ചാണ് അന്വേഷണം നേരിട്ടത്.
പാര്‍ലിമെന്റില്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയില്‍ ഒരു പരാമര്‍ശം വന്നതിനാണ് എ കെ ആന്റണി രാജിവച്ചത്. കെ കരുണാകരനും രാമചന്ദ്രന്‍ മാസ്റ്ററും കോടതിയില്‍ നിന്ന് ഒരു പരാമര്‍ശമുണ്ടായപ്പോഴാണ് രാജിവെച്ചത്. നാക്കുപിഴയുടെ ഇരയായിട്ടാണ് ആര്‍ ബാലകൃഷ്ണപിള്ളക്ക് സ്ഥാനം ത്യജിക്കേണ്ടി വന്നത്. മാണിയുടെ തന്നെ പാര്‍ട്ടിക്കാരായ പി ജെ ജോസഫും ടി യു കുരുവിളയും രാജിവെച്ചൊഴിഞ്ഞത് വെറും ആരോപണങ്ങളുടെ പേരിലായിരുന്നു. ഇതൊക്കെ പ്രതിപക്ഷം നിയമസഭയില്‍ വ്യക്തമായി ഉന്നയിക്കുകയുമുണ്ടായി.സാങ്കേതികത്വത്തില്‍ പിടിച്ചുതൂങ്ങുന്നത് യുക്തിയല്ല. സാധാരണ ജനങ്ങള്‍ക്ക് രാഷ്ട്രീയ ഔദ്യോഗിക സംവിധാനങ്ങളിലുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെടുത്താന്‍ മാത്രമേ ഈ വാദങ്ങള്‍ ഉപകരിക്കൂ.