Connect with us

Gulf

ഇന്ത്യ-യു എ ഇ നിക്ഷേപ സംഗമങ്ങള്‍ നടത്തും

Published

|

Last Updated

ദുബൈ: ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ കണ്ടെത്താന്‍ യു എ ഇ വാണിജ്യ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥര്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം പറഞ്ഞു. സിറാജ് പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് സര്‍ക്കാറിന്റെ പദ്ധതികളിലെ സാധ്യത തേടിയാണ് സംഘം പ്രധാനമായും ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഡല്‍ഹിയില്‍ വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തും. മുംബൈ-ഡല്‍ഹി കോറിഡോര്‍ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ അബുദാബി സര്‍ക്കാറിന്റെ നിക്ഷേപ വിഭാഗമായ അദിയ്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദാംശങ്ങള്‍ അവര്‍ക്ക് ലഭ്യമായിട്ടുണ്ട്. മുംബൈ, ഡല്‍ഹി നഗരങ്ങള്‍ക്കിടയില്‍ ഏഴ് നഗരങ്ങളാണ് വരാന്‍ പോകുന്നത്.
കേന്ദ്ര വാണിജ്യമന്ത്രി അടുത്തമാസം യു എ ഇ സന്ദര്‍ശിക്കുന്നുണ്ട്. അവര്‍ യു എ ഇ വാണിജ്യ മന്ത്രിയുമായി ചര്‍ച്ച നടത്തും. ഇന്ത്യയില്‍ വലിയ തോതില്‍ നിക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ് യു എ ഇയുടെ വിവിധ നിക്ഷേപ വിഭാഗങ്ങള്‍.
പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫില്‍ നിന്നുള്ള ഇന്ത്യന്‍ സ്ഥാനപതിമാര്‍ പങ്കെടുക്കും. ഇത് സംബന്ധിച്ച് പ്രവാസികാര്യ വകുപ്പില്‍ നിന്ന് സൂചന ലഭിച്ചിട്ടുണ്ട്. എം എ യൂസുഫലി പ്രത്യേക ക്ഷണിതാവായിരിക്കും. ഗള്‍ഫിലെ ഇന്ത്യക്കാരെ സംബന്ധിച്ച് പ്രവാസി ഭാരതീയ ദിവസില്‍ ചര്‍ച്ച നടക്കുമെന്നാണ് ലഭ്യമായിട്ടുള്ള വിവരം.
കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യം കാണിച്ച് നിരവധി രാജ്യാന്തര കമ്പനികള്‍ രംഗത്തുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനം പ്രധാന പ്രശ്‌നമാണ്. മികച്ച ഗതാഗത സൗകര്യമില്ലെങ്കില്‍ അവരെ കേരളത്തിലെത്തിക്കാന്‍ കഴിയില്ലെന്ന് ടി പി സീതാറാം പറഞ്ഞു.

Latest