‘നന്മ’ അറബിയില്‍ പ്രസിദ്ധീകരിച്ചു

Posted on: December 12, 2014 5:25 pm | Last updated: December 12, 2014 at 5:25 pm

nanmaഅബുദാബി: യു എ ഇ ദേശീയ ദിനാഘോഷ വേളയില്‍ രാജ്യത്തിന് പ്രണാമമര്‍പ്പിച്ച് മലയാളി എഴുതിയ കവിത അബുദാബി പോലീസിന്റെ മാസികയായ ‘999’ല്‍ ഇടം നേടി.
അബുദാബിയിലെ സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകനായ പയ്യന്നൂര്‍ സ്വദേശി വി ടി വി ദാമോദരന്‍ 2011ലെ ദേശീയ ദിനാഘോഷ വേളയില്‍ ‘സിറാജ്’ ദിനപത്രത്തിലെഴുതിയ നന്മ എന്ന കവിതയാണ് അറബിയിലേക്ക് ഭാഷാന്തരപ്പെടുത്തി 999ന്റെ ഡിസംബര്‍ ലക്കം ദേശീയ ദിനാഘോഷ പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മരുഭൂമിയായിരുന്ന ഒരു പ്രദേശത്തെ മലര്‍വാടിയാക്കിമാറ്റിയ മഹാരഥന്മാര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് കൊണ്ട് എഴുതിയ പൊന്‍തൂവല്‍ എന്ന കവിതയാണ് ‘ഇമാറാത്തില്‍ അര്‍ളില്‍ ഖൈര്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നന്മ എന്ന കവിത പുറത്തിറങ്ങിയതിന് ശേഷം യു എ ഇയിലെ മലയാളികളുടെ നിയന്ത്രണത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷ പരിപാടികളിലെല്ലാം കവിത നിറസാന്നിധ്യമാണ്. അറബി കവിത വായിച്ച് നിരവധി സ്വദേശികളും വിദേശികളും പ്രശംസിച്ചതായി വി ടി വി ദാമോദരന്‍ പറഞ്ഞു. സുഹൃത്തിന്റെ സഹായത്തോടെയാണ് കവിത അറബിയിലേക്ക് മൊഴിമാറ്റിയത്. സ്‌കൂള്‍ വിദ്യാര്‍ഥിനി രേവതി രാജന്‍ ഈണമിട്ട് ‘നന്മ’ വിവിധ വേദികളില്‍ ആലപിക്കുന്നുണ്ട്.
സ്വന്തം നാടിനേയും നാട്ടുകാരേയും സ്‌നേഹിക്കന്നത് പോലെ വിദേശികളെ സ്‌നേഹിക്കുകയും അവരെ സ്വീകരിച്ച് നമ്മുടെ രാജ്യത്തിന്റെ ഭാഗമാക്കുകയും ചെയ്ത യു എ ഇ ഭരണാധികാരികള്‍ക്കുള്ള ആദരവാണ് വി ടി വിയുടെ വരികളിലുള്ളത്.