ശാരദ ചിട്ടി തട്ടിപ്പ്: ബംഗാള്‍ മന്ത്രി അറസ്റ്റില്‍

Posted on: December 12, 2014 5:16 pm | Last updated: December 13, 2014 at 10:10 am

madan mithraകൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ മദന്‍ മിത്രയെ സി ബി ഐ അറസ്റ്റ് ചെയ്തു. ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി ബി ഐ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ആദ്യമായാണ് ബംഗാളിലെ മന്ത്രി അറസ്റ്റിലാകുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായി കൂടിയാണ് മദന്‍ മിത്ര. ശാരദ ഗ്രൂപ്പ് മേധാവി സുധീപ്ത സെന്നുമായി മിത്രക്കുള്ള ബന്ധവും തട്ടിപ്പിലുള്ള പങ്കിനെക്കുറിച്ചുമാണ് സി ബി ഐ പ്രധാനമായും ചോദിച്ചറിഞ്ഞത്.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മിത്രക്കെതിരെ കേസെടുക്കുന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് സി ബി ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി മിത്രയെ ഇത് രണ്ടാം തവണയാണ് സി ബി ഐ വിളിച്ചുവരുത്തുന്നത്. കഴിഞ്ഞ മാസം ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സി ബി ഐ മുമ്പാകെ ഹാജരായിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിക്കുകയും സി ബി ഐ മുമ്പാകെ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് മിത്ര നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശാരദാ ഗ്രൂപ്പ് നടത്തിയ നിരവധി ചടങ്ങുകളില്‍ അതിഥിയായെത്തിയ മിത്ര, സുധീപ്ത സെന്നുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് സി ബി ഐ പറയുന്നു.
മദന്‍ മിത്രയെ അറസ്റ്റ് ചെയ്തത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ ആഘാതമായിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എം പിമാരായ സ്രിന്‍ജോയ് ബോസ്, കുനാല്‍ ഘോഷ് എന്നിവരെ നേരത്തെ ശാരദ തട്ടിപ്പ് കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് ബോസിനെ അറസ്റ്റ് ചെയ്തത്. കുനാല്‍ ഘോഷ് ഒരു വര്‍ഷത്തിലധികമായി തടവിലാണ്. ഘോഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ടെക്‌സ്റ്റൈല്‍ മന്ത്രി ശ്യാമപദ മുഖര്‍ജിയെ നേരത്തെ സി ബി ഐ ചോദ്യം ചെയ്തിട്ടുണ്ട്.