Connect with us

Kozhikode

പത്ത് ശസ്ത്രക്രിയ ഏറ്റുവാങ്ങിയ ശരീരവുമായി സ്വാദിഖ്‌

Published

|

Last Updated

കോഴിക്കോട്: സ്വാദിഖ് അലി. വയസ്സ് 17, ശസ്ത്രക്രിയ 10. യാതനകളുടെ നടുവിലാണിന്ന് സ്വാദിഖ്. മലപ്പുറം കുറ്റിപ്പുറം ആശുപത്രിപ്പടിയില്‍ തോട്ടത്തില്‍ സ്വാദിഖിന് ഏഴാം വയസ്സില്‍ തുടങ്ങിയ ശക്തമായ വയറുവേദനയും ഛര്‍ദിയും പിന്നീട് പല രോഗങ്ങളായി പ്രത്യക്ഷപ്പെടുകയായിരുന്നു.

ചെറുകുടലിലുണ്ടാകുന്ന അനിയന്ത്രിതമായ മുഴ മലദ്വാരത്തിലൂടെ പുറത്തേക്ക് വരുന്നതോടൊപ്പം ഛര്‍ദിയും രക്തസ്രാവവുമായിരുന്നു രോഗത്തിന്റെ തുടക്കം. ഇതേത്തുടര്‍ന്ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പത്ത് വയസ്സിനിടക്ക് മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി. മുഴകള്‍ നീക്കം ചെയ്തു. പിന്നീട് മൂന്നര വര്‍ഷത്തോളം ഉദരത്തിന് പുറത്ത് പ്ലാസ്റ്റിക് കവര്‍ വെച്ചായിരുന്നു വിസര്‍ജനം നടത്തിയത്. തുടര്‍ന്ന് അഞ്ച് വര്‍ഷം പ്രയാസങ്ങളോടെ ജീവിതം മുന്നോട്ടുപോയെങ്കിലും മുഴ വീണ്ടും രൂപപ്പെട്ടു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് ഏഴ് ശസ്ത്രക്രിയകള്‍ കൂടി വേണ്ടിവന്നു. പീറ്റ്‌സ് ജെഗേഴ്‌സ് സിന്‍ഡ്രം എന്ന ചെറുകുടല്‍ തടസ്സപ്പെടുന്ന രോഗമാണ് സ്വാദിഖ് അലിയെ ബാധിച്ചിരിക്കുന്നതെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
രോഗത്തോടൊപ്പം ദാരിദ്ര്യവും ഒറ്റപ്പെടലും കൂടിയാകുമ്പോള്‍ സ്വാദിഖ് അലിയുടെയും ഉമ്മയുടെയും ദുരിത ജീവിതത്തിന്റെ ആഴം കൂടുന്നു. ഏതാനും വര്‍ഷം മുമ്പ് സ്വാദിഖിന്റെ ഉപ്പ ഇവരെ ഉപേക്ഷിച്ചു പോയി. കുടുംബവീട് കടക്കെണിയില്‍ പ്പെട്ട് വിറ്റു. സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ചത് സംബന്ധിച്ച് തിരൂര്‍ പോലീസില്‍ സഫിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് നടക്കുകയാണ്.
ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പന്ത്രണ്ടാം വാര്‍ഡില്‍ കഴിയുന്ന സ്വാദിഖ് അലിയും ഉമ്മ സഫിയയും ആരുടെയും കരളലിയിക്കും. മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കാരുണ്യത്തിലാണ് നിസ്സഹായരായ ഈ ഉമ്മയും മകനും കഴിയുന്നത്. സഫിയയുടെ കുടുംബവും നാട്ടുകാരും അവരാല്‍ കഴിയുന്നത് നല്‍കുന്നുമുണ്ട്. ഈ കുടുംബത്തിന്റെ അക്കൗണ്ട് നമ്പര്‍: കനറാ ബേങ്ക്, കുറ്റിപ്പുറം ബ്രാഞ്ച്: 3909101002544 (സഫിയ). ഐ എഫ് സി കോഡ്: സി എന്‍ ആര്‍ ബി 0003909.

Latest