Connect with us

Malappuram

പെരിന്തല്‍മണ്ണയിലെ ട്രാഫിക് പരിഷ്‌കാരം; കലക്ടറുടെ തീരുമാനം പുന:പരിശോധിക്കണമെന്ന്

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ട് ജില്ലാകലക്ടറെടുത്ത തീരുമാനം പുന:പരിശോധിക്കണമെന്ന് പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് ആവശ്യപ്പെട്ടു.
പെരിന്തല്‍മണ്ണ ടൗണില്‍ അങ്ങാടിപ്പുറം ഭാഗത്ത് നിന്നും എത്തുന്ന ബസുകള്‍ നാളെ മുതല്‍ നേരിട്ട് നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി കഴിഞ്ഞ ദിവസം കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന് ബന്ധപ്പെട്ടവരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ ഒരാഴ്ചയാണ് അങ്ങാടിപ്പുറത്ത് നിന്നും വരുന്ന ബസുകള്‍ നേരിട്ട് നഗരത്തില്‍ പ്രവേശിക്കുക. എന്നാല്‍ ഈ തീരുമാനം നഗരത്തിലെ ഗതാഗത കുരുക്ക് വര്‍ധിപ്പിക്കുവാനേ സഹായകരമാവൂ എന്നതാണ് നഗരസഭയുടെ വാദം. കഴിഞ്ഞ ദിവസം കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് പങ്കെടുക്കുകയും നഗരസഭക്ക് ഇതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ ഗതാഗത പരിഷ്‌കാരവുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷ ചെയര്‍മാനായിട്ടുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനത്തെ അവഗണിച്ചുകൊണ്ടാണ് കലക്ടറുടെ പുതിയ തീരുമാനമെന്ന് നിഷി അനില്‍രാജ് പറഞ്ഞു.
ബസ് മുതലാളിമാരുടെ താത്പര്യം മാത്രം കണക്കിലെടുത്ത് കൊണ്ടുവന്ന ഈ തീരുമാനം പുന:പരിശോധിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു. ഈ ട്രാഫിക് പരിഷ്‌കരണം പ്രത്യാഘാതമുണ്ടാക്കുമെന്നും നഗരസഭ മുന്നറിയിപ്പ് നല്‍കി. ഗതാഗത ക്രമീകരണങ്ങളിലെ വരാനിരിക്കുന്ന മാറ്റത്തില്‍ നഗരസഭക്ക് യാതൊരു പങ്കുമില്ലെന്ന് ചെയര്‍പേഴ്‌സണ്‍ നേരത്തെ അറിയിച്ചിരുന്നു.