Connect with us

Kasargod

ബേങ്ക് തട്ടിപ്പ്: പ്രതി പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

കാസര്‍ക്കോട്: മതചിഹ്നങ്ങളും ഖുര്‍ആന്‍ വാക്യങ്ങളും ദുരുപയോഗം ചെയ്ത് സ്വര്‍ണവും വസ്തു ആധാരങ്ങളും തട്ടി കോടികള്‍ സമ്പാദിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ സ്വദേശി ജലാലുദ്ദീനെ കാസര്‍ക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇസ്‌ലാമിക് ബേങ്കിംഗ് തട്ടിപ്പിന് കാസര്‍കോട് ജില്ലയിലും കളമൊരുക്കാന്‍ നീക്കം തുടങ്ങിയ ജലാലുദ്ദീന്‍ ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ തന്റെ ഉടമസ്ഥതയിലുള്ള പലിശ രഹിത വായ്പ വാഗ്ദാനം ചെയ്ത് കൊണ്ടുള്ള സ്ഥാപനങ്ങള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് പോലീസ് കസ്റ്റഡിയിലായത്. പഴയ സ്വര്‍ണം വിലക്കെടുത്ത് വന്‍കിട ജ്വല്ലറികള്‍ക്ക് കൈമാറുന്ന ബിസിനസ്സ് കൂടിയുള്ള ജലാലുദ്ദീന്‍ സ്വര്‍ണത്തിന് പലിശ രഹിത വായ്പ എന്ന പേരിലായിരുന്നു ആളുകളില്‍ നിന്ന് പണം തട്ടിയത്. തട്ടിപ്പിന് മറയായി ഫറോക്ക് റെയില്‍വേ സ്റ്റേഷനടുത്ത് ഫറോക്ക് ആശുപത്രി കോംപ്ലക്‌സില്‍ ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍ എന്ന പേരില്‍ സ്ഥാപനം തുടങ്ങിയിരുന്നു.
ജലാലുദ്ദീനെതിരെ മലപ്പുറത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് വിവരമുള്ളതായി പോലീസ് പറഞ്ഞു. ജലാലുദ്ദീന്റെ തട്ടിപ്പില്‍ കുടുങ്ങി ബിസിനസ് പങ്കാളി പെരിമുഖം കള്ളിത്തൊടി സ്വദേശിയായ മുസ്തഫ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജലാലുദ്ദീന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക് ബേങ്ക് തട്ടിപ്പ് കാസര്‍കോട് ജില്ലയിലും വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ജില്ലയില്‍ അഞ്ച് പുതിയ സ്ഥാപനങ്ങള്‍ ആരംഭിച്ച് തട്ടിപ്പിനുള്ള ശ്രമം തുടങ്ങുന്നതിന് വേണ്ടി കഴിഞ്ഞ കുറേ നാളുകളായി നിരന്തരം ജലാലുദ്ദീന്‍ കാസര്‍ക്കോട്ടും കാഞ്ഞങ്ങാട്ടും വന്നു പോകാറുണ്ടെന്നുള്ള വിവരവും പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിനിടയില്‍ കാസര്‍കോട്ടെ ഒരു ജ്വല്ലറി ഉടമക്ക് പഴയ സ്വര്‍ണം കൈമാറിയ ഇടപാടുമായി ബന്ധപ്പെട്ട് ജലാലുദ്ദീന്‍ പണം നല്‍കാനുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. ജ്വല്ലറി ഉടമ തന്നെ കാസര്‍ക്കോട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കാസര്‍ക്കോട്ടുണ്ടായിരുന്ന ജലാലുദ്ദീനെ അന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ പരാതിക്കാരന്‍ പണം തന്നാല്‍, പരാതി പിന്‍വലിക്കാമെന്നറിയിക്കുകയും ഇത് ജലാലുദ്ദീന്‍ സമ്മതിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ജ്വല്ലറി ഉടമ പരാതി പിന്‍വലിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍, ജലാലുദ്ദീനെതിരെ പെരിമുഖം കള്ളിത്തൊടി സ്വദേശിയായ മുസ്തഫയുടെ മരണവുമായി ബന്ധപ്പെട്ടതുള്‍പ്പടെ വിവിധ കേസുകള്‍ മലപ്പുറത്തെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇയാളെ കാസര്‍ക്കോട് പോലീസ് മലപ്പുറം പോലീസിന് കൈമാറിയതായാണ് സൂചന.

---- facebook comment plugin here -----

Latest