Connect with us

Thiruvananthapuram

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍: തൊഴില്‍ നഷ്ടമാവുന്ന സാഹചര്യമുണ്ടാവില്ല- റവന്യൂ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അവിടത്തെ തോട്ടംതൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. 29,185 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിലും ഇനി ഏറ്റെടുക്കാന്‍ ബാക്കിയുള്ള ഭൂമിയിലും തൊഴിലാളികളെ വിശ്വാസത്തിലെടുത്തുമാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോവൂ. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ തൊഴിലാളികളുടെ നിലവിലെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുകയും കൂടുതല്‍ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാവുന്ന മുറക്ക് തൊഴിലാളി സംഘടനകളുമായി ചര്‍ച്ചക്കും സര്‍ക്കാര്‍ തയ്യാറാണെന്ന്് കെ കെ ജയചന്ദ്രന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
ഹാരിസണ്‍ പ്ലാന്റേഷനുമായി ബന്ധപ്പെട്ട് 190 ലധികം കേസുകളാണ് ഹൈക്കോടതിയില്‍ നിലവിലുള്ളത്. ഇതില്‍ നല്ലൊരു ശതമാനം കേസുകളും തൊഴിലാളികളുമായി ബന്ധപ്പെട്ടതാണ്. ആനുകൂല്യം നല്‍കാതെ തൊഴിലാളികളെ തൊഴില്‍കേസുകളില്‍പ്പെടുത്തി സ്‌റ്റേ വാങ്ങി വെച്ചിരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. എന്നാലിപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നില വന്നപ്പോള്‍ തൊഴിലാള ിസംഘടനകളെ മുന്നില്‍നിര്‍ത്തി സര്‍ക്കാറുമായി വിലപേശാനാണ് അവര്‍ ശ്രമിക്കുന്നത്. തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി പൂര്‍ണമായും സര്‍ക്കാറിന് തിരിച്ചുകിട്ടേണ്ടതാണ്. ഹാരിസണ്‍ പ്ലാന്റേഷന് അനുകൂലമായി ജനുവരി 20വരെ തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും കോടതിയില്‍നിന്ന് അനുകൂലവിധി നേടിയെടുക്കുന്നതിനായി ഇടപെടല്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.