Connect with us

Kottayam

മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് കരുതാനാവില്ല: ജി സുകുമാരന്‍ നായര്‍

Published

|

Last Updated

ചങ്ങനാശ്ശേരി: കെ എം മാണി ഉള്‍പ്പെടെയുള്ള ചില മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും അഴിമതി ബോധ്യപ്പെടാതെ അവര്‍ കുറ്റക്കാരാണെന്ന് കരുതാനാകില്ലെന്നു എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഗണേഷ്‌കുമാര്‍ പറയുന്നത് അവരുടെയും മുന്നണിയുടെയും രാഷ്ട്രീയമാണെന്നും അദ്ദേഹം പെരുന്നയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ എന്‍ എസ് എസിന് പങ്കില്ല. കെ എസ് ആര്‍ ടി സിക്ക് കൂടുതല്‍ സബ്‌സിഡി നല്‍കി നിലനിര്‍ത്തേണ്ട ബാധ്യത സര്‍ക്കാറിനാണ്. സെസ്സിന്റെ പേരിലോ ചാര്‍ജ് വര്‍ധിപ്പിച്ചോ ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതിനോട് യോജിക്കാനാകില്ല. സര്‍ക്കാറുമായുള്ള അഭിപ്രായവ്യത്യാസം കുറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം എയ്ഡഡ് മേഖലയെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന അധ്യാപക വിദ്യാര്‍ഥി അനുപാതം 1:45 എന്നുള്ളത് അറുപതുവര്‍ഷം മുമ്പുള്ളതാണ്. വീടുകളെല്ലാം അണുകുടുംബമായി മാറുകയും കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തില്‍ ഇതിനു മാറ്റം വരുത്തണം. വിദ്യാഭ്യാസ മേഖലയിലെ പല നടപടികള്‍ക്കെതിരേയും യോജിക്കാവുന്നവരുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Latest